Saturday, February 13, 2010

‘ഋതു-കഥയുടെ വസന്തം’

സുഹൃത്തേ,

ഒരു പുതിയ ബ്ലോഗിനെ പരിചയപ്പെടാം..
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ‘ഋതു-കഥയുടെ വസന്തം’ എന്ന ഗ്രൂപ്പ് ബ്ലോഗ്.

ഇടവേളയുടെ കൌതുകത്തിനപ്പുറം, ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി, ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..

ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച രണ്ടു കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.! വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന 24 കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!

Thursday, February 4, 2010

രവിയുടെ തുടര്‍ച്ചകള്‍.!

















രവി

കാലവര്‍ഷത്തിന്റെ വെളുത്ത മഴ ശമിച്ചു. ജലം മാത്രം ഒഴുകി. ചെതലിയുടെ ചെരിവില്‍ നിന്ന്, അനേകം ധമനികളിലൂടെ മന്ദതാളത്തില്‍ അത് യാത്ര തുടര്‍ന്നു...വൈകുന്നേരത്തെ മന:ശ്ശാന്തിക്കുള്ള പഴുതു തേടിയിറങ്ങിയ കുപ്പുവച്ചനാണ് ആദ്യം കണ്ടത്. ബസ്റ്റോപ്പിലെ മണ്‍തിട്ടയ്ക്കരികെ, ഉടഞ്ഞ ശംഖു പോലെ ജല സമാധിയായി ഒരാൾ‍..കണ്ണില്ലാത്തവന്റെ ഹൃദയത്തിലേയ്ക്ക് ദുരന്തസാന്നിധ്യമായി രവി വന്നു നിറയുകയായിരുന്നു. വരണ്ട ആ കൺകുഴികൾ രണ്ടുതുള്ളി നീരിനായി ദാഹിച്ചു.! “എന്റെ ദെയ്‌വത്തുങ്ങളേ, നുമ്മടെ മേഷ് ക്കെന്താ പറ്റീത്..?” അയാള്‍ ആര്‍ത്തുവിളിച്ചു.! ആധിപൂണ്ട ഖസാക്കിലെ മനുഷ്യര്‍ ഒന്നൊന്നായി വെട്ടുവഴികളിലൂടെ അവിടേക്കൊഴുകിയെത്തി. അവരുടെ നിരുപാധിക സ്നേഹം പ്രാചീനമായ ഒരൊറ്റ നിലവിളിയായി രവിയെ ചൂഴ്ന്നു.! ആദിമമായ തണുപ്പില്‍ ലയിച്ച് അയാള്‍ സുഖനിദ്രയിലാണ്ടുകിടന്നു. നിരാസക്തിയുടെ ഒരു ചിരി ആ ചുണ്ടില്‍ അപ്പോഴും മായാതെ നിന്നു.!

എല്ലാ ശബ്ദവും നിലച്ച സ്കൂള്‍ വരാന്തയില്‍, രവിയെ കിടത്തി. മാധവന്‍ നായര്‍ കരഞ്ഞില്ല. രവിയുടെ തലയ്ക്കല്‍ കുന്തിച്ചിരുന്ന് അയാള്‍ ആ മുടിയിഴകളെ മാടിയൊതുക്കി. “യാ അള്ളാ..!” ഖാലിയാര്‍ രവിയുടെ ശാന്തിയ്ക്കായി മനസ്സലിഞ്ഞു പ്രാര്‍ത്ഥിച്ചു. കുഞ്ഞാമിനയുടെയും അപ്പുക്കിളിയുടെയും കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടി രുന്നു.! മൈമുന മാത്രം വന്നില്ല; അവളുടെ അഭാവം നിരവധി അർത്ഥങ്ങളുള്ള ഒരു മൌനമായി അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. സന്ധ്യയായി; രാത്രിയായി.. പതിയെപ്പതിയെ, ചെതലിയ്ക്കുമപ്പുറം പ്രഭാതം ചുവന്നു വെളുത്തു. പത്തുമണിയോടെ, കൂമന്‍ കാവിലെ തപാലാഫീസില്‍ നിന്ന് ചുരുങ്ങിയ വാക്കുകളില്‍ ഒരു ചരമസന്ദേശം രവിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പിന്നീട്, നിരാലംബമായ ഒരു വിലാപമായി ഖസാക്ക് രവിക്കു വിട ചൊല്ലി. ആംബുലന്‍സിലെ ഇരുമ്പുതല്പത്തില്‍ നിത്യശാന്തമായ മനസ്സും ശരീരവുമായി രവി നീണ്ടുനിവര്‍ന്നു കിടന്നു.!

അച്ഛന്‍

തറവാടിന്റെ കിഴക്കേമുറ്റത്ത്, പുഷ്പചക്രങ്ങളുടെ മധ്യത്തില്‍ രവി അവസാനമായി ചമഞ്ഞുകിടക്കവേ, മകനെ അടുത്തുകാണാന്‍ അച്ഛന്‍ ആഗ്രഹിച്ചില്ല. ദുര്‍ബ്ബലമായ ആ ദേഹത്തെ ആരോ താങ്ങി, ഇറയത്തെ സോഫയില്‍ ചാരിയിരുത്തിയെങ്കിലും ആ കണ്ണുകള്‍ ദൂരെ, പാടത്തിനും പുഴയ്ക്കുമക്കരെ ശൂന്യതയിലെവിടെയോ നഷ്ടപ്പെട്ടു. തീവ്രവിഷാദത്തിന്റെ ഒരല ഉള്ളില്‍ നിറഞ്ഞുവന്നെങ്കിലും അയാള്‍ ഒന്നും കാണുന്നുണ്ടായിരു ന്നില്ല.! വിദൂരമായ ഏതോ മലഞ്ചരിവിലൂടെ അച്ഛനും കൌമാരം വിടാത്ത രവിയും സായാഹ്നയാത്രയിലായിരുന്നു.! കുട്ടിത്തം നിറഞ്ഞ കുസൃതിയോടെ, തന്നെ തോല്‍പ്പിച്ചുകൊണ്ട് മലമുകളിലേയ്ക്ക് ഓടിക്കയറുന്ന രവിയെ ഇടയ്ക്കിടെ, മൂടല്‍മഞ്ഞിന്റെ വെള്ളത്തിര വന്നു മൂടി. അപ്പോഴെല്ലാം അയാള്‍ ഭയം നിറഞ്ഞ കരുതലോടെ വിളിച്ചു പറഞ്ഞു: “മോനേ രവീ, അവിടെ നില്‍ക്ക്, ഞാനും കൂടി വരട്ടെ..!”

ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍, സന്ധ്യയുടെ ചുവപ്പു മുഴുവന്‍ അലിഞ്ഞു തീര്‍ന്നിരുന്നു..! ചെറിയ ശബ്ദങ്ങ ളും പിറുപിറുക്കലുകളും അകന്നകന്നു പോയി. തെക്കേമുറിയുടെ ജനാലയിലൂടെ കത്തിയമരുന്ന ചിതയിലേക്ക് നോക്കിയിരിക്കെ പത്മയ്ക്കു തന്റെ ബോധം മറയുന്ന പോലെ തോന്നി.

പത്മ

രവി യാത്രയായിട്ട് എത്ര ദിവസമായിക്കാണും.? പത്മയ്ക്ക് സ്വന്തം മുറി ഒരു തടവറയായി അനുഭവപ്പെട്ടു. ഇവിടെയെത്തി, കാലം നിശ്ചലമായ പോലെ..! ഓര്‍മ്മകള്‍ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ കാരുണ്യമില്ലാതെ മേഞ്ഞുനടന്ന്, അവളെ കുത്തി മുറിവേല്‍പ്പിച്ചു.. രവിയില്‍ തുടങ്ങി രവിയിലവസാനിക്കുന്ന ഓര്‍മ്മകള്‍..! അവള്‍ക്കു രവിയോടു ദേഷ്യം തോന്നി. ‘നീ ശരിക്കും എന്നെ ഒറ്റയ്ക്കാക്കി. നീയില്ലാതെ എനിക്കൊന്നുമാവില്ലെന്നും എന്റെ ഭാഷ മനസ്സിലാവുന്ന വേറെ ആരും ഈ ഭൂമിയിലില്ലെന്നും നീ ഓര്‍ക്കാതിരുന്നതെന്ത്.? എന്റെ പഠനവും ഗവേഷണവുമെല്ലാം നിന്നെ മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു..അഴിയുന്തോറും കെട്ടുപിണയുന്ന കുരുക്കുകളായി മാറിയ എന്റെ പരീക്ഷണങ്ങള്‍..! എല്ലാം വെറുതെയായി...” ഒരു നാടന്‍ പെണ്‍കൊടിയെപ്പോലെ, അവള്‍ പരിഭവിച്ചു. മനസ്സ് ഒരു കല്ലായി മാറിയിരിക്കുന്നു.! ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..?

കിടക്കയില്‍ നിന്നെണീറ്റ്, അവള്‍ ജനാല തുറന്നു. പുറത്ത്, നല്ല നിലാവ്..! നേര്‍ത്ത ജലതരംഗമായി ഒരു മഴ തുടരുന്നുണ്ട്..! ഏതോ വിസ്മൃതിയില്‍, അവള്‍ അലമാരിയുടെ വാതില്‍ തുറന്ന് ഉറക്കഗുളികയുടെ കുപ്പി കൈയിലെടുത്തു. ഗുളികകള്‍ ഒന്നൊന്നായി വിഴുങ്ങവെ, അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു..നല്ല സുഖം..! ഒന്നു മുറ്റത്തിറങ്ങിയാലോ..? മഴ നനഞ്ഞ് പതിയെ നടക്കവെ‍, അവള്‍ക്കു രവിയുടെ ഗന്ധം അനുഭവപ്പെട്ടു.! ചേരും ചതുരമുല്ലയും ഇഞ്ചയും പടര്‍ന്നു പിടിച്ച സര്‍പ്പക്കാവിലെ നാഗദൈവ ങ്ങള്‍ക്കരികിലൂടെ അവള്‍ കുളക്കരയിലേക്കു നടന്നു. തല നേരെ നില്‍ക്കുന്നില്ല. നല്ല മയക്കം.! സ്വസ്ഥതയോടെ അവള്‍ കിടന്നു. പിറ്റേന്നു പുലര്‍ച്ചെ, കുളക്കടവിനു സമീപം വീട്ടുകാര്‍ അവളെ കണ്ടെത്തുമ്പോള്‍ ആ ദേഹം തണുത്തു വിറങ്ങലിച്ചിരുന്നു..!

