Monday, April 6, 2015

മേളപ്പെരുക്കം'14














തമ്പാനൂരിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം ഒട്ടും പരിചിതമായി തോന്നിയില്ല.  ഒരു നക്ഷത്രഹോട്ടലിനു മുന്നിലെത്തിയ പോലെ. തിരിഞ്ഞുനോക്കുമ്പോൾ പിരിഞ്ഞു മുകളിലേയ്ക്കു കയറിപ്പോകുന്ന കോഫിഹൌസ്. മുന്നിലേക്കു നടന്നപ്പോൾ ഗണപതിക്കോവിൽ. തെറ്റിയിട്ടില്ല. പതിയെ കൈരളിയുടെ ഗേറ്റിലേക്ക്. അവിടെയും പതിവില്ലാത്ത ഒരപരിചിതത്വം. സുരക്ഷാസേന, ബാരിക്കേഡുകൾ. വർഷങ്ങളിലൂടെ ഈ നഗരത്തിന്റെ ഭാഷയും ഭാവവും പരിചയിച്ചതാണ്. എന്നിട്ടും എവിടെയോ ഒരിത്. ടാഗോറിലേയ്ക്ക് ഓട്ടോ പിടിക്കുന്നു. പാസും ബാഗും കിട്ടി. എന്തുമാവട്ടെ. ഇനി ഞാനും എന്റെ സിനിമയും മാത്രം.

ടിക്കറ്റ് റിസർവ് ചെയ്യുന്നതിനു ന്യൂ തീയേറ്ററിലെ ക്യൂവിൽ. കമ്പ്യൂട്ടറിൽ എന്തൊക്കെയോ തിരയുന്ന പയ്യന്മാർ. നാളേയ്ക്കുള്ള ടിക്കറ്റു റെഡി. ഒരു ചായയും കുടിച്ച് കനകക്കുന്നിലേയ്ക്ക്. അവിടെയും കാക്കിവേഷങ്ങളുടെ ആധിക്യം. മഞ്ഞുവീഴാത്ത ഗംഭീരവേദി. ലളിതം, സുന്ദരം. പതിവിലും നേരത്തേ ഉദ്ഘാടനം കഴിഞ്ഞു. ഇരുട്ടു പരക്കുംമുൻപേ ഉദ്ഘാടനചിത്രമായ Dancing Arabs തുടങ്ങുന്നു. അറബ്/ഇസ്രയേൽ സംഘർഷം സ്ഥിരമായി പ്രമേയമാക്കുന്ന ഇസ്രയേൽകാരനായ Eran Riklis ആണ് സംവിധായകൻ. ഇസ്രയേലിൽ തങ്ങുന്ന ഒരറബ് യുവാവിന്റെ അസ്തിത്വപ്രശ്നങ്ങളാണ് സംഭവം. ജനസംഖ്യയിൽ 20 ശതമാനമുണ്ടെങ്കിലും  തീർത്തും അന്യവൽക്കരിക്കപ്പെട്ട അറബ് ജനതയുടെ പ്രതിസന്ധി തീവ്രതയോടെ പകർത്തിയിട്ടുണ്ട്. മുഖ്യകഥാപാത്രമായി വേഷമിട്ട Tawfeek Barhom സ്ഥലത്തുണ്ട് എന്നതാണ് മറ്റൊരു കൌതുകം.

ന്യൂ തീയേറ്റർ. The tree എന്ന സിനിമയുടെ ടിക്കറ്റുമായി ഡോറിലെത്തുന്നു. പെട്ടെന്ന് സിനിമ നാടകമായി മാറുന്നു. അവിടെ മറ്റൊരു സിനിമയാണത്രേ. ആശയക്കുഴപ്പം നീളുന്നു. അഞ്ചു മിനിറ്റിൽ റിസർവേഷൻ സംവിധാനം റദ്ദാകുന്നു. തികച്ചും ആകസ്മികമായി കാണാൻ വിധിക്കപ്പെട്ട Field of Dogs എന്ന പോളിഷ് സിനിമയിലേയ്ക്ക് ഇരുന്നുകൊണ്ടു പ്രവേശിക്കുന്നു. അത്ഭുതം. അത് മേളയിലെ മനോഹരമായ കണ്ടെത്തലായി മാറുന്നു. ഒരാക്സിഡന്റിൽ കുടുംബാംഗങ്ങളെല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട മനുഷ്യന്റെ മനസ്സാണ് സിനിമയിൽ. അയാളുടെ സ്വപ്നങ്ങളെയും ഓർമ്മകളെയും സംഘർഷങ്ങളെയും കാവ്യാത്മകമായി പിന്തുടരുന്നു. Lech Majewski എന്ന സംവിധായകന് സിനിമയുടെ ഭാഷയെന്തെന്നറിയാം. അതുപയോഗിച്ച് മനോഹരമായ പരീക്ഷണങ്ങൾ ചെയ്യാനും.

