കാഴ്ചയുടെ ഒരുത്സവം കൂടി കഴിഞ്ഞ് അനന്തപുരി വീണ്ടും പതിവുചര്യകളിലേക്കു മടങ്ങുകയാണ്.! ചിരപരിചിതമായ ആവര്‍ത്തനങ്ങളില്‍ നിന്ന് ഒരു ചടുലവ്യതിയാനമായി മാറിയ എട്ടുദിനങ്ങള്‍.! പാഠ പുസ്തകത്തിലെ നിര്‍ജ്ജീവമായ ഭൂഖണ്ഡങ്ങള്‍ക്കുമപ്പുറം നമ്മെ വികാരഭരിതരാക്കുന്ന ജീവിതഖണ്ഡ ങ്ങളായി ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ മാറിയ ദിവസങ്ങള്‍.!
പുതിയ കാഴ്ചകളാല്‍, പുതിയ ജീവിതാവബോധത്താല്‍, പുതിയ വേദനകളാല്‍, പുതിയ ദര്‍ശനത്താ ല്‍, സമൃദ്ധമായിരുന്നു കേരളത്തിന്റെ 14-മതു ചലച്ചിത്രമേളയും.! കാലത്തിനൊപ്പം സിനിമയും മാറുകയാണെന്ന ബോധത്തിലേക്ക് പ്രേക്ഷകരെ നയിച്ച ലോകാനുഭവത്തിന്റെ രസഭാവങ്ങൾ..! ഗൊദാര്‍ദിന്റെയും ബെര്‍ഗ്മാന്റെയും തത്വചിന്താപരമായ ഡിബേറ്റുകളില്‍ നിന്നും തലനാരിഴകീറുന്ന ബിംബസമസ്യകളില്‍ നിന്നും പുതിയ സിനിമ കൃത്യമായ അകലം പാലിക്കുന്നു.! കാല്‍ച്ചുവട്ടിലെ മണ്ണില്‍ ഉറച്ചുനിന്ന്, ഒരു വളച്ചുകെട്ടുമില്ലാതെ ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്ന, തൊട്ടുകാണി ക്കുന്ന സിനിമയുടെ കാലം.! എല്ലാ മുഖപടവും അഴിച്ചുകളയുന്ന, യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ ആര്‍ജ്ജവം സിനിമയിലും ആഗതമായിരിക്കുന്നു.!
കാനിലെ ആദ്യപ്രദര്‍ശനത്തിനു ശേഷം ‘ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച സംവിധായകൻ' എന്നു പ്രഖ്യാപിച്ച വോൺ ട്രയറിന്റെ ‘ആന്റിക്രൈസ്റ്റ്’ (ഡെന്മാര്‍ക്ക്) തന്നെയായിരുന്നു മേളയിലെ ഏറ്റവും വലിയ പ്രകോപനം.! പാപബോധത്താൽ ഉഴറുന്ന രണ്ടു മനസ്സുകളിലെ ഇരുട്ടു മൂടിയ ഇടങ്ങ ളെ മായികമായ ദൃശ്യ ഭാഷയിലൂടെ തന്റെ ‘പേഴ്സണൽ‘ സിനിമയാക്കി മാറ്റുകയാണ് ട്രയര്‍ ചെയ്ത ത്..! ഓമനപ്പുത്രന്‍ ജനല്‍പ്പടിയില്‍നിന്നു നിന്നു നിലംപതിച്ച് മൃതിയടയുന്നതറിയാതെ രതി മൂര്‍ച്ഛയില്‍ മുഴുകിയ ‘അവന്റെ‘യും ‘അവളുടെ‘യും കുറ്റബോധമാണ് സിനിമയുടെ പ്രമേയം.! അവളുടെ ആത്മനിന്ദ യും വിഷാദവും ഭയവും ക്രമേണ പരപീഡനത്തിലേക്കും ക്രൂരമായ ലൈംഗികാതിക്രമത്തിലേക്കും വഴി തിരിയുന്നു.! ഒടുവില്‍, രക്ഷകനായ അവനില്‍ നിന്നു തന്നെ പാപത്തിന്റെ ശമ്പളമായ മരണം ഏറ്റുവാ ങ്ങി അവള്‍ അസഹ്യമായ ആ വിഷമവൃത്തത്തിനു പുറത്തുകടക്കുന്നു.! കൊല്ലുന്ന പാപചിന്തയില്‍ നിന്നു സഹജമായ നിഷ്കളങ്കതയിലേക്കു മടങ്ങാന്‍ കഠിനപരിശ്രമം നടത്തി പരാജയപ്പെടുന്ന പുതിയകാലത്തെ ആദവും ഹവ്വയുമായി അവര്‍ മാറുന്നു.! അസുലഭശില്പഭംഗിയാര്‍ന്ന ആറു ഖണ്ഡങ്ങളായി അവതരിപ്പിക്കപ്പെട്ട ചലച്ചിത്രം അതിന്റെ ഭയപ്പെടുത്തുന്ന സത്യസന്ധതയാലും ഞെട്ടിക്കുന്ന ഉൾക്കാഴ്ചയാലും മേളയുടെ കണ്ടെത്തലായി വേറിട്ടു നിന്നു.!
