Monday, September 22, 2014

ഞാൻ











പ്രേക്ഷകർ പൊതുവിൽ മറന്നുതുടങ്ങിയ ‘സ്ഥലവും കാലവും’ സിനിമയിലേക്കു മടങ്ങിവരുന്നത് സന്തോഷമുള്ള കാര്യമാണ്. കോട്ടൂർ ഒരു സ്ഥലവും കാലവുമാണ്. ഒപ്പം കഥാപുരുഷനുമാണ്. നാല്പതുകളാണ് കാലം. മനുഷ്യപക്ഷത്തു നിൽക്കാനുറച്ച ഒരു സ്വതന്ത്രചിന്തകന്റെ ജീവിതവഴികളാണ് ടി.പി. രാജീവന്റെ നോവലിനെ ചലിപ്പിക്കുന്നത്. സിനിമയെയും. നോവലിലെ നോവുകൾ സിനിമയിലേക്കു പകർന്നിട്ടുണ്ട്. കോട്ടൂരിന്റെ ആത്മസംഘർഷവും സമൂഹവുമായുള്ള സംഘർഷവും തന്നെ പ്രമേയം. പാലേരിമാണിക്യവുമായി സാദൃശ്യമുള്ള ഒരു പ്രകൃതി തന്നെയാണ് ചിത്രത്തിലെങ്കിലും അത്രമേൽ സോദ്ദേശ്യപരമായ സംവിധായകന്റെ ഈ ഉദ്യമത്തെ സ്നേഹിക്കാതെ വയ്യ. 

ചരിത്രത്തോടൊപ്പവും പിന്നെ വഴിമാറിയും നടന്ന വ്യക്തിയായിരുന്നു കോട്ടൂർ. ചരിത്രവും ഫിക്ഷനും ഇടകലരുന്ന പരിചരണരീതിയാണ് സിനിമയും പരീക്ഷിക്കുന്നത്. കണ്ടിരിക്കെ, പേഴ്സണൽ ഈസ് പൊളിറ്റിക്കൽ എന്ന ഒരശരീരി മനസ്സിലേയ്ക്കു കടന്നുവന്നു. കുടുംബത്തിലെയും സമൂഹത്തിലെയും നിലവിലുള്ള മൂല്യസങ്കൽപ്പങ്ങളുമായി കലഹിക്കുന്ന വ്യക്തിയാണയാൾ. അവനവനുമായിക്കൂടി സംഘർഷത്തിലാകുമ്പോൾ സിനിമ മനുഷ്യജീവിതത്തിന്റെ ദർപ്പണമാകുന്നു. അനിവാര്യമായതുപോലെ ഒടുവിൽ അയാൾ അപ്രത്യക്ഷനാവുന്നു. ചരിത്രമാവുന്നു.

കോട്ടൂർ എന്ന വ്യക്തിത്വത്തെ സ്വാംശീകരിക്കാനുള്ള ദുൽക്കറിന്റെ ശ്രമം അഭിനന്ദനമർഹിക്കുന്നു. ഈ നടന്റെ റേഞ്ചിനു നേരെ ഉയർന്ന ഏറ്റവും മികച്ച വെല്ലുവിളിയുമാണിത്. എന്നാൽ ഈ കാസ്റ്റിംഗിൽ പിഴവുണ്ട്. കാലാനുസൃതമായി പകർന്നാടാൻ വിസമ്മതിക്കുന്ന ആ ശരീരഭാഷയും ഭാവവും പരിക്കേൽപ്പിക്കുന്നത് കോട്ടൂരിന്റെ സങ്കീർണ്ണവ്യക്തിത്വത്തെത്തന്നെയാണ്. എന്നാൽ വിസ്മയിപ്പിക്കുന്ന കയ്യടക്കമാണ് സജിതയും മുത്തുമണിയും സുരേഷ്കൃഷ്ണയും സൈജുവും രഞ്ചിപണിക്കരുമടക്കമുള്ള അഭിനേതാക്കൾ പ്രദർശിപ്പിക്കുന്നത്. കലാസംവിധായകനെ നമിയ്ക്കുന്നു. പഴമയുടെ കൊതിപ്പിക്കുന്ന ആ നിഴലും വെളിച്ചവും നിറവും മണവും സിനിമയുടെ ആത്മാവിനെ തൊടുന്നുണ്ട്. ഭൂതകാലത്തിന്റെ ജീവസ്സുറ്റ മുഹൂർത്തങ്ങളിൽ നിന്ന് ‘നാടകീയമായ’ വർത്തമാനത്തിലേയ്ക്കുള്ള മടക്കമാണ് ക്രാഫ്റ്റിനെ ഇടയ്ക്കിടെ ഉലയ്ക്കുന്നത്. സാമാന്യം ലൌഡായിപ്പോയ സംഗീതവും.

