Sunday, April 15, 2012

ടെസ്സ കെ.എബ്രഹാം ഉയർത്തുന്ന ചിന്തകൾ








നടപ്പുകാലത്തെ നവസിനിമയ്ക്ക് മത്സരിക്കാനുള്ളത് മലയാളസിനിമയിലെ രണ്ടു ധാരകളോടാണ്; രണ്ടു സെന്‍സിബിലിറ്റികളോടാണ്. ഇപ്പോഴും 40-കളിലെ നാലുകെട്ടുകളിലും സവര്‍ണ്ണബിംബങ്ങളിലും തളഞ്ഞുകിടക്കുന്ന നമ്മുടെ പരമ്പരാഗത ആര്‍ട്ട് സിനിമകളാണ് അതിലൊന്ന്. ആധുനികജീവിതത്തിനന്യമായ സ്ഥലകാലങ്ങളും ഷോട്ടുകളുടെ വേഗതയെക്കുറിച്ചും മറ്റുമുള്ള മാമൂല്‍സങ്കല്പങ്ങളും ഇവയെ ജനങ്ങളില്‍ നിന്നകറ്റുകയും അവാര്‍ഡ്, ക്ലാസ്സ് എന്നിങ്ങനെയുള്ള ലേബലുകള്‍ പതിച്ച് ഈ സിനിമ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. താരജാടകള്‍ക്കായി പുതുപ്പണക്കാര്‍ പടച്ചുണ്ടാക്കുന്ന കെട്ടുകാഴ്ചകളാണ് രണ്ടാമത്തേത്. പ്രേക്ഷകന്റെ സാമാന്യബോധത്തെ കളിയാക്കുകയും അപമാനിയ്ക്കുകയും ചെയ്യുന്ന നിലയിലേയ്ക്ക് ഈ സിനിമകള്‍ തരംതാണു കഴിഞ്ഞെങ്കിലും താരം എന്ന ഘടകം നല്‍കുന്ന മിനിമം ഗാരന്റി ഇവയുടെ വാണിജ്യമൂല്യത്തെ ഇപ്പോഴും താങ്ങിനിര്‍ത്തുന്നു. ഇരുധൃവങ്ങളിലുള്ള ഈ രണ്ടു ധാരകള്‍ക്കിടയിലൂടെയാണ് കാലമാവശ്യപ്പെടുന്ന ദൃശ്യഭാഷയുമായി സിനിമയെ അപ് ഡേറ്റ് ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഇന്നത്തെ നവസിനിമക്കാര്‍ക്ക് അതിജീവിക്കേണ്ടത്. ഇവിടെയാണ് ആഷിക് അബു ഉള്‍പ്പെടുന്ന സിനിമയിലെ യുവതയുടെ പ്രസക്തിയും.

ആഷിക് എന്ന സംവിധായകന്റെ സ്വാതന്ത്ര്യബോധം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതാവാനിടയില്ല. സമരവീര്യവും നവചിന്തകളും നിറഞ്ഞ 90-കളിലെ മഹാരാജാസില്‍ നിന്നു തന്നെയായിരിക്കണം അതിന്റെ സ്വാഭാവിക ജനനം. 80-കളിലെ മഹാരാജാസ് ഓര്‍മ്മയിലിപ്പോഴും ജ്വലിച്ചുനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ നയിക്കുന്ന സമരജാഥകള്‍ ആദ്യമായി കാണുകയായിരുന്നു. അവരുടെ സംഘശബ്ദം ആദ്യമായി കേള്‍ക്കുകയായിരുന്നു. രാഷ്ട്രീയസമരങ്ങള്‍ മാത്രമായിരുന്നില്ല മഹാരാജാസ്. റാങ്കുകള്‍ വാങ്ങിക്കൂട്ടുന്നതിനൊപ്പം കഥയിലും കവിതയിലും കലകളിലും തിളങ്ങുന്നവരുടെ ലോകമായിരുന്നു അത്. സാര്‍ത്ഥകമായ ആണ്‍പെണ്‍ സൌഹൃദങ്ങള്‍ ഞാനവിടെ കണ്ടു. ചരിത്രത്തിലിടം നേടിയ പ്രണയങ്ങള്‍ കണ്ടു. ഇംഗ്ലീഷ് വകുപ്പിലെ ക്ലാസ്സ്മുറിയില്‍ ആദ്യമായി ‘അഗ്രഹാരത്തിലെ കഴുത‘ കണ്ടു.! ചുരുക്കത്തില്‍, വിശ്വമാനവികതയുടെ ഒരു തുറസ്സായിരുന്നു മഹാരാജാസ്. ജീവിതമെന്തെന്നു പഠിപ്പിക്കുന്ന ഒരു സര്‍വകലാശാല.! ആഷിക് ഒരു യാദൃശ്ചികതയല്ല എന്നര്‍ത്ഥം.!