കഥാന്തരം

അനസൂയയുടെ ഇരുപതാം പിറന്നാളായിരുന്നു അന്ന്. അനുമോളെന്ന് അവളെ സ്നേഹത്തോടെ വിളിക്കുന്ന അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി, രാവിലെ തന്നെ കുളിച്ചൊരുങ്ങി അവള്‍ അമ്പലത്തിലേക്കു പുറപ്പെട്ടു. ശ്രീകോവിലിനു മുന്നില്‍ ഇന്നു തിരക്കു കുറവാണ്.... ഓടക്കുഴലൂതുന്ന കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഏകാഗ്രയായി അവള്‍ കണ്ണടച്ചുനിന്നു. പ്രസാദം വാങ്ങി, പ്രദക്ഷിണവഴിയിലൂടെ ചുറ്റമ്പലത്തിനു വലം വെയ്ക്കവെ, വടക്കുപടിഞ്ഞാറെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നിന്ന അരയാല്‍ ഒരു ചിരിയാല്‍ അവളെ മാടിവിളിച്ചു. അവള്‍ അടുത്തുചെന്നു. വിണ്ടുകീറിയ തറയില്‍ വളര്‍ന്നു പടര്‍ന്ന വേരുകള്‍.! ഏതോ ഓര്‍മ്മയില്‍, അവള്‍ ആ വേരുപടലത്തില്‍ കൈ തൊട്ട് നിറുകയില്‍ വെച്ചു. ചെറിയൊരു കാറ്റ് അവളെ തഴുകി കടന്നുപോയി. അടര്‍ന്നു വീണ ഒരില അവളുടെ തുടുകവിളില്‍ സ്പര്‍ശിച്ച് താഴേയ്ക്കു പതിച്ചു. ഒരു കാറ്റു കൂടി വീശി. ഇത്തവണ, ആലിലകള്‍ തുറന്നുചിരിച്ചു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് ആരോ അവളുടെ ചെവിയില്‍ പതിയെ മന്ത്രിച്ചു..“എന്റെ പെണ്‍കുട്ടീ, നീയെന്നെ മറന്നല്ലോ..?”

Saturday, January 2, 2010

IFFK'09; ലോകാനുഭവത്തിന്റെ രസഭാവങ്ങള്‍.!











കാഴ്ചയുടെ ഒരുത്സവം കൂടി കഴിഞ്ഞ് അനന്തപുരി വീണ്ടും പതിവുചര്യകളിലേക്കു മടങ്ങുകയാണ്.! ചിരപരിചിതമായ ആവര്‍ത്തനങ്ങളില്‍ നിന്ന് ഒരു ചടുലവ്യതിയാനമായി മാറിയ എട്ടുദിനങ്ങള്‍.! പാഠ പുസ്തകത്തിലെ നിര്‍ജ്ജീവമായ ഭൂഖണ്ഡങ്ങള്‍ക്കുമപ്പുറം നമ്മെ വികാരഭരിതരാക്കുന്ന ജീവിതഖണ്ഡ ങ്ങളായി ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ മാറിയ ദിവസങ്ങള്‍.!

പുതിയ കാഴ്ചകളാല്‍, പുതിയ ജീവിതാവബോധത്താല്‍, പുതിയ വേദനകളാല്‍, പുതിയ ദര്‍ശനത്താ ല്‍, സമൃദ്ധമായിരുന്നു കേരളത്തിന്റെ 14-മതു ചലച്ചിത്രമേളയും.! കാലത്തിനൊപ്പം സിനിമയും മാറുകയാണെന്ന ബോധത്തിലേക്ക് പ്രേക്ഷകരെ നയിച്ച ലോകാനുഭവത്തിന്റെ രസഭാവങ്ങൾ..! ഗൊദാര്‍ദിന്റെയും ബെര്‍ഗ്മാന്റെയും തത്വചിന്താപരമായ ഡിബേറ്റുകളില്‍ നിന്നും തലനാരിഴകീറുന്ന ബിംബസമസ്യകളില്‍ നിന്നും പുതിയ സിനിമ കൃത്യമായ അകലം പാലിക്കുന്നു.! കാല്‍ച്ചുവട്ടിലെ മണ്ണില്‍ ഉറച്ചുനിന്ന്, ഒരു വളച്ചുകെട്ടുമില്ലാതെ ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്ന, തൊട്ടുകാണി ക്കുന്ന സിനിമയുടെ കാലം.! എല്ലാ മുഖപടവും അഴിച്ചുകളയുന്ന, യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ ആര്‍ജ്ജവം സിനിമയിലും ആഗതമായിരിക്കുന്നു.!

കാനിലെ ആദ്യപ്രദര്‍ശനത്തിനു ശേഷം ‘ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച സംവിധായകൻ' എന്നു പ്രഖ്യാപിച്ച വോൺ ട്രയറിന്റെ ‘ആന്റിക്രൈസ്റ്റ്’ (ഡെന്മാര്‍ക്ക്) തന്നെയായിരുന്നു മേളയിലെ ഏറ്റവും വലിയ പ്രകോപനം.! പാപബോധത്താൽ ഉഴറുന്ന രണ്ടു മനസ്സുകളിലെ ഇരുട്ടു മൂടിയ ഇടങ്ങ ളെ മായികമായ ദൃശ്യ ഭാഷയിലൂടെ തന്റെ ‘പേഴ്സണൽ‘ സിനിമയാക്കി മാറ്റുകയാണ് ട്രയര്‍‍‍ ചെയ്ത ത്..! ഓമനപ്പുത്രന്‍ ജനല്‍പ്പടിയില്‍നിന്നു നിന്നു നിലംപതിച്ച് മൃതിയടയുന്നതറിയാതെ രതി മൂര്‍ച്ഛയില്‍ മുഴുകിയ ‘അവന്റെ‘യും ‘അവളുടെ‘യും കുറ്റബോധമാണ് സിനിമയുടെ പ്രമേയം.! അവളുടെ ആത്മനിന്ദ യും വിഷാദവും ഭയവും ക്രമേണ പരപീഡനത്തിലേക്കും ക്രൂരമായ ലൈംഗികാതിക്രമത്തിലേക്കും വഴി തിരിയുന്നു.! ഒടുവില്‍, രക്ഷകനായ അവനില്‍ നിന്നു തന്നെ പാപത്തിന്റെ ശമ്പളമായ മരണം ഏറ്റുവാ ങ്ങി അവള്‍ അസഹ്യമായ ആ വിഷമവൃത്തത്തിനു പുറത്തുകടക്കുന്നു.! കൊല്ലുന്ന പാപചിന്തയില്‍ നിന്നു സഹജമായ നിഷ്കളങ്കതയിലേക്കു മടങ്ങാന്‍ കഠിനപരിശ്രമം നടത്തി പരാജയപ്പെടുന്ന പുതിയകാലത്തെ ആദവും ഹവ്വയുമായി അവര്‍ മാറുന്നു.! അസുലഭശില്പഭംഗിയാര്‍ന്ന ആറു ഖണ്ഡങ്ങളായി അവതരിപ്പിക്കപ്പെട്ട ചലച്ചിത്രം അതിന്റെ ഭയപ്പെടുത്തുന്ന സത്യസന്ധതയാലും ഞെട്ടിക്കുന്ന ഉൾക്കാഴ്ചയാലും മേളയുടെ കണ്ടെത്തലായി വേറിട്ടു നിന്നു.!

രണ്ടുവര്‍ഷത്തിലധികം വിഷാദരോഗത്തിനടിപ്പെട്ടു കഴിഞ്ഞതിനുശേഷമെഴുതിയ ഈ സിനിമ, തന്നെ സംബന്ധിച്ച് ഒരു ‘തെറാപ്പി’ തന്നെയായിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു.! ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ചിത്രത്തില്‍, യുക്തിയേക്കാൾ സ്വപ്നങ്ങളാണ് തന്റെ രചനയെ നയിച്ചതെന്നും അദ്ദേഹം സമ്മതിക്കുന്നു.! മനുഷ്യമനസ്സിലെ ‘അദൈവ’ത്തെ അഥവാ പിശാചിനെ നേരിട്ടുകാണാൻ തീയറ്ററിനുമുൻപിൽ നീണ്ട ക്യൂ കണ്ട് നഗരവാസികൾ അമ്പരന്നു.! ഇരുട്ടില്‍ രതിയുടെ ആസ്വാദ്യത കാണാൻ തിരക്കുപിടിച്ച പ്രേക്ഷകരാകട്ടെ, വേദനിപ്പിക്കുന്ന ലൈംഗികപീഡകൾ തിരശ്ശീലയിൽ കണ്ട് അസ്വസ്ഥരായി മടങ്ങി.!

മാനസികാപഗ്രഥനത്തില്‍ നിന്ന് ഹൃദയം പിളര്‍ക്കുന്ന സാമൂഹ്യപാഠങ്ങളിലേക്ക്..! ആഭ്യന്തരകലാപത്തില്‍ അഭയം നഷ്ടപ്പെട്ട ഒരു ജനതയുടെ തീവ്രദുഖത്തെ ടീഡോ എന്ന കുമാരന്റെ അതിജീവനകഥയിലൂടെ തുറന്നുകാട്ടുകയാണ് ‘ദി അദര്‍ ബാങ്ക്‘ എന്ന ജോര്‍ജിയന്‍ ചിത്രം. യുദ്ധക്കെടുതിയില്‍, ജന്മദേശമായ അബ്ഖാസിയയില്‍ നിന്ന് അമ്മയ്ക്കൊപ്പം ജോര്‍ജിയയിലേക്കു പലായനം ചെയ്ത ടീഡോ ജീവസന്ധാരണത്തിനു വേണ്ടിയുള്ള അമ്മയുടെ വേശ്യാവൃത്തിയില്‍ മനം നൊന്ത് അച്ഛനെത്തേടി വീണ്ടും സ്വന്തം നാട്ടിലേക്കു മടങ്ങുന്നു.! ഏറെ യാതനകള്‍ സഹിച്ച് അവസാനം, ശിശിരത്തില്‍ മരവിച്ചുനില്‍ക്കുന്ന തന്റെ ഗ്രാമത്തിലെത്തുമ്പോള്‍ അവനെ കാത്തിരിക്കുന്നത്, അച്ഛന്‍ വേറൊരു സ്ത്രീയെ വിവാഹം കഴിച്ച് നാടുവിട്ടു എന്ന വാര്‍ത്തയാണ്.!

വാര്‍ത്താചാനലുകളില്‍ നാം കാണുന്ന പട്ടാളനടപടികളുടെ പതിവു‍ദൃശ്യങ്ങളല്ല; യുദ്ധം അനാഥരാക്കിയ പാവം മനുഷ്യരുടെ ചെറ്റജീവിതമാണ് ടീഡോയുടെ ആത്മാവിനെ മുറിപ്പെടുത്തുന്ന കാഴ്ചകളായി സിനിമ യില്‍ നിറയുന്നത്.! റഷ്യന്‍ പട്ടാളത്തിന്റെ ക്രൂരതകളെ വിമര്‍ശിക്കാനോ, പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം നിര്‍ദ്ദേശിക്കാനോ മുതിരാതെ, ആലംബഹീനരായ ഗ്രാമീണരുടെ തീവ്രവേദനകൾ ഒട്ടും അതിഭാവുകത്വ മില്ലാതെ ആവിഷ്കരിക്കുകയാണ് സംവിധായകന്‍ ഒവാഷ് വിലി ചെയ്തത്.! അനിശ്ചിതത്വത്തിന്റെ കഠിനവ്യഥ പേറുന്ന, കോങ്കണ്ണനായ ടീഡോയുടെ കാതരമായ മുഖം മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു.!

