Saturday, December 26, 2015

ചാർലി














പടം കണ്ടിറങ്ങി പതുക്കെ വണ്ടിയോടിച്ചുപോരുമ്പോൾ പഴയൊരു പാട്ടാണ് ഓർമ്മ വന്നത്. ‘ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ.’ ഇതൊരു ക്രിസ്മസ് ദിവസമായതു കൊണ്ടോ സിനിമയിൽ നല്ലൊരു ഭക്തിഗാനമുള്ളതു കൊണ്ടോ അല്ല. കാരണം ചോദിക്കരുത്. അകാരണമാണ്. അഥവാ അകാരണമായ ഒരു വികാരമാണ് സ്നേഹം. പരിധികളില്ലാത്ത ഹൃദയങ്ങളിൽ അതങ്ങനെ നിരുപാ‍ധികമായി ഇരിക്കും കിടക്കും പാടും ഒഴുകിനടക്കും. നിലയ്ക്കുകയില്ല. ഒഴുക്കു നിലയ്ക്കുമ്പോൾ അതിനു പരിധികളുണ്ടാവും. അതോടെ സ്നേഹം തീരും. സിനിമയും.

ഇതുകൊണ്ടൊക്കെയാവണം ചാ‍ർലിയും ഒരിടത്തും നിൽക്കാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നത്. നിലയ്ക്കാതെ ഒഴുകിനടക്കുന്നത്. കണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ശിശിരത്തിലെ കമ്പിളിപ്പുതപ്പാ‍യി സ്നേഹം നമ്മളെ വന്നു പൊതിയുന്നുണ്ട്. ഇക്കിളിയിടുന്നുണ്ട്. സുഖദമാണ് ആ അനുഭവം. കല സുഖിപ്പിക്കലാണോ എന്നു ചോദിക്കരുത്. കല ദുഖമാണോ എന്നു തിരിച്ചുചോദിക്കും. ദുഖം പോലെ തന്നെ സുഖവും ഒരനുഭവമാണ്. പൊതുവിൽ അപരിചിതമായ അതിനെ പരിചയപ്പെടുത്തുക കൂടിയാണ് ഒരു കലാകാരൻ. അഥവാ ഒരു കൂട്ടം കലാകാരന്മാർ.

ദുൽക്കറിനേക്കാൾ, പാർവതിയേക്കാൾ, അപർണ്ണയേക്കാൾ, ചെമ്പനേക്കാൾ, ഒരുപക്ഷേ മാർട്ടിനേക്കാൾ ഉണ്ണിയാണ് താരം. ഉണ്ണി ആർ എന്നുള്ള ചോദ്യത്തിന് ഒരുത്തരം കൂടിയാണ് ഈ ചിത്രം. മുന്നറിയിപ്പിനെപ്പോലെയോ ഒഴിവുദിവസത്തെപ്പോലെയോ രാഷ്ട്രീയ ഗഹനതകളില്ല. ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട്. ലോകാസമസ്താ എന്നൊരു സമീപനമുണ്ടല്ലോ അതിലെ ആ പ്രസാദാത്മകതയുണ്ടല്ലോ. അതൊരു രാഷ്ട്രീയമാണ്. ചുറ്റും നിറഞ്ഞുനിൽക്കുമ്പോഴും വെറുപ്പിനെപ്പറ്റിപ്പറയാതെ സ്നേഹത്തെപ്പറ്റി പറയാനുള്ള ആ തീരുമാനമുണ്ടല്ലോ. അതും ഒരു രാഷ്ട്രീയമാണ്. ലോകസ്നേഹത്തിനു മുൻപിൽ പരിമിതമായ പ്രണയം തോറ്റുപോകുന്നതിന്റെ ആ രസമുണ്ടല്ലോ. അതിലുമുണ്ട് ഒരു രാഷ്ട്രീയം. അദ് നമ്മളെ പിടിക്കും. ചില നിമിഷങ്ങളിൽ താഴെ വീഴണോ വേണ്ടയോ എന്നു സംശയിച്ച് രണ്ടു തുള്ളികൾ കണ്ണുകളിൽ പിടയ്ക്കും. ആരവം മുഴക്കാൻ പോലും മറന്ന് ദുൽക്കറിന്റെ ഫാനുകൾ അടങ്ങിയിരിക്കും. അദ്ദാണ് ചാർലി.

ഒഴിവുദിവസത്തെ കളി











ഇതായിരുന്നു ഈ വർഷത്തെ മേളയിലെ സിനിമ. ഒരു ദിവസം മുഴുവൻ ഇതിന്റെ ഹാങ്ങോവറിലായിരുന്നു. പിന്നീടു കണ്ടതൊന്നും ഏശിയില്ല. അഥവാ ഒരു ചെറുദേശത്തെ ചെറിയ ഭാഷയിൽ ഒരു അന്തർദ്ദേശീയസിനിമ കണ്ടതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല.

ഒഴിവുദിവസത്തിലെ ഉന്മാദം നിറഞ്ഞ ഒരു കളിയെ പുതിയ ജനാധിപത്യത്തിന്റെ രൂപകമായി കൺസീവ് ചെയ്യുന്നതിൽ ഒരു വലിയ സിനിമ അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയപ്രബുദ്ധരും തത്വജ്ഞാനികളുമായിരിക്കെത്തന്നെ ദളിതരോടും സ്ത്രീകളോടും മൃഗങ്ങളോടും അത്രമേൽ അപരിഷ്കൃതമായ കാടത്തം പുലർത്തുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള സൂചനകളുണ്ട്. ഒരു പുസ്തകസിദ്ധാന്തത്തിന്റെയും വിധിപ്രസ്താവത്തിന്റെയും അകമ്പടിയില്ലാതെ ഒരൊഴിവു ദിവസത്തെ സംഭവങ്ങളിലൂടെ ഇതു ദൃശ്യവൽക്കരിക്കുന്നതിലെ കല ഒന്നു കാണേണ്ടതുതന്നെയാണ്. കട്ടില്ലാത്ത സ്റ്റെഡിക്യാം സൗന്ദര്യവും വനഹൃദയത്തിലെ ബിംബസമ്യദ്ധിയും ഭാഷണത്തിലെ നാട്ടുചന്തവും ശബ്ദലേഖനത്തിലെ സൂക്ഷ്മതയും ചില ഉദാഹരണങ്ങൾ മാത്രം. 

