വാണിജ്യസിനിമയുടെ അടിസ്ഥാനസ്വഭാവങ്ങൾ പിന്തുടരുമ്പോഴും
എല്ലാവർക്കും ഇഷ്ടമായ സിനിമ പിടിക്കണമെന്നു നിർബന്ധമില്ലാത്ത ചിലർ ഏതുകാലത്തും ഉണ്ടായിവരും
എന്നതാണ് സിനിമയുടെ ഒരിത്. ഇവർ പൊതുവിൽ ന്യൂ ജനറേഷൻ എന്നറിയപ്പെടുന്നു. ഇവർ എന്നുമുണ്ടായിരുന്നു
എന്ന കാര്യം സൌകര്യപൂർവം മറന്നുകൊണ്ട് നമ്മൾ വാഴുന്ന കാലം അവരെ ആഘോഷിക്കുന്നു.
ഒരു സംവിധായകൻ തന്റെ പുതിയ തിരക്കഥയുടെ
പതിമൂന്നാമത്തെ ഡ്രാഫ്റ്റാണ് സിനിമയാക്കിയത് എന്ന വസ്തുത ഈ കലാരൂപം ആവശ്യപ്പെടുന്ന
ഗൃഹപാഠത്തെക്കുറിച്ച് ഒരു ഗുണപാഠം നൽകുന്നുണ്ട്. രൂപേഷ് എന്നാണ് സംവിധായകന്റെ പേര്.
ബ്രൂട്ടസ് ചതിയുടെ പ്രതീകമാണ്. യുവതയുടെ പ്രതിനിധികളായ ചില കഥാപാത്രങ്ങളാണ് ചതിയുടെ
നഗരമാതൃകകളായി സിനിമയെ ചലിപ്പിക്കുന്നത്. ചിരിയാണ് ഫോർമാറ്റ്. ഉല്പാദിപ്പിക്കാൻ ഒട്ടും
എളുപ്പമുള്ള ഒരു വികാരമല്ല അത്. മൂന്നോ നാലോ യുവമിഥുനങ്ങളുടെ പ്രണയവിദ്വേഷങ്ങളിലൂടെ
ചതിയിൽ ലിംഗഭേദമില്ലെന്നും ആണിനും പെണ്ണിനും തുല്യപങ്കാളിത്തമാണുള്ളതെന്നും സിനിമ വെളിപ്പെടുത്തുന്നു.
സോദ്ദേശ്യചിത്രമാണോ എന്നു ചോദിച്ചാൽ അല്ല.
സദാചാരത്തിന്റെ കാവൽഭടന്മാരെ പ്രകോപിപ്പിക്കുന്ന പലതുമുണ്ട്. വിവാഹേതരബന്ധമുണ്ട്. പ്രായം
തികയാത്ത ഒളിച്ചോട്ടവും സഹജീവിതവുമുണ്ട്. വിരസദാമ്പത്യവും അസംതൃപ്തരതിയുമുണ്ട്. സോദ്ദേശ്യപരമായ
ഒന്നുമില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. സിഗററ്റു വലിയെ എന്തു വിലകൊടുത്തും നേരിടുന്ന ധീരവനിതയാണ്
ഒരു കഥാപാത്രം. അച്ഛന്റെ മരണകാരണമായ സിഗററ്റ് അവളുടെ വിവാഹജീവിതം തന്നെ തകർക്കുന്നതിൽ
ഒരു ചിരിയും കരച്ചിലുമുണ്ട്.
2 comments:
കൊമേര്‍ഷ്യല്‍ ഹിറ്റ് അല്ലെങ്കിലും മൂല്യമുള്ള സിനിമയാണെന്ന് വായനയില്‍ മനസിലാക്കുന്നു.
സദാചാരത്തിന്റെ അസ്കിത ഇല്ലാത്തതോണ്ട് ഒന്ന് കണ്ടുനോക്കാം
Post a Comment