ഇനി, സമാന്തരമായ മറ്റൊരു ജീവിതചിത്രം...!! ഇസ്രയേലി പട്ടാളത്തോക്കുകള്‍ക്കു മുന്നിലെ പാലസ്തീനി കളുടെ അന്യവല്‍ക്കരിക്കപ്പെട്ട ജീവിതത്തെക്കുറിച്ചാണ് പാലസ്തീനില്‍ ജനിച്ചതിന്റെ ദുരന്തം പേറുന്ന‍ ഏലിയ സുലൈമാന്‍ പറയുന്നത്..! 1948 മുതലുള്ള പാലസ്തീന്റെ ചരിത്രവും സംവിധായകന്റെ ആത്മകഥ യും ഒന്നായി മാറുന്ന അനുഭവമായിരുന്നു ‘The Time that Remains' എന്ന അദ്ദേഹത്തിന്റെ പീരിയഡ് സിനിമ.! ജന്മനാട്ടിലെ ജീവിതം ഒരസംബന്ധനാടകമായി മാറുന്നതെങ്ങനെയെന്ന് പറയാന്‍‍ ആക്ഷേപ ഹാസ്യത്തെ ഒരു സിനിമാസങ്കേതമായിത്തന്നെ ഉപയോഗിക്കുകയാണ് സംവിധായകന്‍..! പലരും കൈകാ ര്യം ചെയ്ത പ്രമേയമാണെങ്കിലും കര്‍ശനമായ രാഷ്ട്രീയനിലപാടും പുതിയ ആഖ്യാനരീതിയും ഈ സിനിമയെ കാലാതിവര്‍ത്തിയായ ഒരു സര്‍ഗ്ഗസൃഷ്ടിയാക്കി മാറ്റി..! വെടിയൊച്ചകള്‍ കേട്ടു മരവിച്ചുപോയ വൃദ്ധ ആകാശത്ത് അമിട്ടുകള്‍ പൊട്ടിവിരിയുന്നതു കാണാന്‍ കഴിയാതെ മുഖം തിരിക്കുന്ന ദൃശ്യം മനസ്സില്‍ നിന്നു മായുന്നില്ല..!

മൂന്നു വ്യക്തികളുടെ മനസ്സിലെ വിചിത്രകാമനകളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന ‘Jerichow’ എന്ന ജര്‍മ്മന്‍ സിനിമ ഓരോ നിമിഷവും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചിത്രാന്ത്യം വരെ സസ്പെന്‍സ് നിലനിര്‍ത്തുന്നു.! പ്രവചനാതീതമായ, ജീവിതത്തിലെ യാദൃശ്ചികതകളിലാണ് സിനിമയുടെ ഊന്നല്‍.! അലി എന്ന ബിസ്സിനസ്സുകാരന്‍, ഭാര്യ ലോറ, ഡ്രൈവര്‍ ‍തോമസ് എന്നീ മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയിലെ ത്രികോണജീവിതം മനുഷ്യബന്ധങ്ങളെ സംബന്ധിച്ച വ്യത്യസ്തമായ ഒരു ദൃശ്യപ്രസ്താവം തന്നെയാണ്.! മനുഷ്യന്‍ അകപ്പെട്ടുപോകുന്ന പ്രണയക്കുരുക്കുകള്‍ അപകടകരമായ ഏതെല്ലാം ഊടുവഴികളിലൂടെ അവനെ നടത്തുമെന്നും ചിത്രം കാണിച്ചുതരുന്നു.!

കമ്യൂണിസ്റ്റ് ഏകാധിപതി ചെഷസ്ക്യൂവിന്റെ കുപ്രസിദ്ധമായ ‘സുവര്‍ണ്ണകാല‘ത്തെ കളിയാക്കുന്ന അഞ്ച് ‘ഐതിഹ്യ‘ങ്ങളായിരുന്നു റുമാനിയയില്‍ നിന്നുള്ള ‘Tales from the Golden Age’ എന്ന ചിത്രം. അസംബന്ധപൂര്‍ണ്ണമായ ആക്ഷേപഹാസ്യത്തില്‍ നിര്‍മ്മിച്ച അഞ്ചു ഹ്രസ്വചിത്രങ്ങളുടെ സഞ്ചയമാണ് ഈ സംയുക്തസംരംഭം. പാര്‍ട്ടിനേതൃത്വത്തിന്റെ കോമാളിത്തം നിറഞ്ഞ ഭരണപരിഷ്കാരങ്ങള്‍ സാധാരണ പൌരന്റെ വീക്ഷണത്തില്‍ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന തുറന്ന ചിരിയുടെ സൌന്ദര്യമായിരുന്നു ഈ സിനിമ.!

സ്ത്രീ കാണുന്നതും സ്ത്രീയെ കാണുന്നതും തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കുന്ന ഏതാനും ചിത്രങ്ങള്‍ മേളയുടെ അനുഭവലോകത്തെ കൂടുതൽ സമ്പന്നമാക്കി. ഇത്തരത്തിലുള്ള, ഒരു മികച്ച പരീക്ഷണമായിരുന്നു അബ്ബാസ് കിരോസ്താമിയുടെ ഇറാനിയൻ ചിത്രം ‘ഷിറിൻ’. പുരാതനമായ പേർഷ്യൻ പ്രണയകഥയെ ആധാരമാക്കിയ ഒരു സിനിമ തീയറ്ററിൽ ആസ്വദിക്കുന്ന സ്ത്രീമുഖങ്ങളിലൂടെ ക്യാമറ മാറിമാറി സഞ്ചരിക്കുന്നു. വശ്യസുന്ദരമായ ശബ്ദപഥത്തിന്റെ സഹായത്തോടെ, അർമീനിയൻ രാജകുമാരി ഷിറിന്റെ വിഫലപ്രണയത്തിന്റെ തീവ്രവിഷാദം പ്രേക്ഷകരിലുണർത്താന്‍ സംവിധായകനു കഴിഞ്ഞു.! സിനിമയ്ക്കുള്ളിലെ സിനിമ കാണുന്നവരില്‍ പുരുഷന്മാരുണ്ടെങ്കിലും അവര്‍ പിൻനിരയിലെ നിഴലുകള്‍ മാത്രമാണ്.! ഷിറിന്റെ വികാരപ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കുന്ന സ്ത്രീപ്രേക്ഷകരുടെ മുഖത്ത് മിന്നിമറയുന്ന ഭാവരസങ്ങളുമായി ഈ സിനിമ‍ കാഴ്ചയുടെ നവ്യാനുഭൂതി പകര്‍ന്നു.!

സ്ത്രീപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു ജനകീയ ടോക്ക്ഷോ പശ്ചാത്തലമാക്കിയ ‘Scheherazade, Tell me a Story’ എന്ന സിനിമ, സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീലൈംഗികതയെക്കുറിച്ചും പുരുഷാധിപത്യ ത്തെക്കുറിച്ചുമുള്ള ഒരു തുറന്നുപറച്ചിലായിരുന്നു.! ഈജിപ്തില്‍ നിന്നുള്ള യുസ്രി നസ്രള്ളയാണ് സംവിധായ കൻ. 2007-ല്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘ലൂസിയ പ്യുയന്‍സോ‘യുടെ ‘XXY‘ എന്ന അര്‍ജന്റീനിയന്‍ ചിത്രം പലരും മറന്നു കാണില്ല. ഈ സംവിധായികയുടെ പുതിയ ചിത്രം 'Fish Child' സ്വവര്‍ഗ്ഗാനുരാഗികളായ രണ്ടു യുവതികളുടെ സ്വയംതെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഒരു മികച്ച സ്ത്രീയെഴുത്തായിരുന്നു.

മരണത്തെക്കുറിച്ചും ജീവിതപ്രണയത്തെക്കുറിച്ചുമുള്ള അതിഗഹനമായ ഒരോര്‍മ്മപ്പെടുത്തലായിരുന്നു ആന്ദ്രേവൈദയുടെ ഏറ്റവും പുതിയ ചിത്രമായ ‘Sweet Rush’ (പോളണ്ട്). റാൽഫ് സീമാൻ സംവിധാനം ചെയ്ത ‘Jerusalema’ എന്ന ആഫ്രിക്കൻ ചിത്രം, അക്രമത്തിലും അരാജകത്വത്തിലും പുലരുന്ന ജൊഹാനസ്ബർഗ് നഗരത്തിന്റെ ജീവിതം ചടുലതാളത്തിൽ പകർത്തിയ ഒരു മികച്ച ത്രില്ലറായിരുന്നു .

പുതിയ സംവേദനശീലം ആവശ്യപ്പെടുന്ന വിസ്മയചിത്രങ്ങള്‍, ‘ലോകസിനിമ’യെ അപേക്ഷിച്ച് മത്സരവിഭാഗത്തില്‍ കുറവായിരുന്നു. എന്നാല്‍, പുതിയ മാനവികതയുടെയും ദൃശ്യഭാഷയുടെയും ചില ഉദാഹരണങ്ങളെങ്കിലും കാണാന്‍ കഴിഞ്ഞു. മികച്ച ചിത്രത്തിനുള്ള ‘സുവർണ്ണചകോരം’ രണ്ടു സിനിമകള്‍ പങ്കിട്ടു. ‘അസ്ഗര്‍ ഫര്‍ഹാദി‘യുടെ ഇറാനിയന്‍ ചിത്രം ‘ About Elly’ യും ‘Jermal’ എന്ന ഇന്തോനേഷ്യന്‍ ചിത്രവും ജൂറി തെരഞ്ഞെടുത്തപ്പോള്‍ നൊസീർ സൈനോവിന്റെ താജിക് സ്ഥാന്‍ ചിത്രം 'True Noon' ആണ് പ്രേക്ഷകരുടെ വോട്ടെടുപ്പില്‍‍ ഒന്നാമതെത്തിയത്.!

ഏതൊരാളിന്റെയും ജീവിതത്തില്‍ വളരെപ്പെട്ടെന്നു കടന്നു വരാവുന്ന ഒരു പ്രതിസന്ധിഘട്ടം തികഞ്ഞ വൈഭവത്തോടെ, ഒട്ടും നാടകീയതയില്ലാതെ അവതരിപ്പിച്ച ‘About Elly’ തീര്‍ത്തും ഒരു സംവിധായകന്റെ ചിത്രമായിരുന്നു. ‘എല്ലി’ എന്ന യുവതിയുടെ പെട്ടെന്നുള്ള തിരോധാനം ഒരു സൌഹൃദസംഘത്തിലെ ആന്തരികവൈരുധ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന്റെ അതിമനോഹരമായ ആഖ്യാനമായിരുന്നുഈ ചിത്രം. ചടുലമായ ദൃശ്യ പരിചരണരീതിയും അവസാന ഷോട്ടുവരെ നിലനിര്‍ത്താന്‍ കഴിഞ്ഞ ‘സസ്പെന്‍സു‘മാണ് സിനിമയുടെ വിജയഘടകങ്ങള്‍.! കടലിനു നടുവില്‍ മത്സ്യബന്ധനത്തിനായി നിര്‍മ്മിച്ച വിശാലമായ തട്ടിലെ സംഘര്‍ഷഭരിതമായ ജീവിതഖണ്ഡമായിരുന്നു രവി ഭര്‍വാനി സംവിധാനം ചെയ്ത ‘Jermal’ എന്ന ചിത്രം.