ഫിലിം മേക്കറെന്നനിലയില്‍, ആഷിക്കിന്റെ സ്വതന്ത്രവ്യക്തിത്വം പ്രകടമാ‍യ ചിത്രം തന്നെയായിരുന്നു ‘ഉപ്പും കുരുമുളകും.’ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് തയ്യാറാക്കിയ നവസിനിമയുടെ ഈ പാചകവിധി മലയാളി ഹൃദയത്തിലേറ്റാന്‍ കാരണം അതിലടങ്ങിയ ‘ആറ്റിറ്റ്യൂഡ്’ തന്നെയായിരിക്കണം. ഏറെക്കാലമായി സ്ത്രീകള്‍ സ്ക്രീനിലെ പശ്ചാത്തലഭംഗി മാത്രമായിത്തീര്‍ന്ന സിനിമകള്‍ക്കിടയില്‍, ഒറ്റഷോട്ടില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീപോലും തന്റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതു കണ്ടതിന്റെ സന്തോഷം മലയാളി ആഘോഷിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ലെന്ന് ഇപ്പോളിതാ ‘കോട്ടയത്തെ ടെസ്സയെന്ന പെണ്‍കുട്ടി‘യും തെളിയിക്കുന്നു. വിപ്ലവമെന്നത്, എവിടെനിന്നെങ്കിലും ഇറക്കുമതി ചെയ്യേണ്ട ഒന്നല്ലെന്നും സ്വന്തം ജീവിതം കൊണ്ട് നാം സൃഷ്ടിച്ചെടുക്കേണ്ടതാണെന്നും ഈ പെണ്ണ് വിളിച്ചുപറയുന്നു.! ഇതാ ഒരു സംവിധായകന്റെ ചിത്രം എന്ന് സിനിമയെ സ്നേഹിക്കുന്നവര്‍ തമ്മില്‍ത്തമ്മില്‍ മന്ത്രിയ്ക്കുന്നു. മുന്‍കൂട്ടി റിസര്‍വ് ചെയ്തിട്ടും ഏറ്റവും മുന്‍നിരയിലാണ് സീറ്റ് കിട്ടിയത്. ആദ്യഫലങ്ങള്‍, ഈ സിനിമയെ മലയാളി ഏറ്റെടുത്തുകഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്നു.!

22 എഫ്.കെ. ആഷിക്കിന്റെ സ്വാതന്ത്ര്യബോധത്തെ ഉന്നതമായ ഒരു വിപ്ലവചിന്തയിലേക്കാണ് പറിച്ചുനടുന്നത്. സ്ത്രീയുടെ സഹനം ഒരവസരമായി ഇനിയാരും കാണേണ്ടതില്ല എന്നൊരു മുന്നറിയിപ്പ് അതിലടങ്ങിയിരിക്കുന്നു. സ്വന്തം ശരീരവും ആത്മാവും കൊണ്ട് പ്രതികരിക്കൂ എന്നൊരാഹ്വാനവും ഈ സിനിമ സ്ത്രീസമൂഹത്തിനു മുന്‍പില്‍ വെയ്ക്കുന്നു. ഈ വിപ്ലവം പിടിച്ചുകുലുക്കുന്നത്, പാരമ്പര്യമായി നാം പരിപാലിച്ചുപോരുന്ന കപടസദാചാരങ്ങളെയാണ്.! അത് കടപുഴക്കുന്നത്, കാലങ്ങളായി നമ്മുടെ മനസ്സുകളില്‍ വേരുറച്ചുപോയ സ്ത്രീവിരുദ്ധസങ്കല്‍‌പ്പങ്ങളെയാണ്. അംഗീകൃത ഫെമിനിസ്റ്റുകളുടെ നാമമാത്രമായ പ്രതിഷേധങ്ങള്‍ക്കും ഔപചാരികപ്രതികരണങ്ങള്‍ക്കുമപ്പുറം, മജ്ജയും മാംസവുമുള്ള ഒരു കേരളീയവനിതയുടെ കടുത്ത ജീവിതമുഹൂര്‍ത്തങ്ങളിലൂടെ, പ്രതിരോധമാതൃകകളിലൂടെ ഒരു ഫിലിംമേക്കര്‍ തന്റേതായ രീതിയില്‍ മാറ്റത്തിനു തിരികൊളുത്തുന്നത് ഈ സിനിമയില്‍ കാണാം.!

