Monday, April 6, 2015

ഒരാൾപ്പൊക്കം














'എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകൾ പരസ്പരം മത്സരിച്ചു തോൽക്കുന്നു. എന്നേക്കാൾ വലിയ ഒരെന്നെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പിൽ ഞാൻ കുഴങ്ങുന്നു. ഞാൻ പിളർന്ന് ഞാൻ തന്നെ പുറത്തുവരുന്നു.’ - സനൽകുമാർ ശശിധരൻ

ഗഹനസുന്ദരമായ ഒരു കാഴ്ചയിലേയ്ക്ക് നമ്മുടെ ബോധത്തെ അറസ്റ്റുചെയ്തു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. തീരാത്ത സ്നേഹം പോലെ മഞ്ഞു പെയ്യുന്ന മലയുടെ തണുപ്പിലേയ്ക്ക് ദിഗംബരനായ മഹേന്ദ്രന്റെ മനസ്സും അഴിഞ്ഞടരുകയാണ്. നിരുപാധികമായ പ്രകൃതിയുടെ മനസ്സും മനുഷ്യപ്രകൃതിയും ഒന്നായി മാറുകയാണ്. ഇനി ഇയാളെ പിന്തുടരുകയല്ലാതെ മാർഗ്ഗമില്ല.

മായ മഹിയുടെ മനസ്സാക്ഷി തന്നെയാണ്. ഉള്ളിലിരുന്നുകൊണ്ട് അവനെ തിരുത്തുന്ന അവൻ തന്നെയാണവൾ. അവളുടെ അഭാവം അയാൾക്ക് ആത്മാവിന്റെ അഭാവം തന്നെയാണ്. സോ, അയാൾ മായയെ തിരഞ്ഞുപോകുന്നു. പുരുഷാഹന്തയുടെ മുനയൊടിക്കുന്ന പെണ്ണാണ് മായ. ഒപ്പം നിരുപാധികമായ കരുതലും പ്രണയവുമാണവൾ. എന്റെയും നിന്റെയുമുള്ളിലിരുന്ന് ലോകത്തെ ഭരിക്കാൻ വെമ്പുന്ന അധികാരത്തെ അവൾക്കു ചോദ്യംചെയ്യാതെ വയ്യ. ‘നീ വെറുതെ സുഖിപ്പിക്കുകയാണ്/you pretends to be nice’ എന്ന അവളുടെ കൃത്യമായ പ്രകോപനം അയാളെ ചൊടിപ്പിക്കുന്നു. അപ്പോളവൾ പറയുന്നു. ‘ഇതാ ഇപ്പോൾ യഥാർത്ഥ നീ പുറത്തുവന്നു തുടങ്ങുന്നുണ്ട്.’ അപ്രതിരോധ്യമായ സ്ത്രീസാന്നിധ്യമായി ഒരു സിനിമ മാറുകയാണ്. നമ്മുടെ സിനിമയിൽ ഒട്ടും പതിവില്ലാത്ത ഒന്ന്.

ഭൌതികയാഥാർത്ഥ്യങ്ങളിൽ മുഴുകിജീവിക്കുന്നവനും ഒരാത്മീയതയുണ്ട്. അതിലേയ്ക്കാണ് സിനിമയ്ക്കൊപ്പം ഞാനും നിങ്ങളും സഞ്ചരിക്കുന്നത്. മായ എന്ന സങ്കൽ‌പ്പത്തെ കാലികമായി പുതുക്കുന്ന ജോലി സംവിധായകൻ നന്നായി ചെയ്യുന്നുണ്ട്. കാഷായം ധരിച്ച് സത്യം തിരഞ്ഞുപോകുന്ന ഒരവധൂതനെ ഇവിടെ നമ്മൾ കാണുന്നില്ല. പകരം എല്ലാ പരിമിതികളുമുള്ള ഒരു നഗരജീവിയെ കാണുന്നു. കോർപ്പറേറ്റ് കാലത്തെ വിനാശകരമായ വികസനമാതൃകകൾ കാണുന്നു. മനുഷ്യനെ കടപുഴക്കുന്ന, പ്രകൃതിയെ പ്രകോപിപ്പിക്കുന്ന ആർത്തികൾ കാണുന്നു. മനുഷ്യപ്രകൃതിയെ പ്രകൃതിയുമായി ചേർത്തുവെച്ചു പരിശോധിക്കുന്നതിന്റെ സൌന്ദര്യം കാണുന്നു.