അഞ്ചുപുറത്തിൽ കവിയാത്ത ഉണ്ണിയുടെ കഥയെ രാഷ്ടീയമാനങ്ങൾ നിറഞ്ഞ ഒരു പൂർണ്ണസിനിമയായി സനൽ വളർത്തിയെടുത്തിരിക്കുന്നു. വരികൾക്കിടയിലെ നിശ്ശബ്ദതകളെല്ലാം പൂരിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു വാർത്തകൾ ഒരു പാരഡിയായി പശ്ചാത്തലത്തിൽ മുഴങ്ങവെ, കളി നടക്കുന്ന മട്ടുപ്പാവ് പതിയെപ്പതിയെ ഒരു രാജ്യമായി രൂപാന്തരപ്പെടുന്നു. രാജാവും മന്ത്രിയും ന്യായാധിപനും കള്ളനും പോലീസും തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിക്കുകയും ഒടുവിൽ അനിവാര്യമായ ആ ദുരന്തം സംഭവിക്കുകയും ചെയ്യുന്നു. സിനിമ തന്നെ ഒരു പ്രതീകമായി മാറുന്നു.

കൃത്യമായ രാഷ്ട്രീയധ്വനികൾ ഈ സിനിമയെ ദേശീയ അന്തർദ്ദേശീയ മാനങ്ങളിലേയ്ക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നു. ചക്കയിടാനും കോഴിയെ കൊല്ലാനുമെന്നപോലെ കൊല്ലപ്പെടാനും കറുത്തവൻ തന്നെ നിയുക്തനാവുന്നതിന്റെ രാഷ്ടീയം മാത്രമല്ല ഇരയുടെ റോളിലകപ്പെട്ട സ്ത്രീയുടെ പ്രതിരോധവും അതിജീവനവും മാത്രമല്ല അധികാരരതി മാത്രമല്ല മൃഗങ്ങളോടും പക്ഷികളോടുമുള്ള ക്രൂരത മാത്രമല്ല ഓരോ വ്യക്തിക്കും അവനവനോടു തന്നെയുള്ള സമീപനവും രാഷ്ടീയമാനമാർന്ന് നമ്മളെ ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു.
ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു തീർത്തും വേറിട്ട ഒരു രചന നിർവഹിച്ചതിലാണ് സനലിന്റെ കലാപ്രതിഭയും പക്വതയാർന്ന ആത്മവിശ്വാസവും കൃത്യമായി വെളിപ്പെടുന്നത്. ഒരു നിമിഷം പോലും വഴുതിപ്പോകാതെ തുടക്കം മുതൽ ഒടുക്കം വരെ അയാൾ ടോട്ടൽസിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. ഈ അപൂർവതയുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇന്ദ്രജിത്തിനെയും ബേസിൽ ജോസഫിനെയും സന്തോഷപൂർവം ഓർക്കുന്നു. സ്വന്തം സാഹചര്യങ്ങളോടു ക്രിയാത്മകമായി സംവദിക്കുന്ന ആരുടെയും ഒരു ദിവസത്തെ ഉറക്കം കെടുത്താൻ ഈ സിനിമയ്ക്കു കഴിയുമെന്നുറപ്പാണ്.

Tuesday, November 3, 2015

ഒരാൾപ്പൊക്കം














പുസ്തകം വായിക്കുമ്പോൾ വാക്കുകൾക്കിടയിലെ മൌനം വാചാലമാവുകയും അത് വായനക്കാരനുമായി സംവദിക്കുകയും ചെയ്യുന്നതുപോലെ സിനിമയിൽ ദൃശ്യബിംബങ്ങൾക്കിടയിലെ മൌനം അർത്ഥപൂരിതമാവുമ്പോഴാണ് പ്രേക്ഷകനിൽ ചലച്ചിത്രാനുഭവം ഉണ്ടാവുന്നത്. വിദേശസിനിമകളിൽ ഇതുപോലുള്ള അനുഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ വളരെ അപൂർവമാണ്. അത്രമേൽ അപൂർവതയുള്ള ഒരനുഭവമായതു കൊണ്ടാവാം ഒരാൾപ്പൊക്കം ഇപ്പോഴും എന്നെ പിന്തുടരുന്നത്.

ഒരു സിനിമ കൺസീവ് ചെയ്യുമ്പോൾ ഫിലിംമേക്കർ ചെയ്യുന്ന വിശദമായ ഗൃഹപാഠമാണ് അതിനെ കാലാതിവർത്തിയാക്കി മാറ്റുന്നത്. കാഴ്ചയ്ക്കപ്പുറം എന്തൊക്കെ സൂചനകൾ അതിലടക്കം ചെയ്യാൻ കഴിയും എന്നതാണ് ആ ഗൃഹപാഠം. ഒരു കവി തന്റെ വരികളിൽ അടക്കം ചെയ്യുന്ന ബിംബങ്ങളും രൂപകങ്ങളും ഇതേ പ്രവൃത്തി തന്നെയാണു ചെയ്യുന്നത്. ചുരുക്കത്തിൽ കവിതയല്ലാത്തത് സിനിമയുമല്ല എന്നു പറയാം. അടിസ്ഥാനപരമായി സനൽ ഒരു കവിയായതിനാൽ ഈ സങ്കൽപ്പം ഇവിടെ കൂടുതൽ പ്രസക്തമാണെന്നു തോന്നുന്നു.