രണ്ടുവര്‍ഷത്തിലധികം വിഷാദരോഗത്തിനടിപ്പെട്ടു കഴിഞ്ഞതിനുശേഷമെഴുതിയ ഈ സിനിമ, തന്നെ സംബന്ധിച്ച് ഒരു ‘തെറാപ്പി’ തന്നെയായിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു.! ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ചിത്രത്തില്‍, യുക്തിയേക്കാൾ സ്വപ്നങ്ങളാണ് തന്റെ രചനയെ നയിച്ചതെന്നും അദ്ദേഹം സമ്മതിക്കുന്നു.! മനുഷ്യമനസ്സിലെ ‘അദൈവ’ത്തെ അഥവാ പിശാചിനെ നേരിട്ടുകാണാൻ തീയറ്ററിനുമുൻപിൽ നീണ്ട ക്യൂ കണ്ട് നഗരവാസികൾ അമ്പരന്നു.! ഇരുട്ടില്‍ രതിയുടെ ആസ്വാദ്യത കാണാൻ തിരക്കുപിടിച്ച പ്രേക്ഷകരാകട്ടെ, വേദനിപ്പിക്കുന്ന ലൈംഗികപീഡകൾ തിരശ്ശീലയിൽ കണ്ട് അസ്വസ്ഥരായി മടങ്ങി.!
മാനസികാപഗ്രഥനത്തില്‍ നിന്ന് ഹൃദയം പിളര്‍ക്കുന്ന സാമൂഹ്യപാഠങ്ങളിലേക്ക്..! ആഭ്യന്തരകലാപത്തില്‍ അഭയം നഷ്ടപ്പെട്ട ഒരു ജനതയുടെ തീവ്രദുഖത്തെ ടീഡോ എന്ന കുമാരന്റെ അതിജീവനകഥയിലൂടെ തുറന്നുകാട്ടുകയാണ് ‘ദി അദര്‍ ബാങ്ക്‘ എന്ന ജോര്‍ജിയന്‍ ചിത്രം. യുദ്ധക്കെടുതിയില്‍, ജന്മദേശമായ അബ്ഖാസിയയില്‍ നിന്ന് അമ്മയ്ക്കൊപ്പം ജോര്‍ജിയയിലേക്കു പലായനം ചെയ്ത ടീഡോ ജീവസന്ധാരണത്തിനു വേണ്ടിയുള്ള അമ്മയുടെ വേശ്യാവൃത്തിയില്‍ മനം നൊന്ത് അച്ഛനെത്തേടി വീണ്ടും സ്വന്തം നാട്ടിലേക്കു മടങ്ങുന്നു.! ഏറെ യാതനകള്‍ സഹിച്ച് അവസാനം, ശിശിരത്തില്‍ മരവിച്ചുനില്‍ക്കുന്ന തന്റെ ഗ്രാമത്തിലെത്തുമ്പോള്‍ അവനെ കാത്തിരിക്കുന്നത്, അച്ഛന്‍ വേറൊരു സ്ത്രീയെ വിവാഹം കഴിച്ച് നാടുവിട്ടു എന്ന വാര്‍ത്തയാണ്.!