പാരമ്പര്യത്തില്‍ നിന്നു വേറിട്ട സ്ത്രീസങ്കല്പങ്ങള്‍ സ്ക്രീനിലേയ്ക്കു പകര്‍ന്ന സംവിധായകര്‍ വിരളമാണ് മലയാളത്തില്‍. ആണിന്റെ സമഗ്രാധിപത്യത്തെയും രതിവാസനകളെയും തൃപ്തിപ്പെടുത്തുന്ന സുന്ദരചേരുവയായി അവള്‍ വെറുതെ സ്ക്രീനില്‍ വന്നുപോയി.! ഒരു പദ്മരാജനോ ഭരതനോ ജോര്‍ജ്ജോ അടൂരോ ചന്ദ്രനോ മാത്രം അവളുടെ വ്യക്തിത്വത്തെ അടുത്തുകാണാന്‍ ശ്രമിച്ചു. ആലീസിന്റെ അന്വേഷണം (ടി.വി.ചന്ദ്രന്‍) ഈ ജനുസ്സില്‍‌പ്പെടുന്ന മികച്ച പരീക്ഷണമായിരുന്നു. ആദാമിന്റെ വാരിയെല്ല് എന്ന ജോര്‍ജ്ജിന്റെ ചിത്രം ഒരുവേള, പ്രേക്ഷകരുടെ അംഗീകൃത ദൃശ്യവാസനകളോടേറ്റുമുട്ടി, കാലത്തിനു മുന്‍പേ കടന്നുപോയി. സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന നേരുകള്‍ ഇവര്‍ ചരിത്രത്തിനു മുന്‍പില്‍ രേഖപ്പെടുത്തിവെച്ചു. പതിയെപ്പതിയെ, ഇതുപോലുള്ള സത്യപ്രസ്താവങ്ങള്‍ക്ക് മലയാളസിനിമയിലിടമില്ലാതായി. 22 എഫ്.കെയിലൂടെ ഇപ്പോഴിതാ മറ്റൊരു മലയാളസിനിമകൂടി ചരിത്രത്തിലിടം നേടുന്നു. പുതിയ സ്ഥലത്തിലും കാലത്തിലും തറച്ചുനിര്‍ത്തി, ചിരപരിചിതമായ സ്ത്രീയുടെ ചരിത്രത്തെ അത് മാറ്റിമറിയ്ക്കുന്നു. ഒപ്പം സിനിമയുടെയും.

സാമൂഹ്യവിപ്ലവത്തെപ്പറ്റിയുള്ള നമ്മുടെ ദിവാസ്വപ്നങ്ങള്‍ പണ്ടേ പൊലിഞ്ഞതാണ്. അനുദിനം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തെ കൃത്യമായി വ്യാഖ്യാനിയ്ക്കുകപോലും ഒരുവേള, ഇന്നെളുപ്പമല്ല. ആധികാരികതയെന്നത് ഈ സൈബര്‍കാലത്ത് ഒട്ടും അനാ‍യാസവുമല്ല. അത്യപൂര്‍വമായ ചരിത്രബോധവും പ്രതിഭയും കഠിനാധ്വാനവും ഒപ്പം ധൈര്യവും ഒത്തുചേര്‍ന്നവര്‍ക്കു മാത്രമുള്ളതാണ് കലയുടെ പുതുവഴികള്‍. എങ്കിലും, ആഷിക്കിന്റെ ഈ വേറിട്ട വഴി ചില പ്രതീക്ഷകളുണര്‍ത്തുന്നു. നിരാശയുടെ പടുകുഴിയില്‍ നിന്നുപോലും ചില വിപ്ലവസാധ്യതകളെ അത് വീണ്ടെടുക്കുന്നു.

ഈ സിനിമയിലൂടെ ആഷിക് ഏറ്റെടുത്തു വിജയിപ്പിച്ച ചില ചെറുവിപ്ലവങ്ങളുണ്ട്. സ്ത്രീയ്ക്ക് സ്വന്തംനിലയില്‍ ഒരു പ്രതിരോധം ആവശ്യമാണെന്നു പറയുന്നതിനൊപ്പം അവളെ സഹഭാവത്തോടെ കാണുന്ന പുരുഷന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും ഈ സിനിമ ഉറപ്പുനല്‍കുന്നു. മനംമയക്കുന്ന പ്രണയച്ചിരിയില്‍, Can I have sex with you.? എന്ന ചോദ്യമൊളിപ്പിച്ച സുന്ദരപുരുഷന്മാരെക്കുറിച്ച് ജാഗ്രതപുലര്‍ത്താന്‍ അവളോടാവശ്യപ്പെടുന്നു. കന്യകാത്വമടക്കം സ്ത്രീയെ സംബന്ധിച്ച നിരവധി സാമൂഹ്യമായ മുന്‍വിധികളെ ഈ ചിത്രം തകര്‍ക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന റിയല്‍ലൈഫ് വിഷ്വലുകള്‍ ആദ്യമായി ഉപയോഗിച്ചുകൊണ്ട് മാര്‍ക്കറ്റിംഗിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഷിക്കിനു കഴിഞ്ഞിരിക്കുന്നു.