ഗാഢസൌഹൃദത്തില്‍ കഴിഞ്ഞ രണ്ടു ഗ്രാമങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അതിര്‍ത്തി കെട്ടി വേര്‍തിരിക്കു മ്പോള്‍ തടവിലാകുന്ന പ്രണയത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്, ‘ True Noon’ എന്ന സിനിമ പറഞ്ഞത്. ഗ്രാമവാസികൾ തമ്മിലുള്ള നിരുപാധികസ്നേഹത്തെ മനോഹരമായ ദൃശ്യഭാഷയാക്കി മാറ്റിയ ഈ ചിത്രം ‘മനുഷ്യനായിരിക്കണം യഥാര്‍ത്ഥമാനദണ്ഡ’മെന്ന് ഓരോ പ്രേക്ഷകനെയും അനുഭവിപ്പിക്കുകയാ യിരുന്നു.!! അച്ഛനുമമ്മയും മക്കളുമായിരിക്കെത്തന്നെ പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ ദുരന്തം ചിത്രീകരിച്ച ‘There’ (ടര്‍ക്കി), നഗരത്തിരക്കില്‍ നമ്മള്‍ കാണാന്‍ മറക്കുന്ന ‘സാംസ്കാരിക മാലിന്യ’ങ്ങള്‍ വലിച്ചുപുറത്തിട്ട ‘A Fly in the Ashes’ (അര്‍ജന്റീന) എന്നിവയായിരുന്നു മത്സര വിഭാഗത്തിലെ മറ്റു രണ്ടു മികച്ച ചിത്രങ്ങള്‍.

‘എറ്റില്‍ ഇനാക്’ സംവിധാനം ചെയ്ത മേളയിലെ ഉദ്ഘാടനചിത്രം ‘A Step into the Darkness’ (ടര്‍ക്കി) പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. അമേരിക്കന്‍ അധിനിവേശം ഇറാക്കിലെ സാധാരണജനതയെ തകര്‍ത്തതിന്റെ ഒരു ദൃഷ്ടാന്തകഥയാണ് സെനിത്ത് എന്ന യുവതിയുടെ ദുരിതജീവിതത്തിലൂടെ സിനിമ വരച്ചുകാട്ടിയത്. തുടരുന്ന ദുരനുഭവങ്ങള്‍ ഒടുവില്‍, അവളെ തീവ്രവാദത്തിലേക്കു നയിക്കുകയാണ്.! കാണി കളില്‍ ശക്തമായ അമേരിക്കന്‍ വിരുദ്ധവികാരം സൃഷ്ടിക്കുന്നതിനപ്പുറം ദൃശ്യപരമായ പുതുമകളൊന്നും പകരാന്‍ ഈ ചിത്രത്തിനു കഴിഞ്ഞില്ല.

സിനിമയെ രാഷ്ട്രീയമായ ഒരുപകരണമായി ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനായ ഹെയ്ത്തിയന്‍ സംവിധായകന്‍ ‘Raoul Peck ’ തന്റെ മികച്ച ചിത്രങ്ങളുമായി മേളയില്‍ സന്നിഹിതനായിരുന്നു.! 'Moloch Tropical' എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ അധികാരരതിയില്‍ ഉന്മത്തനായ ഒരു ഹെയ്ത്തി യന്‍ ഭരണത്തലവന്റെ അന്ത്യനാളുകള്‍ ചിത്രീകരിക്കുന്നു.! ‘പെക്കി‘നെക്കൂടാതെ, 'Contemporary Masters' വിഭാഗത്തിലുള്‍പ്പെട്ട തായ് സംവിധായകന്‍ Pen-ek Ratanaruang-ന്റെ ‘Ploy’ എന്ന ചിത്രവും ക്യൂബന്‍ സിനിമകളുടെ പാക്കേജിലെ ‘വിവാക്യൂബ’യും ഏറെ ശ്രദ്ധേയമായി.!

മലയാളസിനിമയുടെ പുതിയ മുഖം കാണാൻ ശ്രമിച്ച പലർക്കും പുതിയ കുപ്പിയിലാക്കിയ പഴയ വീഞ്ഞു തന്നെയാണ് ലഭിച്ചത്.! മത്സരചിത്രങ്ങളായി നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും മധു കൈതപ്ര ത്തിന്റെ ‘മദ്ധ്യവേനലി’നെക്കുറിച്ചും പ്രിയനന്ദനന്റെ ‘സൂഫി പറഞ്ഞ കഥ’യെക്കുറിച്ചും ആരും ആവേശം കൊണ്ടതായി അറിവില്ല.! പോയകാലത്തോടുള്ള ഗൃഹാതുരത്വം മാത്രം കൈമുതലാക്കി സിനിമ പിടിക്കാനിറങ്ങുന്ന ടി.വി.ചന്ദ്രന്റെയും മറ്റും സാഹസങ്ങൾ (ചിത്രം: ഭൂമിമലയാളം) ഇനിയുമെത്രകാലം കൂടി നാം സഹിക്കേണ്ടി വരുമോ എന്തോ..? ധൈര്യം സംഭരിച്ച് ജോഷി മാത്യുവിന്റെ ‘പത്താം നിലയിലെ തീവണ്ടി’യില്‍ കയറിയെങ്കിലും ‘സ്കിസോഫ്രീനിയ’യെക്കുറിച്ചുള്ള സംവിധായകന്റെ നവീനഭാഷ്യങ്ങള്‍‍ കണ്ട് പലപ്പോഴും ദൈവത്തെ വിളിച്ചുപോയി.! ‘കേരളാ കഫേ‘യിൽ, അൻവർ റഷീദും അഞ്ജലി മേനോനും ലാല്‍ജോസും ഒരുക്കിയ ശില്‍പ്പസൌകുമാര്യമാര്‍ന്ന ഹ്രസ്വചിത്രങ്ങൾ മലയാളിയുടെ മാനം കാത്തുവെന്നു ചുരുക്കിപ്പറയാം.!

മേളയുടെ നടത്തിപ്പിനെച്ചൊല്ലി, പരാതികൾ പൊതുവെ കുറവായിരുന്നു. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പി നെപ്പറ്റി, അവയുടെ രാഷ്ട്രീയത്തെപ്പറ്റിയൊക്കെ ചില്ലറ പരിഭവങ്ങൾ ഉയര്‍ന്നുകേട്ടു. ഇക്കുറി, കാന്‍ മേളയില്‍ സമ്മാനിതമായ 'The White Ribbon', 'A Prophet' എന്നീ ചിത്രങ്ങള്‍ കൊണ്ടുവരാതിരുന്നതില്‍ അല്പം നിരാശ തോന്നി..! എന്തായാലും, ഉപഗ്രഹചാനലുകളും ഇന്റർനെറ്റും ചേർന്ന് മനുഷ്യനെ നാലുചുവരുകൾ ക്കുള്ളിൽ തളയ്ക്കുമ്പോഴും, എണ്ണായിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് മേളയെ ജനകീയമാക്കാൻ സംഘാടകര്‍ക്കു കഴിഞ്ഞിട്ടുണ്ട്.! മഹത്തായ ഈ സാംസ്കാരികദൌത്യത്തിനു പിന്നില്‍ കര്‍മ്മനിരതരായ സുമനസ്സുകളെ അഭിനന്ദിക്കാതെ വയ്യ.!

വീണ്ടുമൊരു കാത്തിരിപ്പിന്റെ കാലം.! വന്‍കരകള്‍‍ താണ്ടിയെത്തുന്ന വേദനകള്‍ നമ്മുടെ ഹൃദയവികാരമായി മാറുന്ന, ക്യൂബയും അര്‍ജന്റീനയും ജോര്‍ജിയയുമൊക്കെ കേരളത്തിലെ ചെറുഗ്രാമങ്ങളായിത്തീരുന്ന കാഴ്ചയുടെ സുവര്‍ണ്ണകാലമെത്താന്‍, ഇനി നീണ്ട ഒരു വര്‍ഷം കൂടി കഴിയണം...!!

Wednesday, December 2, 2009

വിവാ ക്യൂബാ: രാഷ്ട്രീയത്തിന്റെ അഭാവം!










ക്യൂബയെന്നു കേള്‍ക്കുമ്പോള്‍, മലയാളിയുടെ മനസ്സില്‍ ആദ്യമുണരുന്ന ചിത്രമെന്താണ്? തീര്‍ച്ചയായും, അതു ജനമധ്യത്തില്‍ നില്‍ക്കുന്ന ഫിദല്‍കാസ്ട്രോ തന്നെയാണ്.! മലയാളിയെയും ക്യൂബയെയും കൂട്ടിയിണക്കുന്ന മുഖ്യഘടകവും 'കമ്യൂണിസമെന്ന ഈ ഭൂതം' തന്നെ.!

ലോകത്തിലാദ്യമായി, ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലെത്തിയ 50-കളുടെ അന്ത്യദശയില്‍ തന്നെയാണ് വിപ്ളവത്തിന്റെ വിജയരഥത്തിലേറി ജനങ്ങളുടെ സ്വന്തം ഫിദല്‍ ക്യൂബ യുടെ നായകനായിത്തീര്‍ന്നതും.! കൌതുകകരമായ ഈ യാദൃശ്ചികതയ്ക്കുമപ്പുറം, നിരവധി സംവത്സരങ്ങള്‍ നീണ്ട കോളനിവല്‍ക്കരണത്തിന്റെ ഗുണ/ദോഷഫലങ്ങളും ഇന്ത്യയും ക്യൂബയും പങ്കിടുന്നു.!

സ്പെയിന്‍, അമേരിക്ക, തുടങ്ങിയ വന്‍ശക്തികളുടെ കോളനിയായിരുന്നതിനാല്‍, ക്യൂബയുടെ ജീവിതത്തിലും കലയിലുമൊക്കെ അതിന്റെ അടയാളങ്ങള്‍ തെളിഞ്ഞു കാണാം. മായികമായ ഒരു പ്രലോഭനമായി തൊട്ടടുത്തു സ്ഥിതിചെയ്യുന്ന അമേരിക്കയിലേയ്ക്കുള്ള ക്യൂബന്‍ പൌരന്റെ നിരന്തരമായ കുടിയേറ്റവും ഒരു വലിയ സ്വാധീനം തന്നെയാണ്. ഒരു വശത്ത്, കമ്യൂണിസ്റ്റുഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ കര്‍ശനമായ നിഷേധം; മറുഭാഗത്ത്, അമേരിക്കയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന, അത്യന്തം വിനാശകരമായ സാംസ്കാരികാധിനിവേശം.! ഈ രണ്ടു വെല്ലുവിളികളെയും ഒരുപോലെ ചെറുത്തു കൊണ്ടാണ്, തനതുദേശീയതയിലും സംസ്കാരത്തിലുമൂന്നിയ ആധുനിക ക്യൂബയുടെ കലയും സാഹിത്യവും സംഗീതവുമൊക്കെ വളര്‍ന്നുവന്നത്.