വാര്‍ത്താചാനലുകളില്‍ നാം കാണുന്ന പട്ടാളനടപടികളുടെ പതിവുദൃശ്യങ്ങളല്ല; യുദ്ധം അനാഥരാക്കിയ പാവം മനുഷ്യരുടെ ചെറ്റജീവിതമാണ് ടീഡോയുടെ ആത്മാവിനെ മുറിപ്പെടുത്തുന്ന കാഴ്ചകളായി സിനിമ യില്‍ നിറയുന്നത്.! റഷ്യന്‍ പട്ടാളത്തിന്റെ ക്രൂരതകളെ വിമര്‍ശിക്കാനോ, പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം നിര്‍ദ്ദേശിക്കാനോ മുതിരാതെ, ആലംബഹീനരായ ഗ്രാമീണരുടെ തീവ്രവേദനകൾ ഒട്ടും അതിഭാവുകത്വ മില്ലാതെ ആവിഷ്കരിക്കുകയാണ് സംവിധായകന്‍ ഒവാഷ് വിലി ചെയ്തത്.! അനിശ്ചിതത്വത്തിന്റെ കഠിനവ്യഥ പേറുന്ന, കോങ്കണ്ണനായ ടീഡോയുടെ കാതരമായ മുഖം മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു.!
ഇനി, സമാന്തരമായ മറ്റൊരു ജീവിതചിത്രം...!! ഇസ്രയേലി പട്ടാളത്തോക്കുകള്‍ക്കു മുന്നിലെ പാലസ്തീനി കളുടെ അന്യവല്‍ക്കരിക്കപ്പെട്ട ജീവിതത്തെക്കുറിച്ചാണ് പാലസ്തീനില്‍ ജനിച്ചതിന്റെ ദുരന്തം പേറുന്ന ഏലിയ സുലൈമാന്‍ പറയുന്നത്..! 1948 മുതലുള്ള പാലസ്തീന്റെ ചരിത്രവും സംവിധായകന്റെ ആത്മകഥ യും ഒന്നായി മാറുന്ന അനുഭവമായിരുന്നു ‘The Time that Remains' എന്ന അദ്ദേഹത്തിന്റെ പീരിയഡ് സിനിമ.! ജന്മനാട്ടിലെ ജീവിതം ഒരസംബന്ധനാടകമായി മാറുന്നതെങ്ങനെയെന്ന് പറയാന്‍ ആക്ഷേപ ഹാസ്യത്തെ ഒരു സിനിമാസങ്കേതമായിത്തന്നെ ഉപയോഗിക്കുകയാണ് സംവിധായകന്‍..! പലരും കൈകാ ര്യം ചെയ്ത പ്രമേയമാണെങ്കിലും കര്‍ശനമായ രാഷ്ട്രീയനിലപാടും പുതിയ ആഖ്യാനരീതിയും ഈ സിനിമയെ കാലാതിവര്‍ത്തിയായ ഒരു സര്‍ഗ്ഗസൃഷ്ടിയാക്കി മാറ്റി..! വെടിയൊച്ചകള്‍ കേട്ടു മരവിച്ചുപോയ വൃദ്ധ ആകാശത്ത് അമിട്ടുകള്‍ പൊട്ടിവിരിയുന്നതു കാണാന്‍ കഴിയാതെ മുഖം തിരിക്കുന്ന ദൃശ്യം മനസ്സില്‍ നിന്നു മായുന്നില്ല..!