ഉപ്പും കുരുമുളകും എന്ന സിനിമ നല്‍കിയ ഉറപ്പില്‍, പൊട്ടിച്ചിരിക്കാന്‍ തയ്യാറായി തീയറ്ററിലെത്തുന്ന ആഷിക്കിന്റെ സ്ഥിരം പ്രേക്ഷകരെ ഈ സിനിമ അല്പമൊന്നു നിരാശപ്പെടുത്തിയേക്കാം. എന്നാല്‍, ചടുലമായ ദൃശ്യവിന്യാസം കൊണ്ട്, അഭിനയത്തികവുകൊണ്ട്, ഡയലോഗിലെ ആര്‍ജ്ജവം കൊണ്ട്, നവ്യമായ ജീവിതസമീപനം കൊണ്ട് അവരെ തന്റെ പ്രമേയത്തിലേയ്ക്ക് കൈപിടിച്ചുനടത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചു. എങ്കിലും മലയാളി എന്നും പരാതിക്കാരനാണല്ലോ.? അവന്‍ അപ്പോഴും നെറ്റി ചുളിയ്ക്കും. പെണ്ണിന്റെ പ്രതികാരം ഒരു ക്ലീഷേയല്ലേ.? ‘ഒരു പെണ്ണിന്റെ കഥ‘യില്‍ നമ്മളിതു കണ്ടതല്ലേ, നോക്കൂ, ചില രംഗങ്ങള്‍ മെലോഡ്രാമയിലേയ്ക്കു വഴുതിയില്ലേ.? എന്നൊക്കെ ചോദിക്കും. പക്ഷേ, അതൊന്നും കാര്യമാക്കാനില്ല. ക്രൂരമായ നിസ്സംഗതയോടെ നാം കണ്ടുനിന്ന സൌമ്യയുടെ ദുരന്തം ഒരു മെലോഡ്രാമയായിരുന്നില്ലേ.? ഒരുവേള, മലയാളിയുടെ സവിശേഷതയായിത്തീര്‍ന്ന ഈ നിസ്സംഗതയ്ക്കുള്ള ഒരു കലാകാരന്റെ വിനീതമായ മറുപടി തന്നെയാണ് പുതിയ കാലത്തിന്റെ ആത്മാവില്‍ തറച്ചുനിര്‍ത്തിയ ഈ സിനിമ.

Sunday, March 4, 2012

ജീവിതം ഒരു റോഡ് മൂവീ














യാ
ത്ര ജീവിതത്തെ ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.? അതെന്തായാലും, ഞാനുൾപ്പെട്ട കാമ്പസ്സിലെ അരാജകസംഘത്തെ സംബന്ധിച്ച്, യാത്രകൾ മനസ്സിനെ ഹരം കൊള്ളിയ്ക്കുന്ന ഉത്സവങ്ങളായിരുന്നു. ഒരുവേള, പലർക്കും വിചിത്രമായിത്തോന്നാം. ഞങ്ങളുടെ യാത്രകൾ ഒരിക്കലും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്കോ നിസ്സഹായരായ മനുഷ്യർ തിക്കിത്തിരക്കുന്ന പുണ്യസ്ഥലങ്ങളിലേക്കോ ഒന്നുമായിരുന്നില്ല അവ മിക്കവാറും പ്രകൃതിയിലേക്കുള്ള മടക്കയാത്രകളായിരുന്നു. കാടും മലയും വെള്ളച്ചാട്ടങ്ങളും പുഴയും കായലും കാറ്റും കടൽത്തീരവും മാത്രമല്ല. വൈവിധ്യമാർന്ന മനുഷ്യപ്രകൃതിയും വാക്കുകൾക്കതീതമായ അനുഭവങ്ങൾ ഞങ്ങൾക്കു പകർന്നുതന്നു.!

നാട്ടുമ്പുറങ്ങളിലെ നെൽ‌പ്പാടങ്ങൾക്കും പുഴയോരങ്ങൾക്കും ഒറ്റയടിപ്പാതകൾക്കുമായി ഒഴിവുദിനങ്ങൾ വിട്ടുകൊടുത്ത ഞങ്ങൾ വിരസമായ ദിനാന്തങ്ങളിൽ ഭ്രമാത്മകമായ നഗരത്തിരക്കിലലിഞ്ഞു നടന്നു..പുലരിമഞ്ഞിന്റെ പുതപ്പിനുള്ളിലൂടെ പാടത്തു പണിയ്ക്കിറങ്ങുന്ന കർഷകർ എന്നിൽ ശരിക്കും രോമാഞ്ചമുണ്ടാക്കി. എന്റെ ക്യാമറയിൽ ഏറ്റവുമധികം പതിഞ്ഞത് അധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഈ നിഴൽച്ചിത്രങ്ങളത്രേ.! നഗരത്തെയും ഞങ്ങൾ വെറുതെ വിട്ടില്ല. ഒരിടത്തും നിൽക്കാതെ പായുന്ന അവളുടെ പദചലനങ്ങളെ ഞങ്ങൾ മാറിനിന്ന് വീക്ഷിച്ചു. ലക്ഷ്യമില്ലാതെയുള്ള ഈ അലസഗമനങ്ങൾക്കിടെ ഞങ്ങൾ ജീവിതത്തെപ്പറ്റി ചിന്തിച്ചു...സംസാരിച്ചു. ഒരിക്കലും പിടിതരാത്ത അതിന്റെ വിസ്മയങ്ങളുടെ തലനാരിഴ കീറി. തളരുമ്പോൾ താവളത്തിലേയ്ക്കു മടങ്ങി. ചുരുക്കത്തിൽ, ഏതു യാത്രയും നവ്യാനുഭൂതികളുടെ ഒരു പുതുലോകം ഞങ്ങൾക്കു മുന്നിൽ തുറന്നു. പതിയെപ്പതിയെ, ജീവിതം ഒരു റോഡ് മൂവിയായി ഞങ്ങൾ ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു.!

