Saturday, December 26, 2015

ചാർലി














പടം കണ്ടിറങ്ങി പതുക്കെ വണ്ടിയോടിച്ചുപോരുമ്പോൾ പഴയൊരു പാട്ടാണ് ഓർമ്മ വന്നത്. ‘ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ.’ ഇതൊരു ക്രിസ്മസ് ദിവസമായതു കൊണ്ടോ സിനിമയിൽ നല്ലൊരു ഭക്തിഗാനമുള്ളതു കൊണ്ടോ അല്ല. കാരണം ചോദിക്കരുത്. അകാരണമാണ്. അഥവാ അകാരണമായ ഒരു വികാരമാണ് സ്നേഹം. പരിധികളില്ലാത്ത ഹൃദയങ്ങളിൽ അതങ്ങനെ നിരുപാ‍ധികമായി ഇരിക്കും കിടക്കും പാടും ഒഴുകിനടക്കും. നിലയ്ക്കുകയില്ല. ഒഴുക്കു നിലയ്ക്കുമ്പോൾ അതിനു പരിധികളുണ്ടാവും. അതോടെ സ്നേഹം തീരും. സിനിമയും.

ഇതുകൊണ്ടൊക്കെയാവണം ചാ‍ർലിയും ഒരിടത്തും നിൽക്കാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നത്. നിലയ്ക്കാതെ ഒഴുകിനടക്കുന്നത്. കണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ ശിശിരത്തിലെ കമ്പിളിപ്പുതപ്പാ‍യി സ്നേഹം നമ്മളെ വന്നു പൊതിയുന്നുണ്ട്. ഇക്കിളിയിടുന്നുണ്ട്. സുഖദമാണ് ആ അനുഭവം. കല സുഖിപ്പിക്കലാണോ എന്നു ചോദിക്കരുത്. കല ദുഖമാണോ എന്നു തിരിച്ചുചോദിക്കും. ദുഖം പോലെ തന്നെ സുഖവും ഒരനുഭവമാണ്. പൊതുവിൽ അപരിചിതമായ അതിനെ പരിചയപ്പെടുത്തുക കൂടിയാണ് ഒരു കലാകാരൻ. അഥവാ ഒരു കൂട്ടം കലാകാരന്മാർ.

ദുൽക്കറിനേക്കാൾ, പാർവതിയേക്കാൾ, അപർണ്ണയേക്കാൾ, ചെമ്പനേക്കാൾ, ഒരുപക്ഷേ മാർട്ടിനേക്കാൾ ഉണ്ണിയാണ് താരം. ഉണ്ണി ആർ എന്നുള്ള ചോദ്യത്തിന് ഒരുത്തരം കൂടിയാണ് ഈ ചിത്രം. മുന്നറിയിപ്പിനെപ്പോലെയോ ഒഴിവുദിവസത്തെപ്പോലെയോ രാഷ്ട്രീയ ഗഹനതകളില്ല. ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട്. ലോകാസമസ്താ എന്നൊരു സമീപനമുണ്ടല്ലോ അതിലെ ആ പ്രസാദാത്മകതയുണ്ടല്ലോ. അതൊരു രാഷ്ട്രീയമാണ്. ചുറ്റും നിറഞ്ഞുനിൽക്കുമ്പോഴും വെറുപ്പിനെപ്പറ്റിപ്പറയാതെ സ്നേഹത്തെപ്പറ്റി പറയാനുള്ള ആ തീരുമാനമുണ്ടല്ലോ. അതും ഒരു രാഷ്ട്രീയമാണ്. ലോകസ്നേഹത്തിനു മുൻപിൽ പരിമിതമായ പ്രണയം തോറ്റുപോകുന്നതിന്റെ ആ രസമുണ്ടല്ലോ. അതിലുമുണ്ട് ഒരു രാഷ്ട്രീയം. അദ് നമ്മളെ പിടിക്കും. ചില നിമിഷങ്ങളിൽ താഴെ വീഴണോ വേണ്ടയോ എന്നു സംശയിച്ച് രണ്ടു തുള്ളികൾ കണ്ണുകളിൽ പിടയ്ക്കും. ആരവം മുഴക്കാൻ പോലും മറന്ന് ദുൽക്കറിന്റെ ഫാനുകൾ അടങ്ങിയിരിക്കും. അദ്ദാണ് ചാർലി.

ഒഴിവുദിവസത്തെ കളി











ഇതായിരുന്നു ഈ വർഷത്തെ മേളയിലെ സിനിമ. ഒരു ദിവസം മുഴുവൻ ഇതിന്റെ ഹാങ്ങോവറിലായിരുന്നു. പിന്നീടു കണ്ടതൊന്നും ഏശിയില്ല. അഥവാ ഒരു ചെറുദേശത്തെ ചെറിയ ഭാഷയിൽ ഒരു അന്തർദ്ദേശീയസിനിമ കണ്ടതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല.

ഒഴിവുദിവസത്തിലെ ഉന്മാദം നിറഞ്ഞ ഒരു കളിയെ പുതിയ ജനാധിപത്യത്തിന്റെ രൂപകമായി കൺസീവ് ചെയ്യുന്നതിൽ ഒരു വലിയ സിനിമ അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയപ്രബുദ്ധരും തത്വജ്ഞാനികളുമായിരിക്കെത്തന്നെ ദളിതരോടും സ്ത്രീകളോടും മൃഗങ്ങളോടും അത്രമേൽ അപരിഷ്കൃതമായ കാടത്തം പുലർത്തുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള സൂചനകളുണ്ട്. ഒരു പുസ്തകസിദ്ധാന്തത്തിന്റെയും വിധിപ്രസ്താവത്തിന്റെയും അകമ്പടിയില്ലാതെ ഒരൊഴിവു ദിവസത്തെ സംഭവങ്ങളിലൂടെ ഇതു ദൃശ്യവൽക്കരിക്കുന്നതിലെ കല ഒന്നു കാണേണ്ടതുതന്നെയാണ്. കട്ടില്ലാത്ത സ്റ്റെഡിക്യാം സൗന്ദര്യവും വനഹൃദയത്തിലെ ബിംബസമ്യദ്ധിയും ഭാഷണത്തിലെ നാട്ടുചന്തവും ശബ്ദലേഖനത്തിലെ സൂക്ഷ്മതയും ചില ഉദാഹരണങ്ങൾ മാത്രം. 

അഞ്ചുപുറത്തിൽ കവിയാത്ത ഉണ്ണിയുടെ കഥയെ രാഷ്ടീയമാനങ്ങൾ നിറഞ്ഞ ഒരു പൂർണ്ണസിനിമയായി സനൽ വളർത്തിയെടുത്തിരിക്കുന്നു. വരികൾക്കിടയിലെ നിശ്ശബ്ദതകളെല്ലാം പൂരിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു വാർത്തകൾ ഒരു പാരഡിയായി പശ്ചാത്തലത്തിൽ മുഴങ്ങവെ, കളി നടക്കുന്ന മട്ടുപ്പാവ് പതിയെപ്പതിയെ ഒരു രാജ്യമായി രൂപാന്തരപ്പെടുന്നു. രാജാവും മന്ത്രിയും ന്യായാധിപനും കള്ളനും പോലീസും തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിക്കുകയും ഒടുവിൽ അനിവാര്യമായ ആ ദുരന്തം സംഭവിക്കുകയും ചെയ്യുന്നു. സിനിമ തന്നെ ഒരു പ്രതീകമായി മാറുന്നു.

കൃത്യമായ രാഷ്ട്രീയധ്വനികൾ ഈ സിനിമയെ ദേശീയ അന്തർദ്ദേശീയ മാനങ്ങളിലേയ്ക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നു. ചക്കയിടാനും കോഴിയെ കൊല്ലാനുമെന്നപോലെ കൊല്ലപ്പെടാനും കറുത്തവൻ തന്നെ നിയുക്തനാവുന്നതിന്റെ രാഷ്ടീയം മാത്രമല്ല ഇരയുടെ റോളിലകപ്പെട്ട സ്ത്രീയുടെ പ്രതിരോധവും അതിജീവനവും മാത്രമല്ല അധികാരരതി മാത്രമല്ല മൃഗങ്ങളോടും പക്ഷികളോടുമുള്ള ക്രൂരത മാത്രമല്ല ഓരോ വ്യക്തിക്കും അവനവനോടു തന്നെയുള്ള സമീപനവും രാഷ്ടീയമാനമാർന്ന് നമ്മളെ ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു.
ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു തീർത്തും വേറിട്ട ഒരു രചന നിർവഹിച്ചതിലാണ് സനലിന്റെ കലാപ്രതിഭയും പക്വതയാർന്ന ആത്മവിശ്വാസവും കൃത്യമായി വെളിപ്പെടുന്നത്. ഒരു നിമിഷം പോലും വഴുതിപ്പോകാതെ തുടക്കം മുതൽ ഒടുക്കം വരെ അയാൾ ടോട്ടൽസിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. ഈ അപൂർവതയുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇന്ദ്രജിത്തിനെയും ബേസിൽ ജോസഫിനെയും സന്തോഷപൂർവം ഓർക്കുന്നു. സ്വന്തം സാഹചര്യങ്ങളോടു ക്രിയാത്മകമായി സംവദിക്കുന്ന ആരുടെയും ഒരു ദിവസത്തെ ഉറക്കം കെടുത്താൻ ഈ സിനിമയ്ക്കു കഴിയുമെന്നുറപ്പാണ്.