മൂന്നു വ്യക്തികളുടെ മനസ്സിലെ വിചിത്രകാമനകളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന ‘Jerichow’ എന്ന ജര്‍മ്മന്‍ സിനിമ ഓരോ നിമിഷവും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചിത്രാന്ത്യം വരെ സസ്പെന്‍സ് നിലനിര്‍ത്തുന്നു.! പ്രവചനാതീതമായ, ജീവിതത്തിലെ യാദൃശ്ചികതകളിലാണ് സിനിമയുടെ ഊന്നല്‍.! അലി എന്ന ബിസ്സിനസ്സുകാരന്‍, ഭാര്യ ലോറ, ഡ്രൈവര്‍ തോമസ് എന്നീ മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയിലെ ത്രികോണജീവിതം മനുഷ്യബന്ധങ്ങളെ സംബന്ധിച്ച വ്യത്യസ്തമായ ഒരു ദൃശ്യപ്രസ്താവം തന്നെയാണ്.! മനുഷ്യന്‍ അകപ്പെട്ടുപോകുന്ന പ്രണയക്കുരുക്കുകള്‍ അപകടകരമായ ഏതെല്ലാം ഊടുവഴികളിലൂടെ അവനെ നടത്തുമെന്നും ചിത്രം കാണിച്ചുതരുന്നു.!
കമ്യൂണിസ്റ്റ് ഏകാധിപതി ചെഷസ്ക്യൂവിന്റെ കുപ്രസിദ്ധമായ ‘സുവര്‍ണ്ണകാല‘ത്തെ കളിയാക്കുന്ന അഞ്ച് ‘ഐതിഹ്യ‘ങ്ങളായിരുന്നു റുമാനിയയില്‍ നിന്നുള്ള ‘Tales from the Golden Age’ എന്ന ചിത്രം. അസംബന്ധപൂര്‍ണ്ണമായ ആക്ഷേപഹാസ്യത്തില്‍ നിര്‍മ്മിച്ച അഞ്ചു ഹ്രസ്വചിത്രങ്ങളുടെ സഞ്ചയമാണ് ഈ സംയുക്തസംരംഭം. പാര്‍ട്ടിനേതൃത്വത്തിന്റെ കോമാളിത്തം നിറഞ്ഞ ഭരണപരിഷ്കാരങ്ങള്‍ സാധാരണ പൌരന്റെ വീക്ഷണത്തില്‍ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന തുറന്ന ചിരിയുടെ സൌന്ദര്യമായിരുന്നു ഈ സിനിമ.!
സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങള്‍ മേളയുടെ അനുഭവലോകത്തെ കൂടുതൽ സമ്പന്നമാക്കി. ഇത്തരത്തിലുള്ള, ഒരു മികച്ച പരീക്ഷണമായിരുന്നു അബ്ബാസ് കിരോസ്താമിയുടെ ഇറാനിയൻ ചിത്രം ‘ഷിറിൻ’. പുരാതനമായ പേർഷ്യൻ പ്രണയകഥയെ ആധാരമാക്കിയ ഒരു സിനിമ തീയറ്ററിൽ ആസ്വദിക്കുന്ന സ്ത്രീമുഖങ്ങളിലൂടെ ക്യാമറ മാറിമാറി സഞ്ചരിക്കുന്നു. വശ്യസുന്ദരമായ ശബ്ദപഥത്തിന്റെ സഹായത്തോടെ, അർമീനിയൻ രാജകുമാരി ഷിറിന്റെ വിഫലപ്രണയത്തിന്റെ തീവ്രവിഷാദം പ്രേക്ഷകരിലുണർത്താന്‍ സംവിധായകനു കഴിഞ്ഞു.! സിനിമയ്ക്കുള്ളിലെ സിനിമ കാണുന്നവരില്‍ പുരുഷന്മാരുണ്ടെങ്കിലും അവര്‍ പിൻനിരയിലെ നിഴലുകള്‍ മാത്രമാണ്.! ഷിറിന്റെ വികാരപ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുന്ന സ്ത്രീപ്രേക്ഷകരുടെ മുഖത്ത് മിന്നിമറയുന്ന ഭാവരസങ്ങളുമായി ഈ സിനിമ കാഴ്ചയുടെ നവ്യാനുഭൂതി പകര്‍ന്നു.!