ഒരു മുഖവുരയുമില്ലാതെ കഥയിലേയ്ക്കു പ്രവേശിച്ചതിൽ നീരസം തോന്നുന്നുണ്ടോ.? എങ്കിൽ, നമുക്കൊന്നു പരിചയപ്പെടാം. എന്റെ പേർ സൂരജ്. ശിവൻ, ജോൺസൺ, ബാലു എന്നിവർ കൂടിച്ചേർന്നതാണ് ഞങ്ങളുടെ നാൽവർസംഘം. സുഹൃത്തുക്കളെന്നൊക്കെ ഒറ്റ വാക്കിൽപ്പറഞ്ഞാൽ ഒരുപക്ഷേ, കാര്യങ്ങൾ വ്യക്തമാവണമെന്നില്ല. ജീവിതമെന്ന മായികതയിൽ പരസ്പരം കണ്ടുമുട്ടുമ്പോൾ ഞങ്ങൾ ബിരുദവിദ്യാർത്ഥികളായിരുന്നു. സസ്യങ്ങളുടെ നിശ്ചലജീവിതമായിരുന്നു ക്ലാസ്സിലെ പഠനവിഷയമെങ്കിലും യഥാർത്ഥ ജീവിതം ക്ലാസ്സിനു പുറത്തായിരുന്നു. മാലാഖമാരുടെ സ്വപ്നജീവിതം.! ബാച്ചിലെ സുന്ദരികളായ 16 പെൺകുട്ടികൾക്കൊപ്പം ഞങ്ങൾ നാല് ആൺതരികൾ മാത്രം.! വിജയകരമായ മൂന്നു വർഷത്തിനപ്പുറം ബിരുദധാരികളായി മാറുമ്പോൾ, നഗരവും ആ കലാലയവും ആത്മാവിന്റെ ഭാഗമായിത്തീർന്നിരുന്നു. ബിരുദാനന്തരത്തിനും അതേ കാമ്പസ്സിൽ, ഒരേ ക്ലാസ്സിൽത്തന്നെ പ്രവേശനം ലഭിച്ചതാണ് ഞങ്ങളുടെ സൌഹൃദത്തെ ഒരു ചരിത്രസംഭവമാക്കി മാറ്റിയത്.

അദൃശ്യമായ ഏതോ ചരടിനാൽ ബന്ധിക്കപ്പെട്ട ആത്മാക്കളെപ്പോലെ എല്ലായിടത്തും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കോളെജിലും ഹോസ്റ്റലിലും ബീച്ചിലും ബാറിലും ബസ്സിലും തട്ടുകടയിലും ഹോട്ടലിലും തീയേറ്ററിലും എന്നുവേണ്ട, ഞങ്ങളുടെ വഴികൾ എന്നും ഒരേ ദിശയിൽത്തന്നെ സഞ്ചരിച്ചു.! അഞ്ചാം വർഷത്തിൽ ഒരേ ജോലിക്കുള്ള പ്രവേശനപരീക്ഷ ഒരുമിച്ചു പാസ്സാകുംവരെ ഈ അനുയാത്ര തുടർന്നു.! ശിവനും ജോൺസണും ജോലി ലഭിച്ചപ്പോൾ ഞാനും ബാലുവും ഇന്റർവ്യൂ എന്ന കടമ്പയിൽ തടഞ്ഞു വീണു.! അപ്പോഴും ജോലിയല്ല; അനിവാര്യമായിത്തീർന്ന വേർപാട് മാത്രമായിരുന്നു ഞങ്ങളെ വിഷമിപ്പിച്ചത്.! അഞ്ചു സംവത്സരങ്ങളുടെ സഹവാസത്തിനു ശേഷം ആദ്യമായി ഞങ്ങളുടെ ജീവിതങ്ങൾ നാലു ദിക്കിലേക്കു ചിതറി. ഈ വിരഹം അംഗീകരിക്കാത്ത ഞങ്ങളുടെ മനസ്സുകൾ തപാൽവകുപ്പിനെ ആശ്രയിച്ച് ആശയവിനിമയവും അവസാനിക്കാത്ത സൈദ്ധാന്തിക ചർച്ചകളും തുടർന്നുകൊണ്ടേയിരുന്നു. ശിവന്റെയും ജോൺസന്റെയും അവധിദിനങ്ങൾ പിന്നെയും ഞങ്ങളുടെ സംഗമവേദികളായി മാറി. ഗൃഹാതുരമായ പോയകാലത്തെ മടക്കിവിളിക്കാൻ, ഈ സമാഗമങ്ങളെല്ലാം ഞങ്ങൾ യാത്രകൾക്കായി മാറ്റി വെച്ചു.