സാർവലൌകികമായ പ്രമേയങ്ങളുടെ ഒരു വിശാലഭൂമിക തന്നെയാണ് ഒരാൾപ്പൊക്കം. സ്ത്രീ, പുരുഷൻ, പ്രകൃതി, പ്രണയം, യാത്ര, പരിസ്ഥിതി, ആധ്യാത്മികത തുടങ്ങി നിരവധി പ്രമേയപരിസരങ്ങളിലൂടെ ഒരൊഴുക്കിലെന്നപോലെ നമ്മൾ കടന്നുപോകുന്നു. കവിതയോട് വളരെ അടുത്തുനിൽക്കുന്ന ഒരു ദൃശ്യപരിചരണമാണ് സനൽ സിനിമയ്ക്കു നൽകിയിട്ടുള്ളത്. ‘സ്വയം പരാജയപ്പെടുത്തുന്ന ഒരു മത്സരമാണ് ഞാൻ. എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകൾ പരസ്പരം മത്സരിച്ചു തോൽക്കുന്നു. എന്നേക്കാൾ വലിയ ഒരെന്നെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പിൽ ഞാൻ കുഴങ്ങുന്നു’ എന്നൊരു മോണോലോഗിൽ തുടങ്ങുന്ന സിനിമ മഹേന്ദ്രൻ എന്ന മനുഷ്യന്റെ അവസാനമില്ലാത്ത തിരച്ചിലുകളെയും സ്വപ്നങ്ങളെയും സത്യങ്ങളെയും അതിസൂക്ഷ്മമായി അനുധാവനം ചെയ്യുന്നു. തികച്ചും നാഗരികനായ, സമകാലികനെന്നു ഭാവിക്കുന്ന ഒരു പത്രപ്രവർത്തകനാണയാൾ. വിവാഹം, കുടുംബം തുടങ്ങിയ പരമ്പരാഗതമൂല്യങ്ങളെയൊക്കെ ധിക്കരിച്ചു മുന്നേറുന്നുവെന്നും അയാൾ കരുതുന്നു. മഹിയുടെ നഗരജീവിതവും മായയുമായുള്ള പ്രണയവും തകർച്ചയും പിന്നീട് ഒരു തിരിച്ചറിവിന്റെ നിറവിൽ അവളെത്തിരഞ്ഞുള്ള അയാളുടെ യാത്രയുമാണ് സിനിമയുടെ ബാഹ്യപ്രമേയം.

സ്ത്രീയും പുരുഷനും തമ്മിലുള്ള വൈരുദ്ധ്യവും ഒപ്പം സമന്വയവും സൂക്ഷ്മമായി പരിശോധിക്കാനുതകുന്ന ഒരു പ്ലോട്ടിലേക്ക് സംവിധായകൻ നമ്മെ വിദഗ്ദ്ധമായി കൊണ്ടുപോവുകയാണ്. പതിവുപോലെ കാഷായം ധരിച്ച് സത്യം തിരഞ്ഞുപോകുന്ന ഒരു സന്യാസിയെ ഇവിടെ നമ്മൾ കാണുന്നില്ല. പകരം എല്ലാ പരിമിതികളുമുള്ള ഒരു നഗരജീവിയെ കാണുന്നു. മഹിയുടെ ആന്തരികലോകത്തെ പിന്തുടരുന്ന സംവിധായകൻ അവന്റെ മനസ്സാക്ഷി തന്നെയായ മായയെയും കൂടിയാണ് പിന്തുടരുന്നത്. അന്വേഷണത്തിന്റെ നീണ്ട വഴികൾ മഹി ഒറ്റയ്ക്കു നടന്നുതീർക്കുന്നു. അയാൾ തളരുന്നു. ഒടുവിൽ കാലത്തിന്റെ ചുവരിൽ തന്നോടൊപ്പം സഞ്ചരിച്ച എല്ലാവരുടെയും ചിത്രങ്ങൾക്കൊപ്പം മായയുടെ ചിത്രവും അയാൾ കണ്ടെത്തുന്നു. ആശകൾ ശമിച്ച അയാൾ സ്വന്തം വിഴുപ്പുകളും ജീർണ്ണവസ്ത്രവുമുപേക്ഷിച്ച് കാലത്തിലേയ്ക്കു മടങ്ങുന്നു. അവിടെയും സിനിമ അവസാനിക്കുന്നില്ല. ‘എത്രജന്മം ജലത്തിൽ കഴിഞ്ഞതും/എത്ര ജന്മം മരങ്ങളായ് നിന്നതും’ എന്ന വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് മഹിയും മായയും വീണ്ടും കണ്ടുമുട്ടുന്നു. തങ്ങൾ ഇവിടെത്തന്നെ ഉണ്ടായിരുന്നെന്നും യഥാക്രമം ഗരുഡനും കുരുവിയുമായിരുന്നു എന്നും അവർ ഓർത്തെടുക്കുന്നു. വീണ്ടും കലഹിക്കുകയും പിരിയുകയും ചെയ്യുന്നു. മരണത്തിനപ്പുറവും മായ അയാളെ പിന്തുടരുന്നു. വീണ്ടുമയാൾ അവളെ തിരഞ്ഞുപോകുന്നു. മരങ്ങളും തണലും പൂക്കളും പ്രകൃതിയുമായി അവൾ അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്നു.

ഒരുപക്ഷേ, ആപേക്ഷികസത്യങ്ങളിൽ നിന്ന് ആത്യന്തികസത്യങ്ങളിലേക്കുള്ള ഒരു പ്രയാണം തന്നെയാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. സ്വന്തം ഉണ്മയെ ഒരിക്കലും പുർണ്ണമായി കണ്ടെത്താൻ കഴിയാതെ അയാൾ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. പലതരം മായകളിൽ പുലർന്നുപോകുന്നു. ഇക്കാര്യത്തിൽ ആസ്തികനും നാസ്തികനും ഒരുപോലെ തന്നെ. കാലവും സാഹചര്യങ്ങളും മാത്രമേ മാറുന്നുള്ളു. മഹേന്ദ്രന്റെ ജീവിതയാത്രയിൽ മായ എന്ന സ്ത്രീയാണ് ചാലകശക്തി. നിങ്ങളുടേത് ഒരുവേള മറ്റാരെങ്കിലുമാവാം.

മായ എന്ന സങ്കല്പത്തെ ദൃശ്യവൽക്കരിക്കാനുള്ള ധീരമായ ഒരു ശ്രമം ഒരാൾപ്പൊക്കത്തിലുണ്ട്. ഇതോടൊപ്പം കാലമെന്ന അനന്തതയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമവും. സ്വപ്നത്തിന്റെ ഭാഷയും വിഷ്വലുകളുമുപയോഗിച്ച് സമയസഞ്ചാരത്തെ രേഖപ്പെടുത്താൻ സംവിധായകൻ നടത്തുന്ന ശ്രമമായിരിക്കണം ഈ സിനിമയെ സംവിധായകന്റെ സ്വന്തമാക്കി മാറ്റുന്നത്. പുഴയുടെയും വഴികളുടെയും വാചാലമായ ഷോട്ടുകൾ കാലത്തെ ഗഹനസുന്ദരമായി നമ്മുടെ മനസ്സിലേയ്ക്ക് ഒഴുക്കിവിടുന്നുണ്ട്. രേഖീയതയുടെ ക്രമം തെറ്റിച്ചുമുന്നേറുന്ന ഒരക്രമം തന്നെയാണ് സ്വപ്നത്തിനും സത്യത്തിനുമിടയിലൂടെയുള്ള മഹിയുടെ ഉന്മാദയാത്ര. അന്ത്യത്തോടടുക്കുമ്പോൾ ഭ്രമാത്മകതയുടെ ഉയർന്ന തലത്തിലേക്ക് അത് വളർന്നുപടരുകയും ചെയ്യുന്നു. പ്രകൃതി/മനുഷ്യൻ ദ്വന്ദ്വത്തെ ഏകമായ ഒന്നിലേയ്ക്കു ലയിപ്പിക്കുന്ന ക്ലൈമാക്സിലെ ആ കവിത brilliance എന്ന വാക്കിനെ ഓർമ്മിപ്പിക്കുന്നതാണ്.

