ഉള്ളടക്കത്തിൽ നിന്ന് രൂപത്തിലേയ്ക്കുള്ള സിനിമയുടെ പിന്മടക്കത്തിന്റെ കാലം. പ്രമേയത്തിലെ ഗഹനതയിൽ നിന്ന് പരിചരണത്തിലെ ചടുലതയിലേയ്ക്ക് അത് ചുവടു മാറ്റിയിരിക്കുന്നു. അതിവേഗത്തിലോടുന്ന മെട്രോജീവിതത്തിന്റെ പ്രതിഫലനമാകാം. എന്തായാലും ഈയൊരു സമസ്യയെ മനസ്സിലാക്കിയവരാണ് ഇപ്പോൾ വിജയിക്കുന്നത്. അവർ സിനിമയെടുക്കുമ്പോൾ മാത്രം തീയറ്ററുകൾ നിറയുന്നു. പാരമ്പര്യവും മുൻപരിചയവും പതിവു ഫോർമുലകളുമെല്ലാം അപ്രസക്തമാകുന്നു. അങ്ങനെ, ശ്യാംധർ എന്ന സംവിധായകൻ ജനിക്കുന്നു.
ഒരു പ്രണയഗാനമോ പ്രണയരംഗമോ പോലുമില്ലാത്ത സിനിമയാണ് സെവൻത് ഡേ. എന്നിട്ടും യുവാക്കൾ ഈ സിനിമയെ ഹൃദയത്തിലേറ്റുന്നു. വിക്കിപ്പീഡിയയിൽ പോലും പേരില്ലാത്ത ഒരു യുവാവിന്റെ പടം കാണാൻ പുറപ്പെടുന്നതിന് നല്ല ധൈര്യം വേണമെങ്കിൽ, അയാൾക്ക് തന്റെ പ്രതിഭ പ്രകടിപ്പിക്കാൻ വേണ്ടിവരുന്ന ധൈര്യത്തെപ്പറ്റി ആലോചിച്ചുനോക്കൂ. വിശ്വാസം അയാളെ രക്ഷിച്ചു. അധികം സങ്കീർണ്ണതകളില്ലാത്ത ഒരു ത്രില്ലറിന്റെ ത്രെഡിനെ അതിനിണങ്ങിയ ദൃശ്യഗൌരവത്തോടെ സമീപിച്ചിരിക്കുന്നു. അനാവശ്യമായ വിശദാംശങ്ങളെല്ലാം വൃത്തിയായി എഡിറ്റ് ചെയ്തുകളഞ്ഞിട്ടുണ്ട്. ആദ്യവസാനം, ശ്രദ്ധയെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുക്കുന്നുണ്ട്. നാടകീയതയും സസ്പെൻസും നടനചാരുതയുമുണ്ട്. കൂടുതൽ ചിന്തിക്കരുത്. ഇപ്പോൾ ഇത്രയൊക്കെത്തന്നെ ധാരാളമാണ്. കാരണം, ബിംബത്തെ റിയാലിറ്റിയാക്കുന്ന, നുണയെ സത്യമാക്കുന്ന കലയത്രേ സിനിമ.!
2 comments:
ആളുകള്‍ സിനിമയെ കാര്യമായി സമീപിച്ചു തുടങ്ങിയിരിക്കുന്നു
ഇപ്പോൾ ഇത്രയൊക്കെത്തന്നെ ധാരാളമാണ്. കാരണം, ബിംബത്തെ റിയാലിറ്റിയാക്കുന്ന, നുണയെ സത്യമാക്കുന്ന കലയത്രേ സിനിമ.!
Post a Comment