ജനങ്ങളുടെ സഹകരണത്തോടെ കാഴ്ച ചലച്ചിത്രവേദി ഒരുക്കിയ ഒരാൾപ്പൊക്കം എന്ന സിനിമ. സനൽ കുമാർ ശശിധരന്റെ ഈ സ്വപ്നപദ്ധതി കൈരളിയുടെ സ്ക്രീനിൽ ഗംഭീരദൃശ്യാനുഭവമായി. പുതിയ കാലത്തിന്റെ പ്രതിനിധികളായ മഹേന്ദ്രൻ, മായ എന്നിവരുടെ പരസ്പരസംഘർഷങ്ങളിൽ നിന്ന് വ്യക്തിയുടെ സ്വത്വാന്വേഷണത്തിലേയ്ക്കാണ് സിനിമയുടെ സഞ്ചാരം. മനുഷ്യൻ/പ്രകൃതി, പുരുഷൻ/സ്ത്രീ എന്നീ രണ്ടു ദ്വന്ദ്വങ്ങൾ കേന്ദ്രപ്രമേയമായി സിനിമയിലുടനീളം വർത്തിക്കുന്നു. സംവിധായകന്റെ സിഗ്നേച്ചർ പതിഞ്ഞ ഗഹനസുന്ദരമായ
വിഷ്വലുകൾ. കറകളഞ്ഞ മാധ്യമബോധം.

മൂന്നുമണിക്കൂർ സഹിഷ്ണുതയോടെ ക്യൂ നിന്നതുകൊണ്ടാണ് Winter sleep കാണാൻ കഴിഞ്ഞത്. വ്യക്തിപരതയിൽ നിന്ന് സാമൂഹ്യമായ ഉൾക്കാഴ്ചയിലേക്കുള്ള  പാതയിലാണ് Ceylan എന്ന സിനിമക്കാരൻ. ശക്തനും ദുർബ്ബലനുമിടയിലെ സംഘർഷങ്ങളെ സ്വതസിദ്ധമായ മനോവിശകലനത്തിന്റെ രീതിയിൽ അയാൾ ഡിബേറ്റ് ചെയ്യുമ്പോൾ നമുക്ക് സ്ക്രീനിലേയ്ക്കു നോക്കി വിസ്മയിച്ചിരിക്കാൻ മാത്രമേ കഴിയൂ. കഥയോ അതിലെ സംഭവങ്ങളോ ഈ സംവിധായകനെ സംബന്ധിച്ച് പ്രധാനമല്ല. മനുഷ്യനും ബന്ധങ്ങളുമാണ് അന്തിമമായി സിലാന്റെ പ്രമേയപരിസരം. ആത്മപരിശോധനയുടെ, ദൃശ്യപരതയുടെ ആ മൂന്നു മണിക്കൂറുകൾ മേളയുടെ സാഫല്യമായി. ഒരു ദിവസം നീളുന്ന ഒരു സിലാൻ സിനിമയ്ക്കായി വെറുതെ ആഗ്രഹിച്ചുപോയി.

പോളിഷ്മാസ്റ്റർ സനൂസിയുടെ Foreign body പുതിയ പോളണ്ടിലെ കോർപ്പറേറ്റ് ആർത്തികളെയും മതവിശ്വാസത്തെയും വിരുദ്ധധൃവങ്ങളിൽ നിർത്തിയാണ് തന്റെ ആത്മീയാന്വേഷണം നടത്തുന്നത്. ആഴത്തിൽ വേരൂന്നിക്കഴിഞ്ഞ തന്റെ മതവിശ്വാസത്തെ അദ്ദേഹം ഒട്ടും മറച്ചുവെയ്ക്കുന്നില്ല. ഒരുപക്ഷേ അതുകൊണ്ടാവാം ചില കഥാപാത്രങ്ങളുടെ യുക്തിഭദ്രതയ്ക്കു പരിക്കേറ്റതായി തോന്നുന്നുമുണ്ട്.