സവിശേഷമായ ഈ അന്വേഷണത്തിന് ഇന്ത്യയുടെ കറന്റായ സന്ദർഭത്തിൽ പ്രസക്തിയേറെയാണ്. അതുനമ്മെ പ്രകൃതിയിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്നു. ബോറടി മാറ്റാൻ കാടുകയറുന്നവന്റെ ഗൃഹാതുരതയല്ല അത്. ഒരുവേള വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ ഒരാത്മീയതയെ അന്വേഷിക്കലാണ്. മഹേന്ദ്രൻ എന്ന വ്യക്തിയുടെ അന്വേഷണം ഒരിടത്തും അവസാനിക്കാതെ തുടരുകയാണ്. ഒരുപക്ഷേ ഏതൊരു മനുഷ്യന്റെയും ആത്യന്തികമായ വിധിയും ഇതു തന്നെയാവാം എന്നിടത്ത് സിനിമ സാർവലൌകികമായ മനുഷ്യചരിതമായി മാറുന്നു. മായ എന്നൊരു ഏകസത്യത്തിലേക്ക് ഒടുവിൽ നാമെത്തിച്ചേരുന്നു. ഉയരങ്ങളിൽ പെയ്യുന്ന മഞ്ഞുമഴയായി അത് സിനിമയ്ക്കു ശേഷവും നമ്മെ പിന്തുടരുന്നു. മനുഷ്യകഥാനുഗായിയായ ഒരു കവിയുടെ നിരുപാധികമായ ആത്മാവിഷ്കാരമായി സിനിമ മാറുകയാണ്. അഥവാ പ്രേക്ഷകന്റെ ഭാവുകത്വത്തെ പുതുക്കിനിശ്ചയിക്കുന്ന ഒരു സൌന്ദര്യാനുഭവമായിത്തീരുകയാണ് ഒരാൾപ്പൊക്കം.

Monday, October 5, 2015

ഡബിൾ ബാരൽ










ഫേസ്ബുക്കും സിനിമയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. നിരുപാധികഭാവനയുടെ ഭാവവൈവിധ്യമായി ഫേസ്ബുക്ക് മാറിയിട്ടുണ്ടെങ്കിൽ മുഖ്യധാരയെ ഞെട്ടിക്കുന്ന ചില ഭാവവ്യതിയാനങ്ങൾ സിനിമയിലും കണ്ടുവരുന്നു. ലിജോ ജോസെന്ന സംവിധായകനെ അധികമാരും അറിയാതിരുന്ന കാലത്താണ് ആമേൻ എന്ന തനിനാടൻ പാരഡിയുമായി അദ്ദേഹത്തിന്റെ വരവ്. കുമരംകരി എന്ന സാങ്കൽ‌പ്പികസ്ഥലം ഉപയോഗിച്ച് കാലഗണനയെയും നമ്മുടെ ആസ്വാദനരീതിയെയും മന:പ്പൂർവം തെറ്റിക്കുന്ന മാജിക്കൽ സംഭവമായിരുന്നു അതെങ്കിൽ ഡബിൾ ബാരൽ ഈ സമീപനത്തിൽ ഒരുപടി കൂടി മുന്നോട്ടുപോ‍യിട്ടുണ്ട്.

ഞെട്ടിക്കുന്നു എന്നു വെറുതെ പറഞ്ഞതല്ല. സിനിമയിലേക്കു ടിക്കറ്റെടുത്തവരെയും സിനിമയെത്തന്നെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നുണ്ട്. ഷോട്ടുകളെയും പ്രോപ്പർട്ടികളെയും മാത്രമല്ല മനുഷ്യരെയും തന്റെ ടൂളുകളായി ഉപയോഗിക്കുന്നതിലുള്ള സംവിധായകന്റെ വിരുതു കണ്ട് പകച്ചുപോയി. ഇത്രമേൽ ഭാവനാത്മകമായി ഒരു ഗാങ്ങ്സ്റ്റർ പ്ലോട്ടിനെ ആരും സമീപിച്ചു കണ്ടിട്ടില്ല. ഒരു മാജിക്കൽ സംഭവം ചെയ്യുമ്പോൾ പാത്രനിർമ്മിതിയിലും അഭിനയത്തിലും മറ്റു സങ്കേതങ്ങളിലുമെല്ലാം വരുത്തേണ്ട ശൈലീകൃതമായ മാറ്റങ്ങൾ കൃത്യമായി വരുത്തി പരിചരിച്ചിരിക്കുന്നു. പരിപാലിച്ചിരിക്കുന്നു. നർമ്മം വിതറുന്ന കാരിക്കേച്ചറുകളായി സ്ക്രീൻ തകർക്കുമ്പോഴും കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ മലയാളിത്തം നിറഞ്ഞ ഇന്നവേഷൻസ് കൊണ്ടുവന്നതിലാണ് പടത്തിന്റെ ഒരു വിജയം.

