Monday, October 5, 2015

ഡബിൾ ബാരൽ










ഫേസ്ബുക്കും സിനിമയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. നിരുപാധികഭാവനയുടെ ഭാവവൈവിധ്യമായി ഫേസ്ബുക്ക് മാറിയിട്ടുണ്ടെങ്കിൽ മുഖ്യധാരയെ ഞെട്ടിക്കുന്ന ചില ഭാവവ്യതിയാനങ്ങൾ സിനിമയിലും കണ്ടുവരുന്നു. ലിജോ ജോസെന്ന സംവിധായകനെ അധികമാരും അറിയാതിരുന്ന കാലത്താണ് ആമേൻ എന്ന തനിനാടൻ പാരഡിയുമായി അദ്ദേഹത്തിന്റെ വരവ്. കുമരംകരി എന്ന സാങ്കൽ‌പ്പികസ്ഥലം ഉപയോഗിച്ച് കാലഗണനയെയും നമ്മുടെ ആസ്വാദനരീതിയെയും മന:പ്പൂർവം തെറ്റിക്കുന്ന മാജിക്കൽ സംഭവമായിരുന്നു അതെങ്കിൽ ഡബിൾ ബാരൽ ഈ സമീപനത്തിൽ ഒരുപടി കൂടി മുന്നോട്ടുപോ‍യിട്ടുണ്ട്.

ഞെട്ടിക്കുന്നു എന്നു വെറുതെ പറഞ്ഞതല്ല. സിനിമയിലേക്കു ടിക്കറ്റെടുത്തവരെയും സിനിമയെത്തന്നെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നുണ്ട്. ഷോട്ടുകളെയും പ്രോപ്പർട്ടികളെയും മാത്രമല്ല മനുഷ്യരെയും തന്റെ ടൂളുകളായി ഉപയോഗിക്കുന്നതിലുള്ള സംവിധായകന്റെ വിരുതു കണ്ട് പകച്ചുപോയി. ഇത്രമേൽ ഭാവനാത്മകമായി ഒരു ഗാങ്ങ്സ്റ്റർ പ്ലോട്ടിനെ ആരും സമീപിച്ചു കണ്ടിട്ടില്ല. ഒരു മാജിക്കൽ സംഭവം ചെയ്യുമ്പോൾ പാത്രനിർമ്മിതിയിലും അഭിനയത്തിലും മറ്റു സങ്കേതങ്ങളിലുമെല്ലാം വരുത്തേണ്ട ശൈലീകൃതമായ മാറ്റങ്ങൾ കൃത്യമായി വരുത്തി പരിചരിച്ചിരിക്കുന്നു. പരിപാലിച്ചിരിക്കുന്നു. നർമ്മം വിതറുന്ന കാരിക്കേച്ചറുകളായി സ്ക്രീൻ തകർക്കുമ്പോഴും കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ മലയാളിത്തം നിറഞ്ഞ ഇന്നവേഷൻസ് കൊണ്ടുവന്നതിലാണ് പടത്തിന്റെ ഒരു വിജയം.

വെറും ചിരിയല്ല അല്പം ബുദ്ധിപരമായ ചിരി തന്നെയാണ്. സത്യത്തെയും സ്വപ്നത്തെയും ഫാന്റസിയെയും മിക്സ് ചെയ്തുകൊണ്ടുള്ള ആ കളി നമ്മുടെ പതിവു ‘കൊള്ളസംഘ’ങ്ങളെ വിറപ്പിക്കുന്നതാണ്. അതിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും അത്രമേൽ തള്ളിപ്പറയുന്നതാണ്. ഇത്ര ധൈര്യം എവിടെനിന്നു കിട്ടിയെന്നു മുതലാളിയോടു ചോദിക്കാൻ തോന്നി. സിനിമയിലെ താരജോടിയായ ആ വൈരക്കല്ലുകൾക്ക് ലൈലയെന്നും മജ്നുവെന്നും പേരിട്ടത്തിൽ തുടങ്ങി മരിച്ചുപോയ രണ്ടുപേരെ അന്ത്യം വരെ ജീവിപ്പിച്ചുനിർത്തുന്നതിൽ വരെ ആ വിരുത് തിളങ്ങിനിൽക്കുന്നു. സ്റ്റണ്ണിംഗ് വിഷ്വലുകളുണ്ട് സൂക്ഷ്മമായ ശബ്ദമിശ്രണമുണ്ട് പ്ലോട്ടിനിണങ്ങിയ പാട്ടുകളുണ്ട്. സർക്കാസം അതിന്റെ പീക്കിലുണ്ട്. കുടുംബസിനിമക്കാരെയും ഫോർമുലക്കാരെയും മാത്രമല്ല ചിരിച്ചുമറിഞ്ഞു പടം കണ്ടിരുന്ന ചങ്ക് ബ്രോസിനെപ്പോലും ഒടുവിൽ ഈ സിനിമ ചതിയ്ക്കുന്നുമുണ്ട്. ജീവിതം മാത്രമല്ല 'സിനിമ'യും അടിമുടി ഫേക്കാണെന്ന് അടിവരയിടുന്നുണ്ട്. അത്രമേൽ സ്വയംപരിഹസിക്കുന്നുണ്ട്. എനിവേ, ഉള്ളിലെ സൈദ്ധാന്തികനെ അവഗണിച്ച് മസിലുപിടിക്കാതെ റിലാക്സ് ചെയ്തിരുന്നാൽ ഏതു പുലിയ്ക്കും പൂച്ചയ്ക്കും ആസ്വദിക്കാം. ഈ സിനിമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘എ മാത്തമാറ്റിക്കൽ ചീറ്റിഫിക്കേഷൻ.’ അദ്ദാണ് ഈ പടം.

3 comments:

ഇഗ്ഗോയ് /iggooy said...

സൈദ്ധാന്തികൻ കണ്ണൂമിഴിച്ചിരുന്നാലേ ഇന്തപ്പടം ഇഷ്ടാകൂ‌ എന്നും ജനസംസാരം ഉണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഉള്ളിലെ സൈദ്ധാന്തികനെ അവഗണിച്ച്
മസിലുപിടിക്കാതെ റിലാക്സ് ചെയ്തിരുന്നാൽ
ഏതു പുലിയ്ക്കും പൂച്ചയ്ക്കും ആസ്വദിക്കാം.
ഈ സിനിമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ
‘എ മാത്തമാറ്റിക്കൽ ചീറ്റിഫിക്കേഷൻ.’ അദ്ദാണ് ഈ പടം.

ajith said...

ഞാന്‍ കണ്ടില്ല. ആമേന്‍ കണ്ടുകൊണ്ടിരുന്നപ്പോ‍ാള്‍ ഞാനൊരു മാന്ത്രികലോകത്തിലെത്തിയ ഫീല്‍ ആയിരുന്നു. ഇതും ഒന്ന് കാണട്ടെ