Sunday, April 15, 2012

ടെസ്സ കെ.എബ്രഹാം ഉയർത്തുന്ന ചിന്തകൾ








നടപ്പുകാലത്തെ നവസിനിമയ്ക്ക് മത്സരിക്കാനുള്ളത് മലയാളസിനിമയിലെ രണ്ടു ധാരകളോടാണ്; രണ്ടു സെന്‍സിബിലിറ്റികളോടാണ്. ഇപ്പോഴും 40-കളിലെ നാലുകെട്ടുകളിലും സവര്‍ണ്ണബിംബങ്ങളിലും തളഞ്ഞുകിടക്കുന്ന നമ്മുടെ പരമ്പരാഗത ആര്‍ട്ട് സിനിമകളാണ് അതിലൊന്ന്. ആധുനികജീവിതത്തിനന്യമായ സ്ഥലകാലങ്ങളും ഷോട്ടുകളുടെ വേഗതയെക്കുറിച്ചും മറ്റുമുള്ള മാമൂല്‍സങ്കല്പങ്ങളും ഇവയെ ജനങ്ങളില്‍ നിന്നകറ്റുകയും അവാര്‍ഡ്, ക്ലാസ്സ് എന്നിങ്ങനെയുള്ള ലേബലുകള്‍ പതിച്ച് ഈ സിനിമ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. താരജാടകള്‍ക്കായി പുതുപ്പണക്കാര്‍ പടച്ചുണ്ടാക്കുന്ന കെട്ടുകാഴ്ചകളാണ് രണ്ടാമത്തേത്. പ്രേക്ഷകന്റെ സാമാന്യബോധത്തെ കളിയാക്കുകയും അപമാനിയ്ക്കുകയും ചെയ്യുന്ന നിലയിലേയ്ക്ക് ഈ സിനിമകള്‍ തരംതാണു കഴിഞ്ഞെങ്കിലും താരം എന്ന ഘടകം നല്‍കുന്ന മിനിമം ഗാരന്റി ഇവയുടെ വാണിജ്യമൂല്യത്തെ ഇപ്പോഴും താങ്ങിനിര്‍ത്തുന്നു. ഇരുധൃവങ്ങളിലുള്ള ഈ രണ്ടു ധാരകള്‍ക്കിടയിലൂടെയാണ് കാലമാവശ്യപ്പെടുന്ന ദൃശ്യഭാഷയുമായി സിനിമയെ അപ് ഡേറ്റ് ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഇന്നത്തെ നവസിനിമക്കാര്‍ക്ക് അതിജീവിക്കേണ്ടത്. ഇവിടെയാണ് ആഷിക് അബു ഉള്‍പ്പെടുന്ന സിനിമയിലെ യുവതയുടെ പ്രസക്തിയും.

ആഷിക് എന്ന സംവിധായകന്റെ സ്വാതന്ത്ര്യബോധം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതാവാനിടയില്ല. സമരവീര്യവും നവചിന്തകളും നിറഞ്ഞ 90-കളിലെ മഹാരാജാസില്‍ നിന്നു തന്നെയായിരിക്കണം അതിന്റെ സ്വാഭാവിക ജനനം. 80-കളിലെ മഹാരാജാസ് ഓര്‍മ്മയിലിപ്പോഴും ജ്വലിച്ചുനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ നയിക്കുന്ന സമരജാഥകള്‍ ആദ്യമായി കാണുകയായിരുന്നു. അവരുടെ സംഘശബ്ദം ആദ്യമായി കേള്‍ക്കുകയായിരുന്നു. രാഷ്ട്രീയസമരങ്ങള്‍ മാത്രമായിരുന്നില്ല മഹാരാജാസ്. റാങ്കുകള്‍ വാങ്ങിക്കൂട്ടുന്നതിനൊപ്പം കഥയിലും കവിതയിലും കലകളിലും തിളങ്ങുന്നവരുടെ ലോകമായിരുന്നു അത്. സാര്‍ത്ഥകമായ ആണ്‍പെണ്‍ സൌഹൃദങ്ങള്‍ ഞാനവിടെ കണ്ടു. ചരിത്രത്തിലിടം നേടിയ പ്രണയങ്ങള്‍ കണ്ടു. ഇംഗ്ലീഷ് വകുപ്പിലെ ക്ലാസ്സ്മുറിയില്‍ ആദ്യമായി ‘അഗ്രഹാരത്തിലെ കഴുത‘ കണ്ടു.! ചുരുക്കത്തില്‍, വിശ്വമാനവികതയുടെ ഒരു തുറസ്സായിരുന്നു മഹാരാജാസ്. ജീവിതമെന്തെന്നു പഠിപ്പിക്കുന്ന ഒരു സര്‍വകലാശാല.! ആഷിക് ഒരു യാദൃശ്ചികതയല്ല എന്നര്‍ത്ഥം.!