വെറും ചിരിയല്ല അല്പം ബുദ്ധിപരമായ ചിരി തന്നെയാണ്. സത്യത്തെയും സ്വപ്നത്തെയും ഫാന്റസിയെയും മിക്സ് ചെയ്തുകൊണ്ടുള്ള ആ കളി നമ്മുടെ പതിവു ‘കൊള്ളസംഘ’ങ്ങളെ വിറപ്പിക്കുന്നതാണ്. അതിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും അത്രമേൽ തള്ളിപ്പറയുന്നതാണ്. ഇത്ര ധൈര്യം എവിടെനിന്നു കിട്ടിയെന്നു മുതലാളിയോടു ചോദിക്കാൻ തോന്നി. സിനിമയിലെ താരജോടിയായ ആ വൈരക്കല്ലുകൾക്ക് ലൈലയെന്നും മജ്നുവെന്നും പേരിട്ടത്തിൽ തുടങ്ങി മരിച്ചുപോയ രണ്ടുപേരെ അന്ത്യം വരെ ജീവിപ്പിച്ചുനിർത്തുന്നതിൽ വരെ ആ വിരുത് തിളങ്ങിനിൽക്കുന്നു. സ്റ്റണ്ണിംഗ് വിഷ്വലുകളുണ്ട് സൂക്ഷ്മമായ ശബ്ദമിശ്രണമുണ്ട് പ്ലോട്ടിനിണങ്ങിയ പാട്ടുകളുണ്ട്. സർക്കാസം അതിന്റെ പീക്കിലുണ്ട്. കുടുംബസിനിമക്കാരെയും ഫോർമുലക്കാരെയും മാത്രമല്ല ചിരിച്ചുമറിഞ്ഞു പടം കണ്ടിരുന്ന ചങ്ക് ബ്രോസിനെപ്പോലും ഒടുവിൽ ഈ സിനിമ ചതിയ്ക്കുന്നുമുണ്ട്. ജീവിതം മാത്രമല്ല 'സിനിമ'യും അടിമുടി ഫേക്കാണെന്ന് അടിവരയിടുന്നുണ്ട്. അത്രമേൽ സ്വയംപരിഹസിക്കുന്നുണ്ട്. എനിവേ, ഉള്ളിലെ സൈദ്ധാന്തികനെ അവഗണിച്ച് മസിലുപിടിക്കാതെ റിലാക്സ് ചെയ്തിരുന്നാൽ ഏതു പുലിയ്ക്കും പൂച്ചയ്ക്കും ആസ്വദിക്കാം. ഈ സിനിമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘എ മാത്തമാറ്റിക്കൽ ചീറ്റിഫിക്കേഷൻ.’ അദ്ദാണ് ഈ പടം.

Thursday, September 24, 2015

എന്ന് നിന്റെ മൊയ്തീൻ













സിനിമ കണ്ടതിന്റെ ഹാങ്ങോവർ താത്വികമായി താഴെപ്പറയും പോലെ പരിഭാഷപ്പെടുത്താം.

1. സിനിമയിൽ കാണപ്പെടുന്ന മൊയ്തീനും കാഞ്ചനയും ഇന്നത്തെ യുവത്വമല്ല അറുപതുകളിലെ യുവത്വമാണ്. പൃഥ്വിയും പാർവതിയും പുതിയ കാലത്തിന്റെ പ്രതിനിധികളായതിനാൽ കാണികൾ അബോധപൂർവമെങ്കിലും അവരെ ഈ കാലത്തോടു ചേർത്തുവെക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ ഇതു യഥാർത്ഥ പ്രണയമല്ല എന്നു തോന്നാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ തോന്നുന്നവരോട് ഒന്നു പറയാം. ഇത് പ്രണയത്തെക്കുറിച്ചുള്ള ഓർമ്മയാണ്. അഥവാ അതിന്റെ ചരിത്രമാണ്.

2. പരസ്പരം തൊടാത്ത പരിശുദ്ധപ്രണയങ്ങൾ ഇവിടെ സുരക്ഷിതരായി ജീവിച്ചിരുന്നുവെന്നത് ഒരു നേരാണ്. ഫാന്റസിയല്ല. ഒരുപക്ഷേ തമ്മിൽ കാണുകപോലും ചെയ്യാതിരുന്നിട്ടും ആ വികാരം അവരിൽ വസന്തമായി പൂവിട്ടുനിന്നിരുന്നു. ഇതൊന്നും കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്തതിനാൽ ഒരുപക്ഷേ നമ്മുടെ ചങ്ക്ബ്രോസിന് ഇതിൽ കുറെയൊക്കെ യുക്തിഭംഗം തോന്നാനുള്ള സാധ്യതയുണ്ട്. അതൊരു തെറ്റല്ല. അത്ര ശരിയുമല്ല.

3. രാഗം മാംസനിബദ്ധമാണെന്ന തത്വത്തിന്റെ ബലത്തിൽ രതിയെ പുറത്തുനിർത്തുന്ന ഈ പ്രണയത്തെ തള്ളിപ്പറയുന്നവരുണ്ട്. അവർ ചില ചരിത്രങ്ങൾ കൂടി ഓർക്കേണ്ടതുണ്ട്. പ്രണയത്തിനും രതിയ്ക്കും വലിയ വില നൽകേണ്ടിവന്നവരും അവയെ ത്യാഗമാക്കി മാറ്റിയവരും ഒരിക്കൽ ഇവിടെയുണ്ടായിരുന്നു. പ്രണയമോ രതിയോ അനുഭവിക്കാൻ കഴിയാതെ അകത്തളങ്ങളിൽ നീറിനീറി ഒടുങ്ങിയ ആത്തേമ്മാരുടെ ഒരു ദുരിതകാലം കടന്നാണ് നമ്മൾ ഇവിടെയെത്തിയത്. ആ ഒരു കാലത്തിന്റെ പ്രതിനിധികളാണ് ഇപ്പോൾ നമ്മുടെ മുന്നിലെത്തിപ്പെട്ട ഈ കാഞ്ചനയും മൊയ്തീനും. ഇനിയും പോരെങ്കിൽ ഒന്നുകൂടി പറയാം. തികച്ചും കാല്പനികമായും സെന്റിമെന്റലായും പ്രണയത്തെയും ജീവിതത്തെയും സമീപിച്ചിരുന്ന ഒരുതരം വികാരജീവികളായിരുന്നു നമ്മുടെ അപ്പനപ്പൂപ്പന്മാർ. ഇപ്പോൾ നാല്പതിലോ അൻപതിലോ ഓടുന്ന അവരുടെ പിൻഗാമികൾക്കും അതിൽ അല്പമൊക്കെ അഭിമാനമുണ്ടായിരിക്കണം.