മനുഷ്യൻ/പ്രകൃതി, പുരുഷൻ/സ്ത്രീ എന്നീ രണ്ടു ദ്വന്ദ്വങ്ങൾ കേന്ദ്രപ്രമേയമായി സിനിമയിലുടനീളം വർത്തിക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരവൈരുധ്യമായും സമന്വയമായും മാറിമാറി അതു പകർന്നാടുന്നു. ഇതരപ്രമേയങ്ങളുടെ നിരവധി ചെറുപൂരങ്ങൾ അവിടവിടെയായി സംവിധായകൻ ഒളിപ്പിച്ചുവെച്ചിട്ടുമുണ്ട്. ഓരോ ഷോട്ടിൽ നിന്നും, സംഭാഷണത്തിൽ നിന്നും സൌകര്യപൂർവം നിങ്ങൾക്കത് പെറുക്കിയെടുക്കാവുന്നതാണ്. ഇണയെ നഷ്ടപ്പെട്ടവരുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരുണ്ട്. ഇടിഞ്ഞുവീഴുന്ന മലയും കൂടു തകർന്ന കിളിയും ഒഴുക്കുനിലച്ച പുഴയുമുണ്ട്. ദേശവും ഭാഷയും പലതെങ്കിലും അന്തിമമായി എല്ലാറ്റിനും ഒരേ ഭാവമാണ്. അങ്ങനെ നോക്കുമ്പോൾ നടപ്പുകാലത്തെ ഇന്ത്യയെത്തന്നെയാണ് സിനിമ വരച്ചെടുക്കുന്നത്.

സവിശേഷമായ ഈ അന്വേഷണത്തിന് ഇന്ത്യയുടെ കറന്റായ സന്ദർഭത്തിൽ പ്രസക്തിയേറെയാണ്. അതുനമ്മെ പ്രകൃതിയിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്നു. ബോറടി മാറ്റാൻ കാടുകയറുന്നവന്റെ ഗൃഹാതുരതയല്ല അത്. ഒരുവേള വസ്തുനിഷ്ഠമായ, ശാസ്ത്രീയമായ ഒരാത്മീയതയെ അന്വേഷിക്കലാണ്. അതിൽ മുഴുകലാണ്. വെളുപ്പിൽ കറുത്ത കളങ്ങളുള്ള ആ ഷർട്ടിന്റെ മായ കാഴ്ചയിൽ നിന്നൊഴുകി മറഞ്ഞാൽ പിന്നെയവശേഷിക്കുന്നത് പ്രകൃതി മാത്രമാണ്. അതവനിൽ നിറഞ്ഞുപെയ്യുകയാണ്. പ്രകൃതി/മനുഷ്യൻ ദ്വന്ദ്വത്തെ ഏകമായ ഒന്നിലേയ്ക്കു ലയിപ്പിക്കുന്ന ക്ലൈമാക്സിലെ ആ കവിത brilliance എന്ന വാക്കിനെ ഓർമ്മിപ്പിച്ചു. സിനിമ തീർന്നു. ഒരിക്കൽക്കൂടി എന്റെ സ്വന്തം മായകളിലേയ്ക്ക് ഞാൻ ഉണരുകയും ചെയ്തു.