ബോറടിക്കുന്നുണ്ടോ.? ഉണ്ടെങ്കിൽ പറയണം...അതൊരു ഒക്ടോബർ മാസമായിരുന്നു. നേർത്ത തണുപ്പുകാറ്റിന്റെ തലോടലേറ്റ് രാത്രിവണ്ടിയിൽ ഞാനും ബാലുവും ജോൺസണും എറണാകുളത്തുനിന്നു പേരാമ്പ്രയിലേയ്ക്കു യാത്ര ചെയ്യുമ്പോൾ, വിശേഷിച്ച് ഒരു പദ്ധതിയും മനസ്സിലുണ്ടായിരുന്നില്ല. സൈഡ് സീറ്റിലെ ഷട്ടർ താഴ്ത്തി, ഞങ്ങൾ സുഖമായുറങ്ങി. പുലർച്ചയോടെ ശിവന്റെ വാടകവീട്ടിലെത്തിയതും മനസ്സിലേയ്ക്ക് കാമ്പസ്സും ആ നഷ്ടസ്മൃതികളും മടങ്ങിവന്നു. അല്പനേരം വിശ്രമിച്ച്, കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് തൊട്ടടുത്തുള്ള ഉഡുപ്പി ഹോട്ടലിൽ നിന്ന് ഞങ്ങൾ ഇഡ്ഡലിയും ചമ്മന്തിയും കഴിച്ചു. ചൂടുചായ ഊതിക്കുടിക്കുന്നതിനിടെ, ‘ഇന്നു നമ്മൾ കക്കയത്തേയ്ക്കാണ് പോകുന്ന‘തെന്ന് ശിവൻ വെളിപ്പെടുത്തി. ഉച്ചഭക്ഷണം പാഴ്സലായി വാങ്ങി, സ്റ്റാൻഡിലെത്തിയ ഞങ്ങളെക്കാത്ത് അബൂബക്കർ എന്ന ടാക്സിഡ്രൈവർ നിൽ‌പ്പുണ്ടായിരുന്നു. ‘ഇതു ബക്കറിക്ക; എന്റെ സ്ഥിരം സാരഥി‘യെന്ന് ശിവൻ പരിചയപ്പെടുത്തി. നരച്ചുതുടങ്ങിയ താടിയിൽ തടവി, ബക്കർ നിഷ്കളങ്കമായി ചിരിച്ചു. പിന്നെ, കാറിൽക്കയറി ഞങ്ങൾ യാത്രയായി.

ശിവന്റെ വക സ്ഥലപുരാണത്തിന്റെ അകമ്പടിയോടെ, വനമേഖലയിലേക്കുള്ള വഴികൾ പിന്നിടുമ്പോൾ, ഞാനോർക്കുകയായിരുന്നു. പത്താം തരത്തിൽ പഠിക്കുമ്പോഴാണ് സാജനെന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ദുരൂഹമായ കസ്റ്റഡിമരണം. അന്നത്തെ പത്രത്താളുകളിലെ ശവഗന്ധമുള്ള വാർത്തകളും വൃദ്ധനായ ഒരു പിതാവിന്റെ ദു:ഖം ഖനീഭവിച്ച മുഖവും എനിക്കോർമ്മ വന്നു. ഉച്ചയോടെ കക്കയത്തെത്തി. ഒരിക്കൽ നിഗൂഢരഹസ്യങ്ങളുടെ കലവറയായിരുന്ന പോലീസ് ക്യാമ്പ് ഇന്ന് വെറുമൊരു ഓഫീസാണ്. ‘സ്വന്തം ഉത്തരവാദിത്തത്തിലാണ് ഡാം സൈറ്റിലേയ്ക്കു പോകുന്നതെന്ന് എഴുതിയൊപ്പിട്ടു നൽകുമ്പോൾ, എന്തിനാണിത്രയും കരുതലെന്ന് ഞങ്ങളോർക്കാതിരുന്നില്ല. ഇരുവശവും ഇടതൂർന്ന ഹരിതവനത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴി, ആ കരുതലിനെപ്പറ്റി ദുരൂഹമായ ചില സൂചനകൾ തന്നുകൊണ്ടിരുന്നു. മുകളിലേക്കു പോകുന്തോറും നിശ്ശബ്ദതയുടെ കനം കൂടിക്കൂടി വരുന്നതുപോലെ.! ഇടയ്ക്കിടെ പുറത്തിറങ്ങി ഞങ്ങൾ ക്യാമറ ക്ലിക്ക് ചെയ്തു. പൊടുന്നനെ എവിടെനിന്നോ മഞ്ഞിൻ പാളികൾ വന്നു നിറഞ്ഞ് വനമാകെ ഒരു വെള്ളക്കടലായി മാറി. പ്രകൃതിയുടെ വന്യഭംഗി ആസ്വദിക്കുന്നതിനൊപ്പം അകാരണമായ ഒരു ഭീതി ഞങ്ങളെ വലയം ചെയ്തു. ‘ഹോ..എന്തൊരു കാട്.! ആളെക്കൊല്ലാൻ പറ്റിയ സങ്കേതം തന്നെ’യെന്ന് ജോൺസൺ ഒരു തമാശ പറഞ്ഞു. ചരിത്രത്തിലെ ആ ദുരന്തസ്മൃതികൾ ഒരിക്കൽക്കൂടി മനസ്സിലേക്കു കടന്നുവന്നു.