4. തുടക്കം മുതൽ ഒടുക്കം വരെ സിനിമയുടെ പശ്ചാത്തലം മഴയാണ്. വൈകാരികതയുടെ ഉച്ചസ്ഥായിയിലാണ് സിനിമയുടെ ശില്പം തന്നെ കെട്ടിയുയർത്തിയിട്ടുള്ളത്. മഴ അല്പം കടന്നുപോയില്ലേ എന്നു സന്ദേഹമുണ്ടെങ്കിൽ അതിന്റെയൊരു ജസ്റ്റിഫിക്കേഷനും മേൽപ്പറഞ്ഞ കാല്പനികതയാണ്. പ്രണയം മഴയായി പെയ്യുന്നു എന്നൊക്കെ കേട്ടാൽ അറപ്പും വെറുപ്പുമൊക്കെ തോന്നുന്നവരുണ്ടാവാം. എന്നാൽ ഈ പ്രകൃതിബിംബങ്ങളിലൊക്കെ മുഴുകിയും അവയോടിണങ്ങിയും പിണങ്ങിയും ജീവിച്ചിരുന്ന പാവംപിടിച്ച മനുഷ്യരായിരുന്നു നമ്മുടെ പൂർവികർ. അവരെ കൃത്യതയോടെ കാഴ്ചപ്പെടുത്തുക കൂടിയാ‍ണ് സിനിമ ചെയ്യുന്നത്.

5. ഇന്നും പ്രബലമായിത്തുടരുന്ന മതങ്ങൾക്കിടയിലെ സ്നേഹരാഹിത്യത്തെ നമ്മുടെ പൂർവികർ നേരിട്ടിരുന്ന ചില രീതികൾ വീണ്ടും മുന്നിലേക്കു കൊണ്ടുവരുന്നു എന്നതാണ് മറ്റൊരു പോസിറ്റീവ്. ചങ്കുറപ്പുള്ള ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഊഷ്മളമായ രേഖകളും സിനിമ അവശേഷിപ്പിക്കുന്നു. ഒരു പീരിയഡ് സിനിമയെന്ന നിലയിൽ പ്രണയചരിത്രത്തിനൊപ്പം അല്പം രാഷ്ട്രീയചരിത്രം കൂടി ഉൾച്ചേർന്നിട്ടുണ്ട്. എന്നാൽ കാലഗണന, ഭാഷ തുടങ്ങിയ വിശദാംശങ്ങളിൽ വേണ്ടത്ര ശ്രദ്ധപുലർത്തിക്കാണുന്നില്ല.

6. ഏതൊരു നല്ല സിനിമയും അതിനിണങ്ങിയ ക്രാഫ്റ്റും സങ്കേതങ്ങളും സ്വയം കണ്ടെത്തും എന്നു തോന്നാറുണ്ട്. ഈ സിനിമയ്ക്കിണങ്ങിയ ഋജുവായ നറേറ്റീവും വൈകാരികതയും സംവിധായകൻ വിമൽ ശ്രദ്ധാപൂർവം ഉപയോഗിച്ചിട്ടുണ്ട്. സങ്കേതങ്ങളെ വിദഗ്ദ്ധമായി കോർത്തിണക്കുന്നതിനപ്പുറം ശൈലീപരമായ പരീക്ഷണങ്ങൾക്കു മുതിർന്നിട്ടില്ല. ജോമോന്റെ പ്രതീകഭംഗിയുള്ള വിഷ്വലും ഗോപിയുടെ ശബ്ദവും പരസ്പരം ഇഴുകിച്ചേർന്ന് അദ്ദേഹത്തെ നന്നായി സഹായിച്ചിട്ടുമുണ്ട്.

7. അഭിനേതാക്കളുടെ സിനിമ കൂടിയാണിത്. ഭൂതകാലത്തിൽ നിന്നെഴുന്നേറ്റു വന്ന കഥാപാത്രങ്ങൾക്ക് അതിനിണങ്ങിയ ഒരു ശരീരഭാഷയും ഭാവവും നൽകാൻ പുതിയ തലമുറയിലെ അഭിനേതാക്കൾക്കു കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ടോവീനോ എന്ന നടൻ നായകനും നായികയ്ക്കുമിടയിലൂടെ ഒരു ഏകജാലകപ്രണയവുമായി കടന്നുവന്ന് മിന്നിച്ചു. പൃഥ്വി, പാർവതി എന്നിവരോടൊപ്പം സായികുമാറിന്റെയും സുധീർ കരമനയുടെയും പ്രകടനം എടുത്തുപറയണം.

8. പരിചിതമല്ലാത്ത ഒരു കാലത്തെയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ യുവജനങ്ങളെ ഒപ്പം കൂട്ടുക എന്നതായിരിക്കണം ചിത്രത്തിന്റെ സ്രഷ്ടാക്കൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതിലവർ വിജയിച്ചിട്ടുണ്ടെന്ന് തീയറ്ററിലെ അർത്ഥഗർഭമായ അനക്കങ്ങൾ വെളിപ്പെടുത്തുന്നു.

പ്രേമം












അല്ലെങ്കിലും പ്രേമം എന്നുപറയുന്ന ഈ സംഭവത്തിൽ എന്തു പുതുമയാണുള്ളത്? ആദമിന്റെയും ഹവ്വയുടെയും കാലം മുതൽക്കേ ആണും പെണ്ണും അനുഭവിച്ചു പോരുന്ന ഈ ക്ലീഷേ അനുഭൂതിയെപ്പറ്റി ഇപ്പോൾ എന്താണിത്ര പറയാനുള്ളത്? സംവിധായകൻ പറയുന്നതുപോലെ 17 പുതുമുഖങ്ങളും വയറുനിറച്ച് പാട്ടും രണ്ടു ചെറിയ തല്ലും പ്രേമവും കൊറച്ചു തമാശയുമല്ലാതെ എന്തു കോപ്പാണ് ഈ സിനിമയിലുള്ളത്?