100 വര്‍ഷം പിന്നിടുന്ന ക്യൂബന്‍ സിനിമാചരിത്രത്തിലെ സുവര്‍ണ്ണകാലം 1960-കളില്‍ തന്നെ തുടങ്ങിയിരുന്നു. വിപ്ളവാനന്തരം, സര്‍ക്കാരിന്റെ കീഴില്‍ത്തന്നെ ആരംഭിച്ച ചലച്ചിത്രപഠനകേന്ദ്രം, നല്ല സിനിമയുടെ നിര്‍മ്മാണത്തിനും ആസ്വാദനത്തിനും അവസരമൊരുക്കി. തോമസ് ഏലിയ, ഹംബെര്‍ടോ സോലസ് തുടങ്ങിയ മഹാരഥന്മാര്‍ നവസിനിമയുടെ വ്യാകരണവും സൌന്ദര്യശാസ്ത്രവും ക്യൂബയിലുമെത്തിച്ചു. 'ഏലിയ'യുടെ 'മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് (1968) എക്കാലത്തെയും മികച്ച ലോകസിനിമകളിലൊന്നാണ്.!

സമകാലിക ക്യൂബന്‍ സിനിമാരംഗത്തെ പ്രമുഖ സംവിധായകനായ 'യുവാന്‍ കാര്‍ലോസ് ക്രിമേറ്റാ' (Juvan Carlos Cremata) യുടെ 2005-ല്‍ റിലീസ് ചെയ്ത 'വിവാ ക്യൂബ' എന്ന ചിത്രം, ഫിദല്‍ കാസ്ട്രോയുടെ ക്യൂബ വിട്ടുപോകാന്‍ മടിക്കുന്ന മാലുവെന്ന 12 വയസ്സുകാരിയുടെയും അവളുടെ ഉറ്റസുഹൃത്തും അയല്‍ക്കാരനുമായ ജോര്‍ജിയുടെയും കഥ പറയുന്നു..!

മാലു ക്യൂബയെ അതിരറ്റു സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ ആരും തെറ്റിദ്ധരിക്കേണ്ടതില്ല; ക്യൂബന്‍ വിപ്ളവത്തോടുള്ള ആഭിമുഖ്യമല്ല, ഈ സ്നേഹത്തിനു കാരണം. പിന്നെയോ? അവള്‍ക്കേറ്റവും പ്രിയപ്പെട്ട സ്കൂളും, കൂട്ടുകാരുമുള്ള ഇടം; അവളുടെ എല്ലാമായിരുന്ന മുത്തശ്ശിയുടെ അന്ത്യവിശ്രമസ്ഥലം..ഇതൊക്കെയാണ്. എന്നാല്‍, വിവാഹമോചിതയായ മാലുവിന്റെ അമ്മയെ സംബന്ധിച്ച്, ഇനിയുള്ള ക്യൂബയിലെ ജീവിതം ഏറെക്കുറെ നരകതുല്യമാണ്. എത്രയും നേരത്തെ, അവിടെ നിന്നു പുറത്തുകടക്കാന്‍ അവര്‍ തയ്യാറെടുത്തു കഴിഞ്ഞു..മാലുവിനാകട്ടെ, തന്റെ ഹൃദയതാളമായിത്തീര്‍ന്ന സുഹൃദ്ബന്ധങ്ങളെയും മുത്തശ്ശിയുടെ ദീപ്തസ്മരണകളെയും ഉപേക്ഷിക്കാന്‍ വയ്യ.!

പൂമുഖവാതിലില്‍, വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതു പോലെ, മാലുവിന്റേത് ദൈവത്തിന്റെ സ്വന്തം ഭവനമാണ്..! ആത്മമിത്രമായ ജോര്‍ജിയുടെ അയല്‍വീടാകട്ടെ, ഫിദലിന്റെ സ്വന്തവും..! എന്നാല്‍, ഈ ആശയവൈരുദ്ധ്യമൊന്നും നമ്മുടെ കഥാനായികയുടെയും നായകന്റെയും ഗാഢസൌഹൃദത്തിന് ഒരു തടസ്സമേയല്ല.! വീടിന്റെ മട്ടുപ്പാവിലിരുന്ന്, മാലു നേരിടുന്ന 'സ്വത്വപ്രതിസന്ധി'യെപ്പറ്റി അവര്‍ വിശദമായ ചര്‍ച്ചയിലേര്‍പ്പെടുന്നു..പടിഞ്ഞാറെ ചക്രവാളത്തിലെ അസ്തമയശോണിമ മാലുവിന്റെ വിഷാദം നിറഞ്ഞ മനസ്സിന്റെ കണ്ണാടിയായി മാറുന്ന മനോഹരസീക്വന്‍സ്.. ഒപ്പം, ജോര്‍ജിയുടെ സംഭാഷണങ്ങളില്‍ പ്രകടമാവുന്ന രക്ഷിതാവിന്റെ കപടഗൌരവം പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്നു...ഒടുവില്‍, അവര്‍ ഒരു കടുത്ത തീരുമാനത്തിലെത്തുന്നു; വീട്ടില്‍ നിന്ന് ഒളിച്ചോടുക.! ഹവാനയില്‍ നിന്നു ക്യൂബയുടെ കിഴക്കേ മുനമ്പിലുള്ള 'മെയ്സി'യിലെത്തി അവിടെ ഒരു ലൈറ്റ്ഹൌസില്‍ ജോലി ചെയ്യുന്ന മാലുവിന്റെ അച്ഛനെ കണ്ടുപിടിക്കുക; അമ്മയുടെ കുടിയേറ്റത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെടുക..പിറ്റേന്ന്, സ്കൂളിലേയ്ക്കെന്ന നാട്യത്തില്‍ നല്ല കുട്ടികളായി വീട്ടില്‍ നിന്നു പുറപ്പെടുന്ന അവര്‍ അച്ഛനെത്തേടി യാത്രയാരംഭിക്കുന്നതോടെ, രസകരമായ ഒരു 'തെരുവുസിനിമ'യുടെ ചുരുള്‍ നിവരുകയായി..!

പല ദേശങ്ങളിലൂടെയും ചുറ്റിസഞ്ചരിച്ച്, ഒടുവില്‍ മാലുവിന്റെ പിതാവിനെ കണ്ടെത്തുന്നതു വരെയുള്ള ഇരുവരുടെയും സാഹസികമായ യാത്രാസന്ദര്‍ഭങ്ങളാണ് 'വിവാ ക്യൂബ'യുടെ മുഖ്യപ്രതിപാദ്യം. ആവശ്യത്തിനുള്ള പണമോ ഭക്ഷണമോ ഒന്നുമില്ലെങ്കിലും, സഹജമായ ബുദ്ധിസാമര്‍ത്ഥ്യവും, കൌശലവുമുപയോഗിച്ച്, യാത്രയിലെ പ്രതിസന്ധികള്‍ ഒന്നൊന്നായി അവര്‍ അതിജീവിക്കുന്നു. മുതിര്‍ന്നവരില്‍ നിന്നു വ്യത്യസ്തമായി, കാര്യങ്ങളെ അതീവലാഘവത്തോടെ കാണുന്ന കുട്ടികളുടെ നിര്‍ദ്ദോഷമായ കുസൃതികള്‍ നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. കുരുന്നുകളുടെ മാനസികലോകത്തിന്റെ മായികമായ മനോഹാരിത പ്രതിഫലിക്കുന്ന സ്വപ്നസന്നിഭമായ കാഴ്ചകള്‍.!

കുട്ടികളെ കാണാതായതോടെ, ഇരുവീട്ടുകാര്‍ക്കുമിടയിലെ വൈരത്തിന്റെ മഞ്ഞുരുകുന്നു. പോലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കാന്‍ അവരും ഇറങ്ങിത്തിരിക്കുകയാണ്. അന്വേഷണം ഊര്‍ജിതമായതോടെ, രണ്ടുപേരുടെയും ഫോട്ടോയും വാര്‍ത്തയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഓരോ ഘട്ടത്തിലും പിടിയിലാകും മുമ്പ്, അതിവിദഗ്ദ്ധമായി അവര്‍ രക്ഷപ്പെടുന്നു. ഒടുവില്‍, ഒരു വനപ്രദേശത്ത് ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാവിനെ കണ്ടുമുട്ടുന്നു. സംഗതിയുടെ ഗൌരവം മനസ്സിലാക്കി, അയാള്‍ സ്വന്തം വാഹനത്തില്‍, അവരെ മാലുവിന്റെ അച്ഛനു സമീപം എത്തിക്കുകയാണ്. എന്നാല്‍ അതിനു മുമ്പുതന്നെ, ഇരുവരുടെയും അമ്മമാര്‍ അവിടെ എത്തിപ്പെട്ടിരുന്നു. അച്ഛനോടൊപ്പം തന്റെ അമ്മയെക്കണ്ട് മാലു അമ്പരക്കുന്നു.! വികാരനിര്‍ഭരമായ പുന:സ്സമാഗമത്തിന്റെ അപൂര്‍വനിമിഷം..! എന്നാല്‍, അടുത്ത മാത്രയില്‍ത്തന്നെ, ഇരുവീട്ടുകാരും തമ്മിലുള്ള കലഹം പുനരാരംഭിക്കുകയായി..! നിസ്സഹായരായ മാലുവും ജോര്‍ജിയും ഒരിക്കല്‍ക്കൂടി, സ്വാതന്ത്ര്യത്തിന്റെ തുറന്ന ലോകത്തിലേയ്ക്കു രക്ഷപ്പെടുകയാണ്..!!

കര്‍ശനമായ രാഷ്ട്രീയപശ്ചാത്തലമുള്ള ക്യൂബയില്‍ നിന്ന് തീര്‍ത്തും 'അരാഷ്ട്രീയ'മായ ഇത്തരമൊരു സിനിമ എങ്ങനെയുണ്ടായി എന്നു സംശയിക്കാന്‍ വരട്ടെ..! കൂട്ടികളുടെ പ്രസാദാത്മകമായ ലോകം മാത്രമേ സിനിമയുടെ ഫ്രെയിമിന്റെ പരിധിയില്‍ നാം കാണുന്നുള്ളുവെങ്കിലും നര്‍മ്മത്തില്‍ പൊതിഞ്ഞ അതിന്റെ പുറന്തോടിനുള്ളിലേയ്ക്കു സൂക്ഷിച്ചുനോക്കിയാല്‍, ഈ 'അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം' കുറച്ചൊക്കെ വെളിപ്പെടുന്നതാണ്.!