മലമുകളിലെ ഡാം സൈറ്റിലെത്തിയപ്പോഴേയ്ക്കും മഴ പെയ്യാനാരംഭിച്ചു. മലയിലെ മഴയ്ക്ക് സമതലങ്ങളിലെ മഴയുടെ ശാന്തസ്വഭാവമല്ല. വലിയ മഴത്തുള്ളികൾ, ചരൽക്കല്ലുകളെപ്പോലെ ശരീരത്തെ നോവിച്ചു. മഴയുടെ ശക്തി കൂടിയതിനാൽ ഞങ്ങൾ ഓടി കാറിൽക്കയറി. ഭക്ഷണപ്പൊതിയഴിച്ച് വിശപ്പകറ്റി, ഞങ്ങൾ മഴയ്ക്കിടയിലൂടെ മലയിറങ്ങാൻ തുടങ്ങി. നിമിഷങ്ങൾക്കകം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മലഞ്ചരിവിലൂടെ നിരവധി ജലപാതങ്ങൾ രൂപപ്പെട്ടു. പ്രകൃതിയുടെ പെട്ടെന്നുള്ള ഈ ഭാവമാറ്റം ഞങ്ങളെ തെല്ലു ഭയപ്പെടുത്താതിരുന്നില്ല. ‘വഴി ഒട്ടും കാണാൻ കഴിയുന്നില്ല’ എന്നു ബക്കറിക്ക പറഞ്ഞതിനാൽ ഞാൻ ടവ്വലെടുത്ത് മുന്നിലെ ഗ്ലാസ്സ് തുടച്ചുകൊണ്ടിരുന്നു. ഒരു ഹെയർപിൻ വളവു തിരിഞ്ഞ് ബക്കർ പെട്ടെന്ന് വണ്ടി നിർത്തി. പുറത്തേക്കു നോക്കിയ ഞങ്ങൾ ശരിക്കും പേടിച്ചുപോയി. മലമുകളിൽ നിന്ന് വലിയ ഒരു വെള്ളച്ചാട്ടം തൊട്ടുമുന്നിലെ കാട്ടുപാതയിലേയ്ക്ക് ശക്തിയായി പതിക്കുകയാണ്. ‘വണ്ടിയെടുക്കാൻ കഴിയൂല്ല; ഒന്നെറങ്ങി നോക്ക്...’ബക്കറിന്റെ ശബ്ദത്തിലും ആശങ്ക നിറഞ്ഞിരുന്നു.

ഞങ്ങൾ പുറത്തിറങ്ങി രംഗം വീക്ഷിച്ചു. ഒരു കാറിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിനിറഞ്ഞ് വെള്ളമൊഴുകുകയാണ്. പെരുമഴയിൽ രൂപമെടുത്ത വെള്ളച്ചാട്ടങ്ങൾക്ക്, നോക്കിനിൽക്കെ ശക്തി കൂടിവരുന്നു. വണ്ടിയെടുത്താൽ, കാറിനു മുകളിലേയ്ക്കു തന്നെ വെള്ളം ശക്തിയായി പതിയ്ക്കും. തൊട്ടപ്പുറത്ത് നിലയില്ലാത്ത കൊക്കയാണ്. നനഞ്ഞു കുതിർന്ന ഞങ്ങൾ നിസ്സഹായരായി മുകളിലേയ്ക്കു നോക്കി. അല്പമകലെയായി, ഒരു വലിയ പാറ അടർന്നു വീണ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടിവിറച്ചു. മുന്നറിയിപ്പുപോലെ ഒരു‌ മേഘഗർജ്ജനം കൂടി ഭൂമിയിലേയ്ക്കിറങ്ങിവന്നു. അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു തോന്നി. രണ്ടും കല്പിച്ച് കാറിൽ കയറി ഞങ്ങൾ ബക്കറിനു ധൈര്യം പകർന്നു. ഗിയർ താഴ്ത്തി, ബക്കർ വണ്ടിയെടുത്തു. ജലപാതത്തിൽ ശക്തമായി ഒന്നുലഞ്ഞെങ്കിലും ഒഴുക്കിൽ‌പ്പെട്ടതു പോലെ കാർ പതിയെ മുന്നിലേയ്ക്കു നീങ്ങി. പുനർജ്ജന്മം ലഭിച്ചവരെപ്പോലെ ഞങ്ങൾ പ്രാർത്ഥനാനിരതരായി.!

വൈകിട്ട് അഞ്ചുമണിയോടെ നഗരത്തിൽ തിരിച്ചെത്തി ബക്കറെ യാത്രയാക്കുമ്പോഴാണ് ആ ചൂടുവാർത്തയറിഞ്ഞത്. വടക്ക് അയോദ്ധ്യയിലേക്കു പുറപ്പെട്ട ഒരു രഥയാത്ര സർക്കാർ തടഞ്ഞിരിക്കുന്നു.! നാട്ടിലാകെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.! പുറം ലോകത്തു നടന്നതൊന്നുമറിയാതെ ഒരു പകൽ മുഴുവൻ ഞങ്ങൾ യാത്രയിലായിരുന്നല്ലോ.? ഒരിക്കൽക്കൂടി, ഞങ്ങൾ വിഷമകരമായ ഒരു ചരിത്രസന്ധിയിലെത്തിച്ചേർന്നതായി എനിക്കു തോന്നി.