സ്ത്രീപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു ജനകീയ ടോക്ക്ഷോ പശ്ചാത്തലമാക്കിയ ‘Scheherazade, Tell me a Story’ എന്ന സിനിമ, സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീലൈംഗികതയെക്കുറിച്ചും പുരുഷാധിപത്യ ത്തെക്കുറിച്ചുമുള്ള ഒരു തുറന്നുപറച്ചിലായിരുന്നു.! ഈജിപ്തില്‍ നിന്നുള്ള യുസ്രി നസ്രള്ളയാണ് സംവിധായ കൻ. 2007-ല്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘ലൂസിയ പ്യുയന്‍സോ‘യുടെ ‘XXY‘ എന്ന അര്‍ജന്റീനിയന്‍ ചിത്രം പലരും മറന്നു കാണില്ല. ഈ സംവിധായികയുടെ പുതിയ ചിത്രം 'Fish Child' സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു യുവതികളുടെ സ്വയംതെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഒരു മികച്ച സ്ത്രീയെഴുത്തായിരുന്നു.
മരണത്തെക്കുറിച്ചും ജീവിതപ്രണയത്തെക്കുറിച്ചുമുള്ള അതിഗഹനമായ ഒരോര്‍മ്മപ്പെടുത്തലായിരുന്നു ആന്ദ്രേവൈദയുടെ ഏറ്റവും പുതിയ ചിത്രമായ ‘Sweet Rush’ (പോളണ്ട്). റാൽഫ് സീമാൻ സംവിധാനം ചെയ്ത ‘Jerusalema’ എന്ന ആഫ്രിക്കൻ ചിത്രം, അക്രമത്തിലും അരാജകത്വത്തിലും പുലരുന്ന ജൊഹാനസ്ബർഗ് നഗരത്തിന്റെ ജീവിതം ചടുലതാളത്തിൽ പകർത്തിയ ഒരു മികച്ച ത്രില്ലറായിരുന്നു .
പുതിയ സംവേദനശീലം ആവശ്യപ്പെടുന്ന വിസ്മയചിത്രങ്ങള്‍, ‘ലോകസിനിമ’യെ അപേക്ഷിച്ച് മത്സരവിഭാഗത്തില്‍ കുറവായിരുന്നു. എന്നാല്‍, പുതിയ മാനവികതയുടെയും ദൃശ്യഭാഷയുടെയും ചില ഉദാഹരണങ്ങളെങ്കിലും കാണാന്‍ കഴിഞ്ഞു. മികച്ച ചിത്രത്തിനുള്ള ‘സുവർണ്ണചകോരം’ രണ്ടു സിനിമകള്‍ പങ്കിട്ടു. ‘അസ്ഗര്‍ ഫര്‍ഹാദി‘യുടെ ഇറാനിയന്‍ ചിത്രം ‘ About Elly’ യും ‘Jermal’ എന്ന ഇന്തോനേഷ്യന്‍ ചിത്രവും ജൂറി തെരഞ്ഞെടുത്തപ്പോള്‍ നൊസീർ സൈനോവിന്റെ താജിക് സ്ഥാന്‍ ചിത്രം 'True Noon' ആണ് പ്രേക്ഷകരുടെ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത്.!
ഏതൊരാളിന്റെയും ജീവിതത്തില്‍ വളരെപ്പെട്ടെന്നു കടന്നു വരാവുന്ന ഒരു പ്രതിസന്ധിഘട്ടം തികഞ്ഞ വൈഭവത്തോടെ, ഒട്ടും നാടകീയതയില്ലാതെ അവതരിപ്പിച്ച ‘About Elly’ തീര്‍ത്തും ഒരു സംവിധായകന്റെ ചിത്രമായിരുന്നു. ‘എല്ലി’ എന്ന യുവതിയുടെ പെട്ടെന്നുള്ള തിരോധാനം ഒരു സൌഹൃദസംഘത്തിലെ ആന്തരികവൈരുധ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന്റെ അതിമനോഹരമായ ആഖ്യാനമായിരുന്നുഈ ചിത്രം. ചടുലമായ ദൃശ്യ പരിചരണരീതിയും അവസാന ഷോട്ടുവരെ നിലനിര്‍ത്താന്‍ കഴിഞ്ഞ ‘സസ്പെന്‍സു‘മാണ് സിനിമയുടെ വിജയഘടകങ്ങള്‍.! കടലിനു നടുവില്‍ മത്സ്യബന്ധനത്തിനായി നിര്‍മ്മിച്ച വിശാലമായ തട്ടിലെ സംഘര്‍ഷഭരിതമായ ജീവിതഖണ്ഡമായിരുന്നു രവി ഭര്‍വാനി സംവിധാനം ചെയ്ത ‘Jermal’ എന്ന ചിത്രം.