ഭാഷയോടു വിട എന്ന സന്ദേശവുമായി ലോകസിനിമയുടെ രാഷ്ട്രീയാചാര്യനായ ഗൊദാർദിന്റെ Goodbye language.  ഉള്ളടക്കത്തിലും പരിചരണത്തിലും അത്ഭുതങ്ങൾ വിരിയിക്കാൻ ഇപ്പോഴും മാസ്റ്റർമാർ തന്നെ വേണമെന്ന് അടിവരയിടുന്ന സിനിമ. 3D സങ്കേതത്തെപ്പോലും തികച്ചും നൂതനമായ രീതിയിൽ ഉപയോഗിച്ചുകൊണ്ട് പ്രേക്ഷകനെ ഞെട്ടിച്ചു. 84 വയസ്സിലും തുടരുന്ന ഈ പരീക്ഷണത്വരയെ നമിക്കുന്നു.

Return to Ithaca എന്ന ഫ്രഞ്ച് സിനിമ. സംവിധാനം: Laurent Cantet. മധ്യവയസ്സിലെത്തിയ ഏതാനും സുഹൃത്തുക്കൾ ഒരു മട്ടുപ്പാവിലൊന്നിയ്ക്കുന്നു. അവർ പൂർവകാലമോർക്കുന്നു. സമകാലത്തെ നിരാശകൾ പങ്കുവെയ്ക്കുന്നു. ഒരേയൊരു ലൊക്കേഷനിൽ തുടങ്ങി അവസാനിക്കുന്ന പടം. പൊതുവിൽ ബോറടിച്ചുമരിയ്ക്കാനിടയുള്ള ഈ പ്ലോട്ട് സൌഹൃദത്തിന്റെ ഊഷ്മളതയാൽ, വൈകാരികസ്പർശത്താൽ ഉജ്വലമാക്കിയിരിക്കുന്നു. ക്യൂബൻ ജനതയുടെ പ്രവാസജീവിതത്തെക്കുറിച്ചുള്ള രാഷ്ട്രീയധ്വനികളും സിനിമയിൽ നിന്നു വായിച്ചെടുക്കാം.

വൈകാരികതയുടെ ഒരു നിശ്ശബ്ദസാമ്രാജ്യമായ റിട്ടേൺ എന്ന ട്രാജഡിയിൽ നിന്ന് Leviathan എന്ന ചിത്രത്തിലെത്തുമ്പോൾ Andrey Zvyagintsev എന്ന സംവിധായകൻ  മാനവികതയിലധിഷ്ഠിതമായ ഉറച്ച രാഷ്ട്രീയബോധം  പ്രദർശിപ്പിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനിവാര്യമായ സംഘർഷങ്ങളിലേയ്ക്കു ക്യാമറ തിരിക്കുമ്പോൾ  അഴിമതി നിറഞ്ഞ ഒരു സമകാലം ചുരുൾ നിവരുന്നു. ദൈവം ആരുടെ കൂടെയാണെന്ന പുരാതനമായ ചോദ്യത്തിൽ നിന്ന് ഭരണകൂടം ആരുടെ കൂടെയാണെന്ന മറ്റൊരു ചോദ്യം പൊട്ടിപ്പുറപ്പെടുന്നു.

The Man of the Crowd എന്ന ബ്രസീലിയൻ സിനിമ ഏകാന്തതയ്ക്കും സൌഹൃദത്തിനും സമർപ്പിക്കപ്പെട്ട ഒരു ശ്രദ്ധാഞ്ജലിയാണ്. 1840-ൽ എഴുതപ്പെട്ട ഒരു ചെറുകഥയുടെ ഈ ദൃശ്യാവിഷ്കാരം മേളയിലെ വേറിട്ട അനുഭവമായി. ഏകാന്തതയെ ഇനിയും ശരിക്കു രുചിച്ചിട്ടില്ലാത്തവർ Juvenal എന്നുപേരുള്ള ഈ സിനിമയിലെ നായകന്റെ മുഖത്തേക്കു നോക്കിയാൽ മതി.