ആത്മീയാന്വേഷണത്തിന് ഹിമാലയം തന്നെ വേണോ എന്നൊരു ചൊടിപ്പിക്കുന്ന ചോദ്യം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. അത് കലാകാരന്റെ തെരഞ്ഞെടുപ്പാണല്ലോ. ഹിമാലയം ഒരു മല മാത്രമല്ല. പ്രകൃതിയിലടങ്ങിയ കലാപൂർണ്ണതയുടെ സൌന്ദര്യമാണത്. സ്വയം വിശദമാക്കുന്ന ദൃശ്യബിംബങ്ങളുടെ വിളനിലമെന്ന നിലയിലാണ് സനൽ ഹിമാലയത്തെ സമീപിച്ചിരിക്കുന്നതെന്നു തോന്നുന്നു. മഹിയുടെ അഹംഭാവത്തെ നിന്നനിൽ‌പ്പിൽ പൊടിച്ചുകളയാൻ പോന്ന ഗഹനതയും അതിനുണ്ട്.  അതിനെ അഹംബോധത്തിലേയ്ക്കു പരിവർത്തിപ്പിക്കാൻ പോന്ന കരുത്തുണ്ട്. ടോട്ടൽ സിനിമയെ മനുഷ്യൻ/പ്രകൃതി ദ്വന്ദ്വത്തെ സംബന്ധിച്ച കാവ്യാത്മകമായ പ്രസ്താവമാക്കി മാറ്റുന്നതും ഈ ബിംബസമൃദ്ധിയത്രേ. ഒരുപക്ഷേ ഇതുതന്നെയാണ് സിനിമയിൽ അന്തർലീനമായ, അതിനെ യൂണിവേഴ്സലാക്കുന്ന ആത്മീയതയെന്നു പറയാം.

യാഥാർത്ഥ്യത്തിനപ്പുറമുള്ള സിനിമയുടെ സൌന്ദര്യതലങ്ങൾ കണ്ടെത്തിയ സംവിധായകർ നമുക്കധികമില്ല. പല പേരുകളും ഇപ്പോൾ പ്രസക്തവുമല്ല. സ്വപ്നത്തിലേയ്ക്കും സ്മൃതിയിലേക്കും ഭ്രമകല്പനയിലേക്കും വളർന്നുപടരുന്ന അതിന്റെ ശാഖകളാണ് സിനിമയെ ഭൂമിയോളം ജൈവമാക്കിത്തീർക്കുന്നത്. പ്രപഞ്ചത്തോളം വിശാലമാക്കുന്നത്. സ്വപ്നത്തെ സത്യമാക്കുന്ന ഈ മാന്ത്രികവടി സനൽ സ്വന്തമാക്കിയിരിക്കുന്നുവെന്നത് സന്തോഷകരമാണ്. ഒരുപക്ഷേ ഈ ഗഹനതയും ഈ നിസ്സംഗതയും മുൻപ് കണ്ടിട്ടുള്ളത് അരവിന്ദനിലാണ്. പിന്നീടയാൾ തുർക്കിയുടെ മാനസപുത്രനായ സിലാനായി പുനർജനിച്ചു എന്നു തോന്നാറുണ്ട്. സിലാനും സനലും തമ്മിലും രസകരമായ ചില സമാന്തരങ്ങളുണ്ട്.

ഇഷ്ടസിനിമയെപ്പറ്റി ഇങ്ങനെ എത്രവേണമെങ്കിലും പറയാം. ഇതാ നിർത്തി. ചില പ്രവചനങ്ങൾ സാധ്യമാണ്. അറിവില്ലാത്തവർക്ക് എന്തുമാവാമല്ലോ. സനൽ ഇനിയൊരു സിനിമയെടുത്താൽ അത് ഇന്ത്യയുടെ സിനിമയായിരിക്കും. അതിനടുത്ത പടം ലോകസിനിമയുമായിരിക്കും. പക്ഷേ ഒന്നുണ്ട്. സിനിമ സംവിധായകന്റെ കലയാണെങ്കിലും അതു നിർമ്മിക്കുകയെന്നത് അയാളുടെ ബാധ്യതയല്ല. അഥവാ സനലിന്റെ അടുത്ത സിനിമ മലയാളിയുടെ ഉത്തരവാദിത്തമാണ്.

2 comments:

ajith said...

കൊള്ളാം. ഇതെവിടെയാണ് നമുക്ക് കാണാന്‍ കിട്ടുക?

JIGISH said...

theatre release ഇല്ല. കേരളത്തിലുടനീളം സിനിമാവണ്ടി എന്ന പ്രോഗ്രാമിലൂടെ പ്രദർശിപ്പിച്ചുവരുന്നു. ഇന്നു വൈകിട്ട് 6-നു തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംഗ്ഷനിൽ.