മാലുവിന്റെയും, ജോര്‍ജിയുടെയും കുടുംബങ്ങള്‍ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കൃത്യമായ രണ്ടു ധാരകളെ പ്രതിനിധാനം ചെയ്യുമ്പോള്‍ത്തന്നെ, രണ്ടിടത്തും ഒരേപോലെ പ്രകടമായിക്കാണുന്ന സവിശേഷത സ്നേഹരാഹിത്യമാണെന്നു കാണാം. വിശ്വാസിയായിരിക്കെത്തന്നെ, സ്വന്തം ജീവിതപങ്കാളിയുമായുള്ള വിവാഹമോചനം ഒഴിവാക്കുവാന്‍ പോലും മാലുവിന്റെ അമ്മയ്ക്കു കഴിയുന്നില്ല.! മാലുവും ജോര്‍ജിയുമടങ്ങുന്ന മൂന്നാമത്തെ ധാരയാവട്ടെ, യാതൊരു വിലക്കുകളുമില്ലാതെ, ലോകത്തെ തുറന്ന സമീപനത്തോടെ വീക്ഷിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍, ഈ മൂന്നു മനോഭാവങ്ങളെയും തികച്ചും നിസ്സംഗമായി നോക്കിക്കാണുന്ന സംവിധായകന്റെ മൌലികവും മാനവികവുമായ ചിന്താധാരയാണ് ഈ സിനിമയെ സാര്‍വലൌകികമായ ഒരു നവ്യാനുഭവമാക്കി മാറ്റുന്നത്.!

കമ്യൂണിസ്റുക്യൂബയില്‍ നിന്ന് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ അന്വേഷിക്കുകയല്ല; മറിച്ച്, ആഗോളമായിത്തന്നെ നിലനില്‍ക്കുന്ന ഈ പ്രമേയപരിസരത്തെ തന്റെ സ്വന്തം 'പേഴ്സണല്‍' സിനിമയായി അവതരിപ്പിക്കുകയാണു സംവിധായകന്‍ ചെയ്യുന്നത്.! ക്യൂബയുടെ സവിശേഷമായ രാഷ്ട്രീയ/സാമൂഹ്യ സാഹചര്യങ്ങളെ ചിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നതും ഇതുകൊണ്ടു തന്നെയത്രേ. മാത്രമല്ല, ഭരണസംവിധാനത്തിന്റെ ചട്ടക്കൂടില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പ്രാണവായു തേടിയുള്ള ഒരു കുതറിമാറല്‍ കൂടിയാണീ ചലച്ചിത്രം എന്നു പറയാം.! കമ്യൂണിസ്റ്റായിത്തീരാതെ, ഒരു മനുഷ്യനെന്ന നിലയില്‍ത്തന്നെ രാജ്യസ്നേഹവും ദേശാഭിമാനവും നിലനിര്‍ത്താനാവുമെന്നും സംവിധായകന്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.! ക്രിയാത്മകതയിലും മാനുഷികമൂല്യങ്ങളിലുമൊക്കെ, മറ്റേതൊരു രാജ്യത്തെക്കാളും സമ്പന്നമാണു ക്യൂബയെന്നും ഈ സിനിമയിലെ പാത്രസൃഷ്ടികളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.!

പ്രത്യയശാസ്ത്രബാധ്യതകളൊന്നുമില്ലാതെ, ശിശുക്കളെപ്പോലെ തികച്ചും നിരുപാധികമായി ലോകത്തോടു സംവദിക്കൂ; അങ്ങനെ, ജീവിതത്തെ ഒരാഘോഷമാക്കി മാറ്റൂ എന്ന് ഈ ചിത്രം ഉദ്ഘോഷിക്കുന്നു. ഒരു മുദ്രാവാക്യത്തിന്റെയും പിന്തുണയില്ലാതെ സരളമധുരമായ ദൃശ്യഭാഷ മാത്രം ഉപയോഗിച്ച്, ഈ സിനിമ ലോകസമൂഹത്തോടു വിളിച്ചു പറയുന്ന സന്ദേശവും അതുതന്നെ..!

Monday, November 30, 2009

അന്ധതയുടെ മായക്കാഴ്ചകള്‍













“I don’t think we did go blind. I think we always were blind.
Blind but seeing. People who can see, but do not see.”

- Jose Saramago, Blindness (Novel)

കാഴ്ചയുണ്ടെന്നു കരുതുന്ന ഓരോ മനുഷ്യന്റെയുമുള്ളില്‍ അവനറിയാതെ ഒരു അന്ധത പ്രവര്‍ത്തിക്കുന്നുണ്ട്.! സഹജീവിയെ അനുതാപത്തോടെ മനസ്സിലാക്കുന്നതില്‍ നിന്ന് അവനെ തടയുന്നത് ഈ അന്ധതയാണ്. അപരനോടുള്ള പെരുമാറ്റത്തിലെ എല്ലാ അപഭ്രംശങ്ങള്‍ക്കും കാരണം, ആന്തരികമായ ഈ ആന്ധ്യം തന്നെയാണ്.! വ്യക്തിയില്‍ തുടങ്ങി, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍, ഭിന്നസാഹചര്യങ്ങളില്‍, ഈ അന്ധത അവന്റെ കാഴ്ചയെ ഹരിയ്ക്കുന്നു.! കടുത്ത മുന്‍വിധികളായി, അക്രമവാസനയായി, ദ്വന്ദ്വയുദ്ധമായി പുറത്തുവരുന്ന ഈ ശത്രുവിനെ തിരിച്ചറിയാനോ നേരിടുവാനോ നമ്മള്‍ തയ്യാറല്ല എന്നതാണ്, വിചിത്രമായ യാഥാര്‍ത്ഥ്യം .! ഈ മനുഷ്യപ്രകൃതിയെയും അതിന്റെ ദുരന്തഫലങ്ങളെയും പ്രതീകാത്മകമായി ദൃശ്യഭാഷയിലേയ്ക്കു പകര്‍ത്താനുള്ള ധീരമായ ശ്രമമാണ് ‘Blindness' എന്ന ബ്രസീലിയന്‍ സിനിമ.

പ്രശസ്തമായ ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ ‘ഫെര്‍ണാന്‍ഡോ മെയ് റെല്ലെസി’ (Fernando Meirelles) ന്റെ പുതിയ സംരംഭമാണിത്. നോബല്‍ സമ്മാന ജേതാവായ ‘ജോസ് സരമാഗൊ’ എന്ന പോര്‍ച്ചുഗീസ് എഴുത്തുകാരന്റെ ഇതേ പേരിലുള്ള പ്രശസ്തനോവലാണ് ചലച്ചിത്രത്തിനാസ്പദം. അന്ധതയെ ഒരു പ്രതീകമായി ഉപയോഗിച്ചു കൊണ്ട്, മനുഷ്യന്റെയുള്ളിലെ വിരുദ്ധപ്രേരണകളായ സ്വാര്‍ത്ഥതയെയും അവസരവാദത്തെയും അക്രമവാസനയെയും വെളിപ്പെടുത്തുന്നതോടൊപ്പം സ്നേഹം, സഹിഷ്ണുത, അനുതാപം തുടങ്ങിയ ധാര്‍മ്മികമൂല്യങ്ങളോടുള്ള അവന്റെ സഹജമായ ആഭിമുഖ്യവും ചിത്രം വിശകലനം ചെയ്യുന്നു. ആദ്യപ്രദര്‍ശനം കണ്ടശേഷം, മൂലകൃതി എഴുതിയ സരമാഗോ വികാരാധീനനായി തന്റെ സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.! 2008-ലെ കാന്‍ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന 'Blindness' അവിടെ മത്സരവിഭാഗത്തിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.! കേരളത്തിന്റെ സ്വന്തം ചലച്ചിത്രമേളയായ ഐ.എഫ്. കെ.കെ (2008)യിലും ഈ ചിത്രം ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.

പേരറിയാത്ത ഒരു നഗരത്തിന്റെ സമീപദൃശ്യത്തില്‍ സിനിമ ആരംഭിക്കുന്നു. തിരക്കേറിയ തെരുവ്. കാറുകളുടെ നിലയ്ക്കാത്ത പ്രവാഹം. നഗരഹൃദയത്തിലെ നാലുംകൂടിയ കവലയില്‍ മാറിമാറിക്കത്തുന്ന ചുവപ്പും പച്ചയും സിഗ്നലുകള്‍.! കാറോടിച്ചു വന്ന ഒരു ജാപ്പനീസ് യുവാവിന്റെ കാഴ്ച പെട്ടെന്നു നഷ്ടപ്പെടുന്നു.! സുഗമമായ ഒഴുക്കു നഷ്ടപ്പെട്ട് തെരുവ് അല്പനേരത്തേയ്ക്കു സ്തംഭിക്കുന്നു.! എന്താണു ചെയ്യേണ്ടതെന്നറിയാതെ അയാള്‍ അമ്പരക്കവേ, അപരിചിതനായ ഒരാള്‍ സഹായത്തിനെത്തുകയും കാറോടിച്ച് അയാളെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന; എന്നാല്‍, അന്ധതയുടെ ആനുകൂല്യം മുതലെടുത്ത് പിന്നീടയാള്‍, കാര്‍ മോഷ്ടിച്ച് കടന്നുകളയുകയാണ്.! പോലീസിന്റെ കണ്ണൂവെട്ടിച്ചു പായുന്നതിനിടെ അയാളുടെ കണ്ണുകളിലും അന്ധതയുടെ വെളുപ്പ് പടരുന്നു..! നഗരം മുഴുവന്‍ ഭീതി വിതച്ചുകൊണ്ട്, ‘വൈറ്റ് സിക്ക്നെസ്സ് ‘എന്ന അജ്ഞാതരോഗത്തിന്റെ ഭീകരാക്രമണം തുടങ്ങുകയായി.!ദൈവശാപമെന്ന പോലെ, ഈ പകര്‍ച്ചവ്യാധി പടിപടിയായി നഗരത്തെ മുഴുവന്‍ വിഴുങ്ങുന്ന ദൃശ്യങ്ങളാണു പിന്നീടു നാം കാണുന്നത്..!