ഫിലിം മേക്കറെന്നനിലയില്‍, ആഷിക്കിന്റെ സ്വതന്ത്രവ്യക്തിത്വം പ്രകടമാ‍യ ചിത്രം തന്നെയായിരുന്നു ‘ഉപ്പും കുരുമുളകും.’ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത് തയ്യാറാക്കിയ നവസിനിമയുടെ ഈ പാചകവിധി മലയാളി ഹൃദയത്തിലേറ്റാന്‍ കാരണം അതിലടങ്ങിയ ‘ആറ്റിറ്റ്യൂഡ്’ തന്നെയായിരിക്കണം. ഏറെക്കാലമായി സ്ത്രീകള്‍ സ്ക്രീനിലെ പശ്ചാത്തലഭംഗി മാത്രമായിത്തീര്‍ന്ന സിനിമകള്‍ക്കിടയില്‍, ഒറ്റഷോട്ടില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീപോലും തന്റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതു കണ്ടതിന്റെ സന്തോഷം മലയാളി ആഘോഷിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ലെന്ന് ഇപ്പോളിതാ ‘കോട്ടയത്തെ ടെസ്സയെന്ന പെണ്‍കുട്ടി‘യും തെളിയിക്കുന്നു. വിപ്ലവമെന്നത്, എവിടെനിന്നെങ്കിലും ഇറക്കുമതി ചെയ്യേണ്ട ഒന്നല്ലെന്നും സ്വന്തം ജീവിതം കൊണ്ട് നാം സൃഷ്ടിച്ചെടുക്കേണ്ടതാണെന്നും ഈ പെണ്ണ് വിളിച്ചുപറയുന്നു.! ഇതാ ഒരു സംവിധായകന്റെ ചിത്രം എന്ന് സിനിമയെ സ്നേഹിക്കുന്നവര്‍ തമ്മില്‍ത്തമ്മില്‍ മന്ത്രിയ്ക്കുന്നു. മുന്‍കൂട്ടി റിസര്‍വ് ചെയ്തിട്ടും ഏറ്റവും മുന്‍നിരയിലാണ് സീറ്റ് കിട്ടിയത്. ആദ്യഫലങ്ങള്‍, ഈ സിനിമയെ മലയാളി ഏറ്റെടുത്തുകഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്നു.!

22 എഫ്.കെ. ആഷിക്കിന്റെ സ്വാതന്ത്ര്യബോധത്തെ ഉന്നതമായ ഒരു വിപ്ലവചിന്തയിലേക്കാണ് പറിച്ചുനടുന്നത്. സ്ത്രീയുടെ സഹനം ഒരവസരമായി ഇനിയാരും കാണേണ്ടതില്ല എന്നൊരു മുന്നറിയിപ്പ് അതിലടങ്ങിയിരിക്കുന്നു. സ്വന്തം ശരീരവും ആത്മാവും കൊണ്ട് പ്രതികരിക്കൂ എന്നൊരാഹ്വാനവും ഈ സിനിമ സ്ത്രീസമൂഹത്തിനു മുന്‍പില്‍ വെയ്ക്കുന്നു. ഈ വിപ്ലവം പിടിച്ചുകുലുക്കുന്നത്, പാരമ്പര്യമായി നാം പരിപാലിച്ചുപോരുന്ന കപടസദാചാരങ്ങളെയാണ്.! അത് കടപുഴക്കുന്നത്, കാലങ്ങളായി നമ്മുടെ മനസ്സുകളില്‍ വേരുറച്ചുപോയ സ്ത്രീവിരുദ്ധസങ്കല്‍‌പ്പങ്ങളെയാണ്. അംഗീകൃത ഫെമിനിസ്റ്റുകളുടെ നാമമാത്രമായ പ്രതിഷേധങ്ങള്‍ക്കും ഔപചാരികപ്രതികരണങ്ങള്‍ക്കുമപ്പുറം, മജ്ജയും മാംസവുമുള്ള ഒരു കേരളീയവനിതയുടെ കടുത്ത ജീവിതമുഹൂര്‍ത്തങ്ങളിലൂടെ, പ്രതിരോധമാതൃകകളിലൂടെ ഒരു ഫിലിംമേക്കര്‍ തന്റേതായ രീതിയില്‍ മാറ്റത്തിനു തിരികൊളുത്തുന്നത് ഈ സിനിമയില്‍ കാണാം.!