ഗാഢസൌഹൃദത്തില്‍ കഴിഞ്ഞ രണ്ടു ഗ്രാമങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അതിര്‍ത്തി കെട്ടി വേര്‍തിരിക്കു മ്പോള്‍ തടവിലാകുന്ന പ്രണയത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്, ‘ True Noon’ എന്ന സിനിമ പറഞ്ഞത്. ഗ്രാമവാസികൾ തമ്മിലുള്ള നിരുപാധികസ്നേഹത്തെ മനോഹരമായ ദൃശ്യഭാഷയാക്കി മാറ്റിയ ഈ ചിത്രം ‘മനുഷ്യനായിരിക്കണം യഥാര്‍ത്ഥമാനദണ്ഡ’മെന്ന് ഓരോ പ്രേക്ഷകനെയും അനുഭവിപ്പിക്കുകയാ യിരുന്നു.!! അച്ഛനുമമ്മയും മക്കളുമായിരിക്കെത്തന്നെ പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ ദുരന്തം ചിത്രീകരിച്ച ‘There’ (ടര്‍ക്കി), നഗരത്തിരക്കില്‍ നമ്മള്‍ കാണാന്‍ മറക്കുന്ന ‘സാംസ്കാരിക മാലിന്യ’ങ്ങള്‍ വലിച്ചുപുറത്തിട്ട ‘A Fly in the Ashes’ (അര്‍ജന്റീന) എന്നിവയായിരുന്നു മത്സര വിഭാഗത്തിലെ മറ്റു രണ്ടു മികച്ച ചിത്രങ്ങള്‍.
‘എറ്റില്‍ ഇനാക്’ സംവിധാനം ചെയ്ത മേളയിലെ ഉദ്ഘാടനചിത്രം ‘A Step into the Darkness’ (ടര്‍ക്കി) പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. അമേരിക്കന്‍ അധിനിവേശം ഇറാക്കിലെ സാധാരണജനതയെ തകര്‍ത്തതിന്റെ ഒരു ദൃഷ്ടാന്തകഥയാണ് സെനിത്ത് എന്ന യുവതിയുടെ ദുരിതജീവിതത്തിലൂടെ സിനിമ വരച്ചുകാട്ടിയത്. തുടരുന്ന ദുരനുഭവങ്ങള്‍ ഒടുവില്‍, അവളെ തീവ്രവാദത്തിലേക്കു നയിക്കുകയാണ്.! കാണി കളില്‍ ശക്തമായ അമേരിക്കന്‍ വിരുദ്ധവികാരം സൃഷ്ടിക്കുന്നതിനപ്പുറം ദൃശ്യപരമായ പുതുമകളൊന്നും പകരാന്‍ ഈ ചിത്രത്തിനു കഴിഞ്ഞില്ല.
സിനിമയെ രാഷ്ട്രീയമായ ഒരുപകരണമായി ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനായ ഹെയ്ത്തിയന്‍ സംവിധായകന്‍ ‘Raoul Peck ’ തന്റെ മികച്ച ചിത്രങ്ങളുമായി മേളയില്‍ സന്നിഹിതനായിരുന്നു.! 'Moloch Tropical' എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ അധികാരരതിയില്‍ ഉന്മത്തനായ ഒരു ഹെയ്ത്തി യന്‍ ഭരണത്തലവന്റെ അന്ത്യനാളുകള്‍ ചിത്രീകരിക്കുന്നു.! ‘പെക്കി‘നെക്കൂടാതെ, 'Contemporary Masters' വിഭാഗത്തിലുള്‍പ്പെട്ട തായ് സംവിധായകന്‍ Pen-ek Ratanaruang-ന്റെ ‘Ploy’ എന്ന ചിത്രവും ക്യൂബന്‍ സിനിമകളുടെ പാക്കേജിലെ ‘വിവാക്യൂബ’യും ഏറെ ശ്രദ്ധേയമായി.!
മലയാളസിനിമയുടെ പുതിയ മുഖം കാണാൻ ശ്രമിച്ച പലർക്കും പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞു തന്നെയാണ് ലഭിച്ചത്.! മത്സരചിത്രങ്ങളായി നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും മധു കൈതപ്ര ത്തിന്റെ ‘മദ്ധ്യവേനലി’നെക്കുറിച്ചും പ്രിയനന്ദനന്റെ ‘സൂഫി പറഞ്ഞ കഥ’യെക്കുറിച്ചും ആരും ആവേശം കൊണ്ടതായി അറിവില്ല.! പോയകാലത്തോടുള്ള ഗൃഹാതുരത്വം മാത്രം കൈമുതലാക്കി സിനിമ പിടിക്കാനിറങ്ങുന്ന ടി.വി.ചന്ദ്രന്റെയും മറ്റും സാഹസങ്ങൾ (ചിത്രം: ഭൂമിമലയാളം) ഇനിയുമെത്രകാലം കൂടി നാം സഹിക്കേണ്ടി വരുമോ എന്തോ..? ധൈര്യം സംഭരിച്ച് ജോഷി മാത്യുവിന്റെ ‘പത്താം നിലയിലെ തീവണ്ടി’യില്‍ കയറിയെങ്കിലും ‘സ്കിസോഫ്രീനിയ’യെക്കുറിച്ചുള്ള സംവിധായകന്റെ നവീനഭാഷ്യങ്ങള്‍ കണ്ട് പലപ്പോഴും ദൈവത്തെ വിളിച്ചുപോയി.! ‘കേരളാ കഫേ‘യിൽ, അൻവർ റഷീദും അഞ്ജലി മേനോനും ലാല്‍ജോസും ഒരുക്കിയ ശില്‍പ്പസൌകുമാര്യമാര്‍ന്ന ഹ്രസ്വചിത്രങ്ങൾ മലയാളിയുടെ മാനം കാത്തുവെന്നു ചുരുക്കിപ്പറയാം.!
മേളയുടെ നടത്തിപ്പിനെച്ചൊല്ലി, പരാതികൾ പൊതുവെ കുറവായിരുന്നു. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പി നെപ്പറ്റി, അവയുടെ രാഷ്ട്രീയത്തെപ്പറ്റിയൊക്കെ ചില്ലറ പരിഭവങ്ങൾ ഉയര്‍ന്നുകേട്ടു. ഇക്കുറി, കാന്‍ മേളയില്‍ സമ്മാനിതമായ 'The White Ribbon', 'A Prophet' എന്നീ ചിത്രങ്ങള്‍ കൊണ്ടുവരാതിരുന്നതില്‍ അല്പം നിരാശ തോന്നി..! എന്തായാലും, ഉപഗ്രഹചാനലുകളും ഇന്റർനെറ്റും ചേർന്ന് മനുഷ്യനെ നാലുചുവരുകൾ ക്കുള്ളിൽ തളയ്ക്കുമ്പോഴും, എണ്ണായിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് മേളയെ ജനകീയമാക്കാൻ സംഘാടകര്‍ക്കു കഴിഞ്ഞിട്ടുണ്ട്.! മഹത്തായ ഈ സാംസ്കാരികദൌത്യത്തിനു പിന്നില്‍ കര്‍മ്മനിരതരായ സുമനസ്സുകളെ അഭിനന്ദിക്കാതെ വയ്യ.!
വീണ്ടുമൊരു കാത്തിരിപ്പിന്റെ കാലം.! വന്‍കരകള്‍ താണ്ടിയെത്തുന്ന വേദനകള്‍ നമ്മുടെ ഹൃദയവികാരമായി മാറുന്ന, ക്യൂബയും അര്‍ജന്റീനയും ജോര്‍ജിയയുമൊക്കെ കേരളത്തിലെ ചെറുഗ്രാമങ്ങളായിത്തീരുന്ന കാഴ്ചയുടെ സുവര്‍ണ്ണകാലമെത്താന്‍, ഇനി നീണ്ട ഒരു വര്‍ഷം കൂടി കഴിയണം...!!