നഗരത്തില്‍ രോഗം പ്രത്യക്ഷപ്പെട്ട ദിവസം രോഗികളെ പരിചരിച്ച ഡോക്ടര്‍ പിറ്റേന്നു രാവിലെ ഉറക്കത്തില്‍ നിന്നുണരവെ, തന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നു.! തുടര്‍ന്ന്, നിയന്ത്രണാതീതമായ വേഗതയില്‍, നഗരത്തില്‍ രോഗം പടരവെ, സര്‍ക്കാര്‍ വലിയൊരു പ്രതിസന്ധിയിലാകുന്നു.! അന്ധരെ അന്ധര്‍ നയിക്കുന്ന ജീവനക്കാരില്ലാ‍ത്ത, ഒരു ആതുരാലയത്തിലേയ്ക്കു, രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നു.! അച്ചടക്കം നടപ്പാക്കാന്‍, പുറത്ത് തോക്കേന്തിയ പട്ടാളക്കാര്‍ മാത്രം.! ക്രമേണ, അന്ധരുടെ നിലയ്ക്കാത്ത പ്രവാഹത്തില്‍ വാര്‍ഡുകള്‍ നിറഞ്ഞുകവിയുന്നു.! കാര്‍ മോഷ്ടാവ്, ജപ്പാന്‍ കാരന്റെ ഭാര്യ, കറുത്ത കണ്ണട ധരിച്ച സ്ത്രീ...ഓരോരുത്തരായി, ആ ചങ്ങല വളരുകയാണ്.! സ്വന്തമായി ഒരു പേരോ ചരിത്രമോ ഇല്ലാത്തവര്‍..! അന്ധതയുടെ തമസ്സിലകപ്പെട്ടതിനാല്‍ അസ്തിത്വം നഷ്ടപ്പെട്ട ഒരു ജനത..!

അന്ധതയുടെ വ്യാപനത്തോടെ നഗരത്തില്‍ അത്യാഹിതങ്ങള്‍‍ പെരുകുന്നു. വാഹനാപകടങ്ങളും അതുമൂലമുള്ള മരണനിരക്കും വര്‍ദ്ധിച്ചതോടെ നഗരവാസികള്‍ പുറത്തിറങ്ങാന്‍ മടിയ്ക്കുന്നു.! അന്ധരുടെ ഈ അനാഥസമൂഹത്തില്‍, ഒരാളില്‍ മാത്രം കാഴ്ചയുടെ അനുഗ്രഹം ഒരത്ഭുതമായി അവശേഷിക്കുന്നു.! ഡോക്ടറുടെ ഭാര്യയാണത്.! ഇവര്‍ തന്നെയാണ് സിനിമയെ മുന്നോട്ടു ചലിപ്പിക്കുന്ന മുഖ്യകഥാപാത്രവും.! നഗരവല്‍ കൃതമായ ഒരു സമൂഹത്തിലെ നന്മയുടെ ശിഷ്ടരൂപമായ ഇവര്‍, കാഴ്ച നഷ്ടപ്പെട്ട സ്വന്തം ഭര്‍ത്താവിനെ പരിചരിക്കുവാനുള്ള അധികൃതരുടെ അനുമതി ലഭിക്കുന്നതിനു വേണ്ടി അന്ധയായി അഭിനയിക്കുകയാണ്.! പിന്നീട്, ഈ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍, ഇവര്‍ പ്രകടിപ്പിക്കുന്ന നേത്രുത്വശേഷിയും ക്ഷമയും സഹിഷ്ണുതയും എടുത്തുപറയേണ്ടതാണ്.!

അന്തേവാസികളുടെ ഭിന്നസ്വഭാവങ്ങള്‍ ക്രമേണ ഈ സങ്കേതത്തില്‍ അക്രമസംഭവങ്ങള്‍ക്കു വഴിവെയ്ക്കുന്നു.! പരിക്കേറ്റ ‘മോഷ്ടാവിനെ’ ചികിത്സിക്കുവാന്‍ ശ്രമിക്കുന്ന ഡോക്ടറുടെ കര്‍ത്തവ്യബോധത്തെ പട്ടാളക്കാര്‍ തോക്കുചൂണ്ടി നേരിടുന്ന രംഗം, ഭരണകൂടഭീകരതയുടെയും ഒപ്പം അതിനെതിരെ ഉയരുന്ന സ്നേഹ-പ്രതിരോധത്തിന്റെയും ദൃശ്യഭാഷ്യമായി മാറുന്നു..! സല്‍ഗുണങ്ങളുടെ വിളനിലമായ ഡോക്ടര്‍ ഒന്നാംവാര്‍ഡിന്റെ പ്രതിനിധിയാകുമ്പോള്‍, ‘വാര്‍ഡ് 3-ലെ രാജാവാ‘യി സ്വയം അവരോധിക്കുന്ന ബാര്‍ ജീവനക്കാരന്‍ ഒരു ഏകാധിപതിയുടെ എല്ലാ ദുര്‍ഗുണങ്ങളും പ്രദര്‍ശിപ്പിക്കുന്നു.! തോക്കിന്റെ പിന്‍ബലത്തില്‍ സ്വന്തം നിയമം നടപ്പാക്കുന്നു.! ഇതിനിടെ, പിന്‍വാതിലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച ‘മോഷ്ടാവ്‘ പട്ടാളക്കാരന്റെ തോക്കിനിരയാവുന്നു.! കൊല്ലപ്പെടുന്നവരെ മരിക്കാത്തവര്‍ മറവു ചെയ്യുന്നു.!കണ്ണില്ലാത്തവന്റെ പരാക്രമങ്ങള്‍ കാണാന്‍ വിധിക്കപ്പെട്ട ‘ഡോക്ടറുടെ ഭാര്യ‘യ്ക്കു കാഴ്ച പോലും ഒരു ശാപമായിത്തീരുകയാണ്.!

അന്തേവാസികള്‍ പെരുകുന്നതോടെ, വാര്‍ഡുകളില്‍ ഭക്ഷണദൌര്‍ലഭ്യം രൂക്ഷമാവുന്നു. കാലിത്തൊഴുത്തിനേക്കാള്‍ മലിനമായ സാഹചര്യങ്ങളില്‍, മനുഷ്യര്‍ പുഴുക്കളെപ്പോലെ ജീവിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.! തോക്കിന്റെ ബലത്തില്‍, ‘വാര്ഡ് 3-ലെ രാജാവ്‘ ഭക്ഷണത്തിന്റെ വിതരണം ഏറ്റെടുക്കുന്നു.! പ്രതിഫലമായി, മറ്റു വാര്‍ഡുകളിലുള്ളവരുടെ വിലപ്പെട്ട വസ്തുക്കള്‍ മുഴുവന്‍ അയാള്‍ സ്വന്തമാക്കുന്നു.! അടുത്ത ഘട്ടത്തില്‍, ദിവസങ്ങളുടെ പട്ടിണി നിസ്സഹായരാക്കിയ അന്തേവാസികള്‍ക്കിടയില്‍ അയാള്‍ ‘ഭക്ഷണത്തിനു പകരം സ്ത്രീകള്‍’ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു..! ഒരു പ്രതിസന്ധിയെ തനിയ്ക്കു പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കുന്ന രാഷ്ട്രീയതന്ത്രത്തിന്റെ വക്താവായി അയാള്‍ മാറുകയാണ്.!ജീവിതത്തിലെ യഥാര്‍ത്ഥ പ്രതിസന്ധിയെന്തെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന കാഴ്ചകളാണു നമ്മളെ ശ്വാസം മുട്ടിച്ചുകൊണ്ട് കടന്നു വരുന്നത്.! വിശപ്പ് ഭയപ്പെടുത്തുന്ന ഒരു ഭീകരജീവിയായി കടന്നാക്രമിക്കുന്നതോടെ, അതിനെ നേരിടുവാനുള്ള ആത്മഹത്യാപരമായ ദൌത്യം ഏറ്റെടുത്തു കൊണ്ട് ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍, ഏതാനും സ്ത്രീകള്‍ വാര്‍ഡ് 3-ലെത്തുന്നു. അമര്‍ത്തിവെയ്ക്കപ്പെട്ട വികൃതരതിയുടെ സംഹാരതാണ്ഡവമാണ് പിന്നീട് അവിടെ അരങ്ങേറുന്നത്..! അന്ധതമസ്സിന്റെ നിയന്ത്രണാതീതമായ ബഹിര്‍സ്ഫുരണം..! അശാന്തിയുടെ കൊടുമുടിയിലേയ്ക്ക് നമ്മള്‍ എടുത്തെറിയപ്പെടുകയാണ്.! ക്രൂരമായ ബലാത്സംഗത്തില്‍ ഒരു യുവതി കൂടി കൊല്ലപ്പെടുന്നു.! ഒടുവില്‍, നിലനില്‍പ്പിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഡോക്ടറുടെ ഭാര്യ ‘വാര്‍ഡ് 3-ലെ രാജാവിനെ വധിയ്ക്കുന്നു.!

അധികൃതരാലും പൂര്‍ണ്ണമായി അവഗണിക്കപ്പെട്ട അവര്‍ പിന്നീട്, ക്യാമ്പിന്റെ നാലു ചുവരുകള്‍‍ക്കു പുറത്തു കടക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു പാഴ്വസ്തു പോലെ നഗരം.! കലാസംവിധാനത്തിന്റെ അപൂര്‍വ്വമാതൃകയായി തകര്‍ന്ന നാഗരികതയുടെ ലോങ്ഷോട്ടുകള്‍.! ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ 10-12 പേരുള്ള ചെറുസംഘം ആളൊഴിഞ്ഞ ഒരു താവളം കണ്ടെത്തുന്നു. ഛിന്നഭിന്നമായ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കുറച്ചു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് അവര്‍ വിശപ്പകറ്റുന്നു.! ദുരന്തഭൂമിയില്‍ കുളിര്‍തെന്നലായി ഒരു മഴയെത്തുന്നു.! അന്ധതമസ്സില്‍, വസ്ത്രങ്ങളൂരിയെറിഞ്ഞ് നഗരവീഥിയുടെ തുറസ്സിലും അവര്‍ മഴയെ വാരിപ്പുണരുന്നു.!പിറ്റേന്നു ഡോക്ടറുടെ വീടു കണ്ടെത്തി, അവിടെയവര്‍ താമസമാക്കുന്നു. അന്ധതയാല്‍ ബന്ധിക്കപ്പെട്ട ആ മനുഷ്യരിപ്പോള്‍ ജാതിയും മതവുമില്ലാത്ത, ദേശവും ഭാഷയും വേര്‍തിരിക്കാത്ത ഒരു സമൂഹമാണ്.! അന്നു രാത്രി ഒരുമേശയ്ക്കു ചുറ്റും അവര്‍ ഒത്തു ചേരുന്നു.! ഏറെക്കാലത്തിനു ശേഷം വൃത്തിയുള്ള ഭക്ഷണം കഴിച്ച്, ശുദ്ധജലം കുടിച്ച് അവര്‍ ജീവിതം ആഘോഷിക്കുന്നു.! ഡോക്ടര്‍ക്കും പ്രിയതമയ്ക്കും വിരഹത്തിന്റെ നീണ്ട യുഗത്തിനു ശേഷമുള്ള ഒരു പ്രണയരാത്രി കൂടിയായിരുന്നു അത്.!