പാരമ്പര്യത്തില്‍ നിന്നു വേറിട്ട സ്ത്രീസങ്കല്പങ്ങള്‍ സ്ക്രീനിലേയ്ക്കു പകര്‍ന്ന സംവിധായകര്‍ വിരളമാണ് മലയാളത്തില്‍. ആണിന്റെ സമഗ്രാധിപത്യത്തെയും രതിവാസനകളെയും തൃപ്തിപ്പെടുത്തുന്ന സുന്ദരചേരുവയായി അവള്‍ വെറുതെ സ്ക്രീനില്‍ വന്നുപോയി.! ഒരു പദ്മരാജനോ ഭരതനോ ജോര്‍ജ്ജോ അടൂരോ ചന്ദ്രനോ മാത്രം അവളുടെ വ്യക്തിത്വത്തെ അടുത്തുകാണാന്‍ ശ്രമിച്ചു. ആലീസിന്റെ അന്വേഷണം (ടി.വി.ചന്ദ്രന്‍) ഈ ജനുസ്സില്‍‌പ്പെടുന്ന മികച്ച പരീക്ഷണമായിരുന്നു. ആദാമിന്റെ വാരിയെല്ല് എന്ന ജോര്‍ജ്ജിന്റെ ചിത്രം ഒരുവേള, പ്രേക്ഷകരുടെ അംഗീകൃത ദൃശ്യവാസനകളോടേറ്റുമുട്ടി, കാലത്തിനു മുന്‍പേ കടന്നുപോയി. സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന നേരുകള്‍ ഇവര്‍ ചരിത്രത്തിനു മുന്‍പില്‍ രേഖപ്പെടുത്തിവെച്ചു. പതിയെപ്പതിയെ, ഇതുപോലുള്ള സത്യപ്രസ്താവങ്ങള്‍ക്ക് മലയാളസിനിമയിലിടമില്ലാതായി. 22 എഫ്.കെയിലൂടെ ഇപ്പോഴിതാ മറ്റൊരു മലയാളസിനിമകൂടി ചരിത്രത്തിലിടം നേടുന്നു. പുതിയ സ്ഥലത്തിലും കാലത്തിലും തറച്ചുനിര്‍ത്തി, ചിരപരിചിതമായ സ്ത്രീയുടെ ചരിത്രത്തെ അത് മാറ്റിമറിയ്ക്കുന്നു. ഒപ്പം സിനിമയുടെയും.

സാമൂഹ്യവിപ്ലവത്തെപ്പറ്റിയുള്ള നമ്മുടെ ദിവാസ്വപ്നങ്ങള്‍ പണ്ടേ പൊലിഞ്ഞതാണ്. അനുദിനം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തെ കൃത്യമായി വ്യാഖ്യാനിയ്ക്കുകപോലും ഒരുവേള, ഇന്നെളുപ്പമല്ല. ആധികാരികതയെന്നത് ഈ സൈബര്‍കാലത്ത് ഒട്ടും അനാ‍യാസവുമല്ല. അത്യപൂര്‍വമായ ചരിത്രബോധവും പ്രതിഭയും കഠിനാധ്വാനവും ഒപ്പം ധൈര്യവും ഒത്തുചേര്‍ന്നവര്‍ക്കു മാത്രമുള്ളതാണ് കലയുടെ പുതുവഴികള്‍. എങ്കിലും, ആഷിക്കിന്റെ ഈ വേറിട്ട വഴി ചില പ്രതീക്ഷകളുണര്‍ത്തുന്നു. നിരാശയുടെ പടുകുഴിയില്‍ നിന്നുപോലും ചില വിപ്ലവസാധ്യതകളെ അത് വീണ്ടെടുക്കുന്നു.