ജോർജിയയിൽ നിന്നുള്ള the Corn Island പ്രകൃതിയെയും മനുഷ്യനെയും നിശ്ശബ്ദതയെയും ഉപയോഗിച്ച് നിർമ്മിച്ച സിനിമയാണ്. Ovashvili-യുടെ The Other Bank നേരത്തെ കണ്ടതാണ്. അയൽദേശമായ അബ്ഖാസിയയുമായുള്ള യുദ്ധസമാനമായ സംഘർഷത്തിന്റെ നിഴലിൽ വൃദ്ധനും ചെറുമകളും ഒരു ദ്വീപിൽ കുടിൽകെട്ടി പുലരുന്നതു മാത്രമേ നമ്മൾ കാണുന്നുള്ളു. എന്നാൽ സ്ക്രീനിൽ കാണാത്തതാണ് യഥാർത്ഥസിനിമ. തീയേറ്റർ വിട്ടിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ആ നിശ്ശബ്ദതകൾ സിനിമയെ പൂരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അന്തർദ്ദേശീയപ്രശസ്തനായ Sissaako-യുടെ Timbuktu ഈ ആഫ്രിക്കൻ ഫിലിംമേക്കറുടെ അതുല്യപ്രതിഭയ്ക്ക് തൂവൽ ചാർത്തുന്ന മഹത്തായ സിനിമയാണ്. ഒരു തീവ്രവാദഗ്രൂപ്പിന്റെ അധീനതയിലുള്ള Timbuktu നഗരമാണ് പശ്ചാത്തലം. ഒരു ജനതയുടെ ഒരിക്കലും കെടാത്ത ആത്മാഭിമാനത്തെയും സംസ്കാരത്തെയും ഒരിക്കൽക്കൂടി പകൽവെളിച്ചത്തിൽ തെളിഞ്ഞുകാണുന്നു. ഈ സിനിമയിലാണ് ഒരു ദൃശ്യബിംബത്തിന്റെ സവിശേഷമായ പ്രതീകസൌന്ദര്യം കണ്ടത്.  ഒരു കാൽ‌പ്പന്തുകളിയുടെ ഏതാനും മിനിറ്റുകൾ നീളുന്ന ഷോട്ടു മാത്രമാണത്. കളിയിൽ പന്തില്ല എന്നൊരു വ്യത്യാസമേയുള്ളു. കാൽ‌പ്പന്തു നിരോധിക്കപ്പെട്ട പ്രദേശത്തെ യുവാക്കൾ അതിനെ പ്രതിരോധിക്കുന്നത് പന്തില്ലാത്ത പന്തുകളിയുടെ ഒരു പാരഡി നിർമ്മിച്ചുകൊണ്ടാണ്. അത്യന്തം ആവേശകരമായി കളി പുരോഗമിക്കവേ, ആ വിഷ്വലിന്റെ രാഷ്ട്രീയമായ ധ്വനിഭംഗിയോർത്ത് അറിയാതെ കയ്യടിച്ചുപോയി...

കണ്ട സിനിമ മധുരം. കാണാത്തവ അതിമധുരം. രണ്ടു പതിറ്റാണ്ടുകളായി നമ്മൾ ലോകസിനിമ കാണുന്നു. മലയാളസിനിമയിൽ അതിന്റെ ഗുണപരമായ സ്വാധീനമുണ്ടോ എന്നത് പുതിയ ഫിലിംമേക്കർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. നമ്മുടെ ദേശത്തിന്റെ ഭൌതികസാഹചര്യങ്ങളിലും സംസ്കാരത്തിലും ആഴത്തിൽ വേരുകളുള്ള സിനിമയാണ് നമുക്കിനി വേണ്ടത്. സ്വന്തം പരിസരത്തുനിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രമേയങ്ങളും ബിംബങ്ങളുമാണു വേണ്ടത്. സ്വയം മനസ്സിലാക്കാൻവേണ്ടി മാത്രം നമുക്ക് പുറത്തേയ്ക്കു നോക്കിയാൽ മതിയാകും. അനുകരണം അവികസിതമായ സമീപനമാണ്.

മേള കഴിഞ്ഞു കൈരളിയുടെ പടവുകളിറങ്ങുമ്പോൾ സിനിമ ഒരു ജൈവസാന്നിധ്യമായി കൂടെത്തന്നെയുണ്ട്. ആ സജീവതയെ കൂടുതൽ ധന്യമാക്കിയിരുന്ന ചിലരുടെ അസാന്നിധ്യങ്ങൾ മാത്രമാണ് സങ്കടം. നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രൻ, എ. അയ്യപ്പൻ, ശരത്ചന്ദ്രൻ, ഒഡേസ സത്യൻ…സാന്ത്വനമില്ലാത്ത ഈ വിഷമസ്മൃതിയിൽ ഈ കുറിപ്പവസാനിപ്പിക്കാം.

No comments: