ഇതായിരുന്നു ഈ വർഷത്തെ മേളയിലെ സിനിമ. ഒരു ദിവസം മുഴുവൻ ഇതിന്റെ ഹാങ്ങോവറിലായിരുന്നു. പിന്നീടു കണ്ടതൊന്നും ഏശിയില്ല. അഥവാ ഒരു ചെറുദേശത്തെ ചെറിയ ഭാഷയിൽ ഒരു അന്തർദ്ദേശീയസിനിമ കണ്ടതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല.
ഒഴിവുദിവസത്തിലെ ഉന്മാദം നിറഞ്ഞ ഒരു കളിയെ പുതിയ ജനാധിപത്യത്തിന്റെ രൂപകമായി കൺസീവ് ചെയ്യുന്നതിൽ ഒരു വലിയ സിനിമ അടങ്ങിയിട്ടുണ്ട്. രാഷ്ട്രീയപ്രബുദ്ധരും തത്വജ്ഞാനികളുമായിരിക്കെത്തന്നെ ദളിതരോടും സ്ത്രീകളോടും മൃഗങ്ങളോടും അത്രമേൽ അപരിഷ്കൃതമായ കാടത്തം പുലർത്തുന്ന ഒരു സമൂഹത്തെപ്പറ്റിയുള്ള സൂചനകളുണ്ട്. ഒരു പുസ്തകസിദ്ധാന്തത്തിന്റെയും വിധിപ്രസ്താവത്തിന്റെയും അകമ്പടിയില്ലാതെ ഒരൊഴിവു ദിവസത്തെ സംഭവങ്ങളിലൂടെ ഇതു ദൃശ്യവൽക്കരിക്കുന്നതിലെ കല ഒന്നു കാണേണ്ടതുതന്നെയാണ്. കട്ടില്ലാത്ത സ്റ്റെഡിക്യാം സൗന്ദര്യവും വനഹൃദയത്തിലെ ബിംബസമ്യദ്ധിയും ഭാഷണത്തിലെ നാട്ടുചന്തവും ശബ്ദലേഖനത്തിലെ സൂക്ഷ്മതയും ചില ഉദാഹരണങ്ങൾ മാത്രം.
അഞ്ചുപുറത്തിൽ കവിയാത്ത ഉണ്ണിയുടെ കഥയെ രാഷ്ടീയമാനങ്ങൾ നിറഞ്ഞ ഒരു പൂർണ്ണസിനിമയായി സനൽ വളർത്തിയെടുത്തിരിക്കുന്നു. വരികൾക്കിടയിലെ നിശ്ശബ്ദതകളെല്ലാം പൂരിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു വാർത്തകൾ ഒരു പാരഡിയായി പശ്ചാത്തലത്തിൽ മുഴങ്ങവെ, കളി നടക്കുന്ന മട്ടുപ്പാവ് പതിയെപ്പതിയെ ഒരു രാജ്യമായി രൂപാന്തരപ്പെടുന്നു. രാജാവും മന്ത്രിയും ന്യായാധിപനും കള്ളനും പോലീസും തങ്ങളുടെ റോളുകൾ ഭംഗിയായി നിർവഹിക്കുകയും ഒടുവിൽ അനിവാര്യമായ ആ ദുരന്തം സംഭവിക്കുകയും ചെയ്യുന്നു. സിനിമ തന്നെ ഒരു പ്രതീകമായി മാറുന്നു.
കൃത്യമായ രാഷ്ട്രീയധ്വനികൾ ഈ സിനിമയെ ദേശീയ അന്തർദ്ദേശീയ മാനങ്ങളിലേയ്ക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നു. ചക്കയിടാനും കോഴിയെ കൊല്ലാനുമെന്നപോലെ കൊല്ലപ്പെടാനും കറുത്തവൻ തന്നെ നിയുക്തനാവുന്നതിന്റെ രാഷ്ടീയം മാത്രമല്ല ഇരയുടെ റോളിലകപ്പെട്ട സ്ത്രീയുടെ പ്രതിരോധവും അതിജീവനവും മാത്രമല്ല അധികാരരതി മാത്രമല്ല മൃഗങ്ങളോടും പക്ഷികളോടുമുള്ള ക്രൂരത മാത്രമല്ല ഓരോ വ്യക്തിക്കും അവനവനോടു തന്നെയുള്ള സമീപനവും രാഷ്ടീയമാനമാർന്ന് നമ്മളെ ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു.
ദൃശ്യശൈലിയിലും ദർശനത്തിലും ഒരാൾപ്പൊക്കത്തിൽ നിന്നു തീർത്തും വേറിട്ട ഒരു രചന നിർവഹിച്ചതിലാണ് സനലിന്റെ കലാപ്രതിഭയും പക്വതയാർന്ന ആത്മവിശ്വാസവും കൃത്യമായി വെളിപ്പെടുന്നത്. ഒരു നിമിഷം പോലും വഴുതിപ്പോകാതെ തുടക്കം മുതൽ ഒടുക്കം വരെ അയാൾ ടോട്ടൽസിനിമയെ ഹൃദയത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. ഈ അപൂർവതയുടെ രൂപവും ഭാവവും നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇന്ദ്രജിത്തിനെയും ബേസിൽ ജോസഫിനെയും സന്തോഷപൂർവം ഓർക്കുന്നു. സ്വന്തം സാഹചര്യങ്ങളോടു ക്രിയാത്മകമായി സംവദിക്കുന്ന ആരുടെയും ഒരു ദിവസത്തെ ഉറക്കം കെടുത്താൻ ഈ സിനിമയ്ക്കു കഴിയുമെന്നുറപ്പാണ്.
1 comment:
നല്ല വിശകലനം
Post a Comment