വളരെ വേഗത്തിൽ, നഗരത്തിന്റെ ഭാവം മാറി. ഒരു സാംക്രമികരോഗം പോലെ തെരുവിലുടനീളം ഹർത്താൽ പടർന്നുപിടിച്ചു. കടകളടഞ്ഞു. സ്വയമൊളിയ്ക്കാൻ ശ്രമിക്കുന്നതു പോലെ നഗരവാസികൾ കൂരകൾക്കുള്ളിലേക്കൊതുങ്ങി. ബാക്കിയായവർ കരുതലോടെ കൂട്ടംകൂടി നിന്നു. അവരുടെ തൊണ്ടയിൽ നിന്ന്, ചുരുക്കം വാക്കുകൾ മാത്രം പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നു. ഭയം ഭീമാകാരനായ ഒരു ദിനോസറിനെപ്പോലെ നഗരത്തെ പാതിയും വിഴുങ്ങിക്കഴിഞ്ഞിരുന്നു. അത്താഴത്തിനായി എന്തെങ്കിലും വാങ്ങാമെന്നുകരുതി ഞങ്ങൾ അടച്ചു കൊണ്ടിരുന്ന ഒരു ഹോട്ടലിൽ കയറി. അപ്പോൾ, ദൂരെനിന്ന് ഒരു ജാഥ കടന്നുവരുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തൊട്ടടുത്ത കവലയിൽ നിന്ന് എതിർദിശയിലേക്കും ഒരു ജാഥ രൂപപ്പെട്ടു. അതുവരെ സാധാരണ മനുഷ്യരായിരുന്നവർ പെട്ടെന്ന് ഹിന്ദുവും മുസ്ലീമുമായി മാറിയതായി എനിക്കു തോന്നി. പോർവിളി മുഴക്കിക്കൊണ്ട് ഇരുജാഥകളും നേർക്കുനേർ അടുത്തു. ഞങ്ങൾ ഒരപകടം മണത്തു. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ കണ്മുന്നിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കയ്യിൽ മാരകായുധങ്ങളുമായി ദൂരെനിന്ന് കുറച്ചുപേർ ഓടിവരുന്നതുകണ്ട് ഞങ്ങൾ കടയിൽ നിന്നിറങ്ങിയോടി. അടുത്തു കണ്ട ഒരിടവഴിയിലൂടെ ശിവൻ താമസിക്കുന്ന വീട്ടിലെത്തിയപ്പോഴേയ്ക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.

വാതിലും ജനലുമെല്ലാമടച്ച് ഞങ്ങൾ അകത്തിരുന്നു. ഉള്ളിലും പുറത്തും ഭയാനകമായ ഒരു നിശ്ശബ്ദത കനത്തുവന്നു. ഞങ്ങൾക്ക് ഒന്നും സംസാരിക്കാൻ തോന്നിയില്ല. കുറച്ചു ദൂരെ നിന്ന് ഒരു സ് ഫോടനത്തിന്റെ ശബ്ദം ഉയർന്നുകേട്ടു. ജനൽപ്പാളി തുറന്ന് ഞങ്ങൾ പുറത്തേക്കു നോക്കിയെങ്കിലും ഒന്നും വ്യക്തമായിരുന്നില്ല. പെട്ടെന്ന് വൈദ്യുതി നിലച്ചു. എല്ലാ സങ്കീർണ്ണതകളെയും വിഴുങ്ങിക്കൊണ്ട് ഇരുട്ട് അതിന്റെ ഭീതിദമായ രൂപം പുറത്തുകാട്ടി. എന്തെങ്കിലും സംസാരിക്കാൻ വേണ്ടി മാത്രം, ‘ഈ വീട് ആരുടെയാണെ‘ന്ന് ഞാൻ ശിവനോട് പതുക്കെ ചോദിച്ചു. ‘ഇതു ഷൌക്കത്ത് മാഷിന്റെ വീടാ. രണ്ടുവർഷമായി മാഷും കുടുംബവും ഗൾഫിലാ..’ അവൻ പറഞ്ഞു. ഇതു കേട്ടതോടെ എന്റെ ശ്വാസഗതി അല്പം കൂടി വേഗത്തിലായി. പാവം ബാലുവിന്റെ ശരീരം ആലിലപോലെ വിറയ്ക്കുന്നത് ആ കനത്ത ഇരുട്ടിലും ഞാൻ കണ്ടു. വിശപ്പും ദാഹവുമൊക്കെ മറന്ന് അനിവാര്യമായ വിധിയും കാത്ത് ഞങ്ങൾ അവിടെത്തന്നെയിരുന്നു. ഈയൊരു ദിവസത്തെ അനുഭവത്തിൽ നിന്നുതന്നെ, എനിക്കു മതങ്ങളിലുള്ള വിശ്വാ‍സം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരുന്നു.! വളരെപ്പെട്ടെന്ന്, തികച്ചും യാദൃശ്ചികമായി, യാത്രയുടെ നാനാർത്ഥങ്ങളെപ്പറ്റി ഞാൻ ഒരിക്കൽക്കൂടി ഓർത്തുപോയി. ‘യാത്ര ജീവിതത്തെ ചലിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ഇന്ധനമാണെന്ന് പറഞ്ഞതാരാവാം.? അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ.?’