Thursday, September 24, 2015

പ്രേമം












അല്ലെങ്കിലും പ്രേമം എന്നുപറയുന്ന ഈ സംഭവത്തിൽ എന്തു പുതുമയാണുള്ളത്? ആദമിന്റെയും ഹവ്വയുടെയും കാലം മുതൽക്കേ ആണും പെണ്ണും അനുഭവിച്ചു പോരുന്ന ഈ ക്ലീഷേ അനുഭൂതിയെപ്പറ്റി ഇപ്പോൾ എന്താണിത്ര പറയാനുള്ളത്? സംവിധായകൻ പറയുന്നതുപോലെ 17 പുതുമുഖങ്ങളും വയറുനിറച്ച് പാട്ടും രണ്ടു ചെറിയ തല്ലും പ്രേമവും കൊറച്ചു തമാശയുമല്ലാതെ എന്തു കോപ്പാണ് ഈ സിനിമയിലുള്ളത്?

ഏയ് ഒന്നുമില്ലന്നേ. എല്ലാം പഴയതു തന്നെ. പഴയ വീഞ്ഞു പുതിയ കുപ്പിയിൽ എന്നു നമ്മൾ പറയുമല്ലോ. അതിലെ ആ കളിയാക്കൽ എടുത്തുകളഞ്ഞ് അഭിനന്ദനമായി ഉപയോഗിച്ചാൽ ഒരുപക്ഷേ സിനിമയുടെ പൊരുൾ തെളിഞ്ഞുകിട്ടിയേക്കും. അഥവാ നാമിത്രയും കാലം കണ്ടുതീർത്ത വാർപ്പുപ്രണയങ്ങളെ തൂത്തുവാരി എടുത്തു കളഞ്ഞാൽ ശിഷ്ടമായി കിട്ടുന്ന പ്രേമത്തിന്റെ ഒരു അപ്ഡേഷനുണ്ടല്ലോ അതുണ്ട്. അതിൽ പഴകിപ്പൊളിഞ്ഞ ആ നിഷ്കളങ്കതയുണ്ട്. പ്രായോഗികതയുമുണ്ട്. കലിപ്പ് നിറഞ്ഞ സർക്കാസമുണ്ട്. ജീവിതത്തിൽ ചവിട്ടിവീണ ചിരിയുണ്ട്. മഞ്ഞുപുതച്ച മലകളും നിറങ്ങൾ പാടുന്ന താഴ് വരകളുമല്ല. പകരം വെറുമൊരു വാകമരച്ചില്ലയും രണ്ടു ശലഭങ്ങളുമുണ്ട്. പല ആംഗിളിൽ ചിരിച്ചുകൊണ്ടു പാടുന്ന കാമുകനും കാമുകിയുമില്ല. പകരം പരിചിതമല്ലാത്ത ചില മുഷിഞ്ഞ നിറങ്ങളും ശരീരഭാഷകളുമുണ്ട്. ദൃശ്യമല്ല ശബ്ദമാണ് സിനിമ എന്നുറപ്പിക്കുന്ന തരത്തിലുള്ള സിങ്ക് സൌണ്ടിന്റെ സമർത്ഥമായ ഉപയോഗമുണ്ട്. ക്യാമറയുടെ കാക്കനോട്ടങ്ങളുണ്ട്. കാഷ്വൽ സംഭാഷണത്തിന്റെ സ്വാഭാവികതയും വിരുദ്ധോക്തിയുടെ സൌന്ദര്യം തുളുമ്പുന്ന ചിത്രസന്നിവേശത്തിലെ തിരിമറികളുമുണ്ട്. ജോർജ്ജ് അഥവാ നിവിൻ പ്രണയിക്കുന്നതിനാൽ വിശുദ്ധരാക്കപ്പെട്ട മേരി, മലർ, സെലിൻ എന്നീ സുന്ദരികളുണ്ട്. പതിവുമാതൃകകളിൽ നിന്നു വ്യത്യസ്തമായി അവർക്കു സ്വന്തമെന്നു പറയാൻ ചില സ്വഭാവങ്ങളുണ്ട്. ഒരു മല്ലിപ്പൂവിന്‍റെ കൊതിപ്പിക്കുന്ന ചിരിയുണ്ട്...

ചുരുക്കത്തിൽ സമീപനത്തിലെ വ്യതിയാനമാണ് കലയെ വ്യത്യസ്തമാക്കുന്നത് എന്ന ഒരു തിയറിയിലേക്കാണ് നമ്മൾ വരുന്നത്. അൽഫോൻസ് എന്ന പുത്രൻ പുരപ്പുറത്തു കയറി നിന്ന് ഇതു വിളിച്ചുപറയുന്നില്ല എന്നേയുള്ളു. ഒരു നിമിഷം Perfume, the story of a murderer എന്ന ജർമ്മൻ സിനിമയിലെ നിഷ്കളങ്കനായ കൊലയാളിയെ ഓർമ്മവന്നു. ഒരുപക്ഷേ വിചിത്രമായ ഒരു സമാന്തരമുണ്ട് അയാളും അൽഫോൻസും തമ്മിൽ. തന്റെ കൈയിലുള്ള ചെറിയ ബോട്ടിൽ തുറന്ന് മനുഷ്യരായ മനുഷ്യരെ മുഴുവൻ പ്രണയത്തിന്റെ ആനന്ദസാഗരത്തിലെറിഞ്ഞ അയാളെപ്പോലെ അൽഫോൻസ് എന്ന ഈ കൊലയാളിയും പൊളിഞ്ഞു പാളീസായ ഒരു പ്രേമകഥ വീണ്ടും പറഞ്ഞ് ഒരു പാവം ദേശത്തെ മരണമാസുകൾക്കു വേണ്ടി ഒരു കൊലമാസ് കളി കളിക്കുന്നു. അവൻ വാഴ്ത്തപ്പെട്ടവനെന്ന് ഫേസ്ബുക്കിലെമ്പാടും അശരീരികൾ മുഴങ്ങുന്നു. വണക്കം നൻപർകളേ.

2 comments:

Cv Thankappan said...

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ റിവ്യൂ ഇന്നാണ് കാണുന്നത്