ഈ സിനിമയിലൂടെ ആഷിക് ഏറ്റെടുത്തു വിജയിപ്പിച്ച ചില ചെറുവിപ്ലവങ്ങളുണ്ട്. സ്ത്രീയ്ക്ക് സ്വന്തംനിലയില്‍ ഒരു പ്രതിരോധം ആവശ്യമാണെന്നു പറയുന്നതിനൊപ്പം അവളെ സഹഭാവത്തോടെ കാണുന്ന പുരുഷന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും ഈ സിനിമ ഉറപ്പുനല്‍കുന്നു. മനംമയക്കുന്ന പ്രണയച്ചിരിയില്‍, Can I have sex with you.? എന്ന ചോദ്യമൊളിപ്പിച്ച സുന്ദരപുരുഷന്മാരെക്കുറിച്ച് ജാഗ്രതപുലര്‍ത്താന്‍ അവളോടാവശ്യപ്പെടുന്നു. കന്യകാത്വമടക്കം സ്ത്രീയെ സംബന്ധിച്ച നിരവധി സാമൂഹ്യമായ മുന്‍വിധികളെ ഈ ചിത്രം തകര്‍ക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന റിയല്‍ലൈഫ് വിഷ്വലുകള്‍ ആദ്യമായി ഉപയോഗിച്ചുകൊണ്ട് മാര്‍ക്കറ്റിംഗിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഷിക്കിനു കഴിഞ്ഞിരിക്കുന്നു.

ഉപ്പും കുരുമുളകും എന്ന സിനിമ നല്‍കിയ ഉറപ്പില്‍, പൊട്ടിച്ചിരിക്കാന്‍ തയ്യാറായി തീയറ്ററിലെത്തുന്ന ആഷിക്കിന്റെ സ്ഥിരം പ്രേക്ഷകരെ ഈ സിനിമ അല്പമൊന്നു നിരാശപ്പെടുത്തിയേക്കാം. എന്നാല്‍, ചടുലമായ ദൃശ്യവിന്യാസം കൊണ്ട്, അഭിനയത്തികവുകൊണ്ട്, ഡയലോഗിലെ ആര്‍ജ്ജവം കൊണ്ട്, നവ്യമായ ജീവിതസമീപനം കൊണ്ട് അവരെ തന്റെ പ്രമേയത്തിലേയ്ക്ക് കൈപിടിച്ചുനടത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചു. എങ്കിലും മലയാളി എന്നും പരാതിക്കാരനാണല്ലോ.? അവന്‍ അപ്പോഴും നെറ്റി ചുളിയ്ക്കും. പെണ്ണിന്റെ പ്രതികാരം ഒരു ക്ലീഷേയല്ലേ.? ‘ഒരു പെണ്ണിന്റെ കഥ‘യില്‍ നമ്മളിതു കണ്ടതല്ലേ, നോക്കൂ, ചില രംഗങ്ങള്‍ മെലോഡ്രാമയിലേയ്ക്കു വഴുതിയില്ലേ.? എന്നൊക്കെ ചോദിക്കും. പക്ഷേ, അതൊന്നും കാര്യമാക്കാനില്ല. ക്രൂരമായ നിസ്സംഗതയോടെ നാം കണ്ടുനിന്ന സൌമ്യയുടെ ദുരന്തം ഒരു മെലോഡ്രാമയായിരുന്നില്ലേ.? ഒരുവേള, മലയാളിയുടെ സവിശേഷതയായിത്തീര്‍ന്ന ഈ നിസ്സംഗതയ്ക്കുള്ള ഒരു കലാകാരന്റെ വിനീതമായ മറുപടി തന്നെയാണ് പുതിയ കാലത്തിന്റെ ആത്മാവില്‍ തറച്ചുനിര്‍ത്തിയ ഈ സിനിമ.