ഏയ് ഒന്നുമില്ലന്നേ. എല്ലാം പഴയതു തന്നെ. പഴയ വീഞ്ഞു പുതിയ കുപ്പിയിൽ എന്നു നമ്മൾ പറയുമല്ലോ. അതിലെ ആ കളിയാക്കൽ എടുത്തുകളഞ്ഞ് അഭിനന്ദനമായി ഉപയോഗിച്ചാൽ ഒരുപക്ഷേ സിനിമയുടെ പൊരുൾ തെളിഞ്ഞുകിട്ടിയേക്കും. അഥവാ നാമിത്രയും കാലം കണ്ടുതീർത്ത വാർപ്പുപ്രണയങ്ങളെ തൂത്തുവാരി എടുത്തു കളഞ്ഞാൽ ശിഷ്ടമായി കിട്ടുന്ന പ്രേമത്തിന്റെ ഒരു അപ്ഡേഷനുണ്ടല്ലോ അതുണ്ട്. അതിൽ പഴകിപ്പൊളിഞ്ഞ ആ നിഷ്കളങ്കതയുണ്ട്. പ്രായോഗികതയുമുണ്ട്. കലിപ്പ് നിറഞ്ഞ സർക്കാസമുണ്ട്. ജീവിതത്തിൽ ചവിട്ടിവീണ ചിരിയുണ്ട്. മഞ്ഞുപുതച്ച മലകളും നിറങ്ങൾ പാടുന്ന താഴ് വരകളുമല്ല. പകരം വെറുമൊരു വാകമരച്ചില്ലയും രണ്ടു ശലഭങ്ങളുമുണ്ട്. പല ആംഗിളിൽ ചിരിച്ചുകൊണ്ടു പാടുന്ന കാമുകനും കാമുകിയുമില്ല. പകരം പരിചിതമല്ലാത്ത ചില മുഷിഞ്ഞ നിറങ്ങളും ശരീരഭാഷകളുമുണ്ട്. ദൃശ്യമല്ല ശബ്ദമാണ് സിനിമ എന്നുറപ്പിക്കുന്ന തരത്തിലുള്ള സിങ്ക് സൌണ്ടിന്റെ സമർത്ഥമായ ഉപയോഗമുണ്ട്. ക്യാമറയുടെ കാക്കനോട്ടങ്ങളുണ്ട്. കാഷ്വൽ സംഭാഷണത്തിന്റെ സ്വാഭാവികതയും വിരുദ്ധോക്തിയുടെ സൌന്ദര്യം തുളുമ്പുന്ന ചിത്രസന്നിവേശത്തിലെ തിരിമറികളുമുണ്ട്. ജോർജ്ജ് അഥവാ നിവിൻ പ്രണയിക്കുന്നതിനാൽ വിശുദ്ധരാക്കപ്പെട്ട മേരി, മലർ, സെലിൻ എന്നീ സുന്ദരികളുണ്ട്. പതിവുമാതൃകകളിൽ നിന്നു വ്യത്യസ്തമായി അവർക്കു സ്വന്തമെന്നു പറയാൻ ചില സ്വഭാവങ്ങളുണ്ട്. ഒരു മല്ലിപ്പൂവിന്‍റെ കൊതിപ്പിക്കുന്ന ചിരിയുണ്ട്...

ചുരുക്കത്തിൽ സമീപനത്തിലെ വ്യതിയാനമാണ് കലയെ വ്യത്യസ്തമാക്കുന്നത് എന്ന ഒരു തിയറിയിലേക്കാണ് നമ്മൾ വരുന്നത്. അൽഫോൻസ് എന്ന പുത്രൻ പുരപ്പുറത്തു കയറി നിന്ന് ഇതു വിളിച്ചുപറയുന്നില്ല എന്നേയുള്ളു. ഒരു നിമിഷം Perfume, the story of a murderer എന്ന ജർമ്മൻ സിനിമയിലെ നിഷ്കളങ്കനായ കൊലയാളിയെ ഓർമ്മവന്നു. ഒരുപക്ഷേ വിചിത്രമായ ഒരു സമാന്തരമുണ്ട് അയാളും അൽഫോൻസും തമ്മിൽ. തന്റെ കൈയിലുള്ള ചെറിയ ബോട്ടിൽ തുറന്ന് മനുഷ്യരായ മനുഷ്യരെ മുഴുവൻ പ്രണയത്തിന്റെ ആനന്ദസാഗരത്തിലെറിഞ്ഞ അയാളെപ്പോലെ അൽഫോൻസ് എന്ന ഈ കൊലയാളിയും പൊളിഞ്ഞു പാളീസായ ഒരു പ്രേമകഥ വീണ്ടും പറഞ്ഞ് ഒരു പാവം ദേശത്തെ മരണമാസുകൾക്കു വേണ്ടി ഒരു കൊലമാസ് കളി കളിക്കുന്നു. അവൻ വാഴ്ത്തപ്പെട്ടവനെന്ന് ഫേസ്ബുക്കിലെമ്പാടും അശരീരികൾ മുഴങ്ങുന്നു. വണക്കം നൻപർകളേ.

ഇവിടെ















ചില ജീവിതങ്ങളിൽ നിന്ന് ടോട്ടൽ ജീവിതത്തിലേക്കുള്ള വൈകാരിക സഞ്ചാരങ്ങളാണ് പൊതുവിൽ ശ്യാമപ്രസാദിന്‍റെ സിനിമകൾ. ആദ്യസംരംഭമായ 'പെരുവഴിയിലെ കരിയിലകൾ' തന്നെയാണ് ഇന്നും മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു ക്ലാസ് വർക്ക്. 

അമേരിക്കയിലെ അറ്റ്ലാന്റ നഗരത്തിന്‍റെ ആംബിയൻസിൽ ഭാവനയെയും പൃഥ്വിയെയും നിവിനെയും കാണുന്നതിലെ ഒരു ചന്തമുണ്ടല്ലോ. അതു തന്നെയാണ് പടത്തിന്റെ മൊത്തത്തിലുള്ള ആനച്ചന്തം. പിന്നെ എടുത്തു പറയാനുള്ളത് പൃഥ്വിയുടെ കറതീർന്ന അർപ്പണവും പ്രൊഫഷണലിസവുമാണ്. സീരിയൽ കില്ലറെ തപ്പുന്ന സ്ഥിരം പണി തന്നെ ഇവിടെയും കിട്ടിയെങ്കിലും സ്വന്തം മുദ്രകൾ കൃത്യമായി പതിപ്പിച്ചാണ് അയാൾ രംഗംവിടുന്നത്. ടൈമിംഗിലും അക്സന്റിലും നിവിന് ടിയാൻ തീർക്കുന്ന സുന്ദരൻ വെല്ലുവിളികൾ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖമുണ്ട്. 

 വേൾഡ് ക്ലാസ് വിഷ്വൽസും ലയമധുരമായ സംഗീതവുമുണ്ട്. ഇടക്കിടെ ഗൃഹാതുരനായിപ്പോകുന്ന ഒരു മാസ്റ്റർസംവിധായകനുണ്ട്. ഒരു ത്രില്ലർ മൂവിയുടെ ചടുലവേഗമുണ്ട്. നടനചാരുതയുണ്ട്. ചുരുക്കത്തിൽ കാസ്റ്റിംഗിന്‍റെയും പെർഫോമൻസിന്‍റെയും സിനിമയെന്ന് ഒരു പടത്തെ വിശേഷിപ്പിക്കാമെങ്കിൽ അതാണ് ഇവിടെ.