പരിമിതികളൊന്നും സാരമാക്കണ്ട. ഏതു പ്രതിസന്ധികൾക്കിടയിലും പ്രതിഭയുള്ളവർക്ക് യഥാർത്ഥസിനിമയെ പ്രണയിക്കാതെ വയ്യെന്ന് ഈ സിനിമയും അടിവരയിടുന്നുണ്ട്. അതാണു കാര്യം. കാരണവും.

7 comments:

ajith said...

കാണട്ടെ

Manoj Vellanad said...

കണ്ടില്ല.. കാണണം..

എഴുത്ത് മികവുറ്റത്..

ശ്രീ said...

കണ്ടു നോക്കട്ടെ

R@y said...

അന്ധ ഭാര്യയെ ഭോഗിച്ചു തളർന്നവന്റെ മനസ്സിലേക്കു വളർത്തമയുടേയും ചിറ്റമ്മയൂടേയും മുഖങ്ങൾ വരികയും പിന്നീട് മരിച്ചുപോയ പിതാവിന്റെ രൂപത്തോട് തർക്കിക്കുകയും ചെയ്യുന്ന ദുൽക്കർ എന്ന അഭിനേതാവ് തീർത്തും ദുരന്തമാണ്. അഭിനയശേഷിയുള്ള ഒരാളുടെ ബഹുമതികളാണ് ദുൽക്കറിലൂടെ നഷ്ടപ്പെട്ടത്.

സംവിധായകനും പലയിടത്തും അയാൾക്കു തന്നെ ഉറപ്പില്ല എന്ന രീതിയിൽ പലതും അവതരിപ്പിക്കുന്നു. വാറ്റ് കാർക്കിടയിലെത്തുന്ന കോട്ടൂർ.. സംഘടനയിൽനിന്നും നിഷ്പ്രയാസം പുറത്താകുന്ന കോട്ടൂർ. അങ്ങനെ പലതും.

എന്തിരുന്നാലും ഈ സിനിമ "ഞാൻ" എന്ന തലക്കെട്ടിനോട് അത്ഭുതകരമായി അടുത്തു നിൽക്കുന്നു

Cv Thankappan said...

നന്നായി എഴുതി.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പരിമിതികളൊന്നും സാരമാക്കണ്ട. ഏതു പ്രതിസന്ധികൾക്കിടയിലും പ്രതിഭയുള്ളവർക്ക് യഥാർത്ഥസിനിമയെ പ്രണയിക്കാതെ വയ്യെന്ന് ഈ സിനിമയും അടിവരയിടുന്നുണ്ട്. അതാണു കാര്യം. കാരണവും.

ചെറുത്* said...

കണ്ട പോസ്റ്ററുകളിലൊന്നും ഏത് തിയറ്ററിലാണെന്ന് കാണിക്കാതിരുന്നതുകൊണ്ടുമാത്രം കാണാൻ കഴിയാതെ കിടക്കുന്ന "ഞാൻ"