Monday, April 6, 2015

ഒരു വടക്കന്‍ സെൽഫി















ചിരി ആര്‍ക്കാ ഇഷ്ടല്യാത്തത്? ന്നാലും ന്‍റിഷ്ടാ, ഫസ്റ്റാഫ് ചിരിപ്പിച്ച് കൊന്നിട്ട് സെക്കന്‍റാഫില് മെസേജ് കൊണ്ട്വരാന്നൊക്കെപ്പറഞ്ഞാ ആര്‍ക്കാ സഹിക്കാമ്പറ്റ്വാ? പിന്നെ മ്മട നിവിനായ കൊണ്ട് അങ്ങട് ക്ഷമിക്ക്യാ. കിടുക്കനായിണ്ട്ട്ടാ. അജൂന്‍റാര്യം നേര്‍ത്തെ തീരുമാനായോണ്ട് പ്പം ഒന്നും പറയണില്ല. നല്ല കോമ്പിനേഷൻ തന്ന്യാണേയ്. ഒന്നും ഒന്നും കൂട്ട്യാ മ്മിണി ബെല്യ ഒന്ന്ന്ന് പറഞ്ഞദാരാ? മ്മടെ ബഷീറല്ലേത്?

സെല്‍ഫി ഒരു കാലത്തിന്‍റെ പ്രതിബിംബമാണ്. ഒരു വടക്കന്‍ സെല്‍ഫി പുതിയ കാലത്തിന്‍റെ സിനിമയും.

യു ടൂ ബ്രൂട്ടസ്











വാണിജ്യസിനിമയുടെ അടിസ്ഥാനസ്വഭാവങ്ങൾ പിന്തുടരുമ്പോഴും എല്ലാവർക്കും ഇഷ്ടമായ സിനിമ പിടിക്കണമെന്നു നിർബന്ധമില്ലാത്ത ചിലർ ഏതുകാലത്തും ഉണ്ടായിവരും എന്നതാണ് സിനിമയുടെ ഒരിത്. ഇവർ പൊതുവിൽ ന്യൂ ജനറേഷൻ എന്നറിയപ്പെടുന്നു. ഇവർ എന്നുമുണ്ടായിരുന്നു എന്ന കാര്യം സൌകര്യപൂർവം മറന്നുകൊണ്ട് നമ്മൾ വാഴുന്ന കാലം അവരെ ആഘോഷിക്കുന്നു. 

ഒരു സംവിധായകൻ തന്റെ പുതിയ തിരക്കഥയുടെ പതിമൂന്നാമത്തെ ഡ്രാഫ്റ്റാണ് സിനിമയാക്കിയത് എന്ന വസ്തുത ഈ കലാരൂപം ആവശ്യപ്പെടുന്ന ഗൃഹപാഠത്തെക്കുറിച്ച് ഒരു ഗുണപാഠം നൽകുന്നുണ്ട്. രൂപേഷ് എന്നാണ് സംവിധായകന്റെ പേര്. ബ്രൂട്ടസ് ചതിയുടെ പ്രതീകമാണ്. യുവതയുടെ പ്രതിനിധികളായ ചില കഥാപാത്രങ്ങളാണ് ചതിയുടെ നഗരമാതൃകകളായി സിനിമയെ ചലിപ്പിക്കുന്നത്. ചിരിയാണ് ഫോർമാറ്റ്. ഉല്പാദിപ്പിക്കാൻ ഒട്ടും എളുപ്പമുള്ള ഒരു വികാരമല്ല അത്. മൂന്നോ നാലോ യുവമിഥുനങ്ങളുടെ പ്രണയവിദ്വേഷങ്ങളിലൂടെ ചതിയിൽ ലിംഗഭേദമില്ലെന്നും ആണിനും പെണ്ണിനും തുല്യപങ്കാളിത്തമാണുള്ളതെന്നും സിനിമ വെളിപ്പെടുത്തുന്നു.

സോദ്ദേശ്യചിത്രമാണോ എന്നു ചോദിച്ചാൽ അല്ല. സദാചാരത്തിന്റെ കാവൽഭടന്മാരെ പ്രകോപിപ്പിക്കുന്ന പലതുമുണ്ട്. വിവാഹേതരബന്ധമുണ്ട്. പ്രായം തികയാത്ത ഒളിച്ചോട്ടവും സഹജീവിതവുമുണ്ട്. വിരസദാമ്പത്യവും അസംതൃപ്തരതിയുമുണ്ട്. സോദ്ദേശ്യപരമായ ഒന്നുമില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. സിഗററ്റു വലിയെ എന്തു വിലകൊടുത്തും നേരിടുന്ന ധീരവനിതയാണ് ഒരു കഥാപാത്രം. അച്ഛന്റെ മരണകാരണമായ സിഗററ്റ് അവളുടെ വിവാഹജീവിതം തന്നെ തകർക്കുന്നതിൽ ഒരു ചിരിയും കരച്ചിലുമുണ്ട്. 

സംവിധായകന് നല്ല മാധ്യമബോധമുണ്ട്. പൊതുവിൽ മലയാളി കണ്ടില്ലെന്നു നടിക്കുന്ന ചില പ്രമേയങ്ങളിലേയ്ക്കു കടന്നുകയറുകയും ചെല്ലുന്നിടത്തെല്ലാം ഒരു കറുത്ത ഹാസ്യത്തിലൂടെ ഇടപെടുകയും ചെയ്യുന്നുണ്ട്. സാമാന്യം പേസുള്ള ഒരു ദൃശ്യശൈലിയിലുടെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ തീയേറ്ററിൽ തന്നെ ഇരുത്തുന്നുണ്ട്. ടൊവീനോ എന്ന നടന്റെ പുതിയ ശരീരഭാഷ നടനാണു താരമെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നുണ്ട്. ഈ നടന്റെ റെയ്ഞ്ച് വിശാലമാക്കാൻ കഴിഞ്ഞുവെന്നത് ഈ സിനിമയുടെ വലുപ്പം തന്നെയാണ്. കുടുംബസമേതമേ കാണൂ എന്നു വാശിപിടിക്കുന്നവരുടെ കാര്യമറിയില്ല. പടം എനിക്കിഷ്ടമായി. മാറുന്ന ജീവിതത്തിന്റെ സ്പന്ദനങ്ങൾ കൃത്യമായി പിടിച്ചെടുക്കുന്ന ഒരു ചെറുസിനിമ. അത്രയേയുള്ളു. അത്രയുമുണ്ട് ഈ ചിത്രം.