അടുത്ത ദിവസം പുലരുന്നത് അവിശ്വസനീയമായ സന്തോഷവാര്‍ത്തയുമായാണ്.! അന്ധതയുടെ ആദ്യത്തെ ഇരയായ ജാപ്പനീസ് യുവാവിനു കാഴ്ച തിരിയെ ലഭിച്ചിരിയ്ക്കുന്നു.! നാളെ വരാനിരിക്കുന്ന കാഴ്ചയുടെ ശുഭദിനങ്ങള്‍ സ്വപ്നം കണ്ട് എല്ലാവരും ആഹ്ലാദിയ്ക്കുന്നു.! ‘ഡോക്ടറുടെ ഭാര്യ‘ മാത്രം ആശങ്കയിലാണ്.! ഒരുവേള, ചാക്രികമായ ഈ മാറ്റത്തിന്റെ വരവോടെ തന്റെ കാഴ്ച നഷ്ടപ്പെടാനിടയുണ്ടോ..? ജനലിനു പുറത്ത്, വെള്ളമേഘങ്ങള്‍ നിറഞ്ഞ ആകാശപ്പരപ്പിലേയ്ക്ക് അവര്‍ ദൃഷ്ടി പായിക്കുന്നു.! ദൈവമേ.! തന്റെ കണ്ണുകളില്‍ അന്ധത പടരാന്‍ തുടങ്ങുകയാണോ? ആകാംക്ഷയോടെ മിഴികള്‍ താഴ്ത്തവേ, ഒരു നെടുവീര്‍പ്പായി നഗരം അവര്‍ക്കു മുന്നില്‍ വീണ്ടും പ്രത്യക്ഷമാകുന്നു.!

മനുഷ്യന്‍ സംവത്സരങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത സംസ് കൃതിയും നാഗരികതയുമൊക്കെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തകര്‍ന്നുപോകാവുന്നതേയുള്ളുവെന്ന് ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.! ഒരു പളുങ്കുപാത്രംപോലെ ദുര്‍ബ്ബലമാണ് , പലപ്പോഴും നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിയ്ക്കുന്ന നമ്മുടെ സംസ്കാരം.! പ്രതികൂലസന്ദര്‍ഭത്തില്‍, മൃഗതുല്യരായി മാറുന്ന സിനിമയിലെ പരിഷ് കൃതമനുഷ്യര്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു.! വിപുലമായ തലത്തില്‍ ചിത്രത്തിന്റെ സന്ദേശം ഇതാണെങ്കിലും വ്യത്യസ്തമായ നിരവധി വീക്ഷണസാധ്യതകളും സിനിമയുടെ സാര്‍വ്വജനീനമായ ഈ ദൃശ്യസാക്ഷാത്കാരം പ്രേക്ഷകനു നല്‍കുന്നുണ്ട്.!

തികച്ചും വിവരണാതീതമായ ഒരു മനുഷ്യാവസ്ഥയാണ് ചിത്രത്തില്‍ നാം കാണുന്നത്.! ഭാഷയും വാക്കുകളും തീര്‍ത്തും പരാജയപ്പെട്ടുപോകുന്ന ജീവിതസന്ധികള്‍.! വിപുലമായ ഒരു ശില്പശാലയിലൂടെ എല്ലാ നടീനടന്മാരുടെയും കണ്ണുകെട്ടി അന്ധരുടെ പെരുമാറ്റരീതികള്‍ പരിശീലിപ്പിച്ചതിനു ശേഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.! അന്ധരുടെ സവിശേഷമായ ശരീരഭാഷയുടെ കാര്യത്തില്‍, കുറ്റമറ്റതാണ് ശ്രദ്ധാപൂര്‍വം നിര്‍വ്വഹിച്ച ചിത്രത്തിലെ ഓരോ മുഹൂര്‍ത്തവും. കഥാപാത്രങ്ങളെ തങ്ങളിലേയ്ക്കാവാഹിക്കുന്നതില്‍ മാര്‍ റുഫാലോ (ഡോക്ടര്‍) ജൂലിയന്‍ മൂര്‍ (ഭാര്യ), ഡോണ്‍ മക് കെല്ലര്‍ (മോഷ്ടാവ്), ഗെയ്ല്‍ ഗാര്‍സിയ ബര്‍ണല്‍ (വാര്‍ഡ് 3-ലെ രാജാവ്) തുടങ്ങിയവര്‍ പ്രകടിപ്പിക്കുന്ന സാമര്‍ത്ഥ്യവും അര്‍പ്പണവും അപാരം.! കണ്ണുകളുടെ ആനുകൂല്യമില്ലാതെ തന്നെ കഥാപാത്രങ്ങളുടെ വികാരവിനിമയം ഫലപ്രദമായി നിര്‍വ്വഹിക്കുക എന്നതാണ് ഈ ചിത്രത്തിലെ നടീനടന്മാര്‍ നേരിട്ട പ്രധാന വെല്ലുവിളിയും.!

പ്രമേയം പോലെ തന്നെ ഈ സിനിമയുടെ ചിത്രീകരണരീതികളും തികച്ചും വ്യത്യസ്തമായിരുന്നു.! നിരവധി ക്യാമറകള്‍ വിവിധ കോണുകളിലായി സ്ഥാപിച്ച് അസാധാരണമായ വീക്ഷണങ്ങളിലൂടെ കഥാപാത്രങ്ങളെയും അവരുടെ ചെയ്തികളെയും പകര്‍ത്തി സൃഷ്ടിച്ച അര്‍ത്ഥവ്യതിയാനങ്ങള്‍ സിനിമയുടെ സമഗ്രാനുഭവത്തിനു മുതല്‍ക്കൂട്ടായി മാറി. White sickness എന്ന മഹാമാരിയുടെ ഫീൽ സിനിമയിലുടനീളം സാധ്യമാക്കുന്ന വിധത്തിലുള്ള വെളുപ്പുനിറത്തിന്റെ സമർത്ഥമായ ഉപയോഗമാണ് മറ്റൊരു വിജയഘടകം. അന്ധതയുടെ ശബ്ദവ്യാഖ്യാനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത സംഗീത സംവിധായകന്‍ ഈ ചിത്രത്തിനു വേണ്ടി പുതിയ സംഗീതോപകരണങ്ങള്‍ തന്നെ കണ്ടുപിടിച്ചുവത്രേ.!

മനുഷ്യവ്യക്തിത്വത്തിലെ ചില പ്രത്യേകതകള്‍ സാധാരണഗതിയില്‍, ഒരിക്കലും പ്രകടമാവുന്നില്ല. ഇവിടെ, സവിശേഷമായ ഒരു ജിവിതസന്ധി സൃഷ്ടിക്കപ്പെടുകയും ഈ സന്ദിഗ്ദ്ധാവസ്ഥയില്‍ അവന്റെ വ്യക്തിത്വത്തില്‍, അന്നുവരെ അദൃശ്യമായിരുന്ന പല തലങ്ങളും വെളിപ്പെടുകയും ചെയ്യുന്നു. ! മനുഷ്യസ്വഭാവത്തെക്കുറിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു പഠനമായി ചലച്ചിത്രം മാറുകയാണിവിടെ. അന്ധകാരം നിറഞ്ഞ മനുഷ്യമനസ്സിന്റെ ഉള്ളറകളിലേയ്ക്കു വെളിച്ചം വീശുന്ന സാഹസികദൌത്യമാണ് ‘ഫെര്‍ണാന്‍ഡോ മെയ് റെല്ലെസ് ‘എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്മാര്‍ എറ്റെടുത്തത്.! ഈ ദൌത്യം ഒരു വന്‍ വിജയമായിത്തീര്‍ന്നത്, ലോകസിനിമയിലെ സമീപകാല ചരിത്രം..!

Saturday, November 28, 2009

ഗുപ്തയാഥാര്‍ത്ഥ്യങ്ങളുടെ സംഘര്‍ഷഭൂമിക..!













വിജനമായ കാട്ടുപാത...രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കച്ചടവുമായി കാറോടിക്കുന്ന മധ്യവയസ്കന്റെ മയക്കത്തിലേക്കു വഴുതുന്ന കണ്ണുകള്‍...വന്യമായ ഇരുട്ടിനെ മുറിച്ചു നീങ്ങുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം ക്രമത്തില്‍ ഒരു ബിന്ദുവായി ദൂരെ മറയുന്നു. അടുത്ത രംഗത്തില്‍, നടുറോഡില്‍ കിടക്കുന്ന ഒരു മൃതദേഹത്തിനരികില്‍ നിന്ന്, ഭയചകിതനായി ഓടിയൊളിക്കുന്ന അയാള്‍... സമീപം അപകടത്തില്‍പ്പെട്ട കാര്‍...പിന്നാലെയെത്തി സംഭവത്തിനു സാക്ഷ്യം വഹിച്ച് കടന്നു പോകുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍...സംഗതിയുടെ ഗൌരവം മനസ്സിലാക്കിയ അവര്‍ അയാളുടെ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നു...തന്റെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു എന്ന അറിവ് ഒരു നടുക്കമായി അയാളുടെ ഹൃദയം പിളര്‍ക്കവെ, അതിന്റെ പ്രതിഫലനമെന്നോണം വലിയൊരിടിമുഴക്ക ത്തോടെ മഴ പെയ്യാനാരംഭിക്കുന്നു...പിടിക്കപ്പെട്ട കുറ്റവാളിയുടെ കഠിനവ്യഥയുമായി അയാള്‍ കാറോടി ച്ചു പോകുന്നു. അനാഥമായ മൃതശരീരത്തില്‍, പെയ്തു തോരുന്ന മഴയുടെ അടക്കംപറച്ചിലുകള്‍..!

തുര്‍ക്കിയിലെ നവസിനിമയുടെ വക്താവായി മാറിക്കഴിഞ്ഞ Nuri Bilge Ceylan-ന്റെ ഏറ്റവും പുതിയ സംരംഭമായ “ത്രീ മങ്കീസ്” (2008) എന്ന ചിത്രത്തിന്റെ തുടക്കം ഇങ്ങനെയാണ്. കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ് ഇത്തവണ സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മനുഷ്യബന്ധങ്ങളിലെ ഋതുഭേദങ്ങള്‍‍ അടയാ ളപ്പെടുത്തിയ Climates (2006), Distant (2002) തുടങ്ങിയ ആത്മകഥാപരമായ മുന്‍ചിത്രങ്ങളില്‍ നിന്ന് ഒരുപടികൂടി കടന്ന്, ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അവ ലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന
ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങള്‍ തേടിയുള്ള ഒരു സാഹസികയാത്ര തന്നെയാണിത്. പ്രസാദാത്മകമായ ഒരു ഷോട്ടു പോലുമില്ലാത്തപ്പോഴും
ഒരിക്കലും അവഗണിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ചിത്രം നമ്മെ പിടിച്ചിരുത്തുന്നു.! 2008-ലെ കാന്‍ ചലച്ചിത്രമേളയില്‍, “ത്രീ മങ്കീസ്” മികച്ച സംവിധായകനുള്ള പുരസ്കാരം നേടുകയും ചെയ്തു.

ഏഷ്യ-യൂറോപ്പ് വന്‍കരകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന തുര്‍ക്കിയെന്ന സുന്ദരദേശത്തിന് മിശ്രസംസ്കാരത്തിന്റേതായ ഒരു നവോന്മേഷമുണ്ട്. ഏറെ വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുള്ള തുര്‍ക്കിയുടെ സിനിമയിലും സംഗീതത്തിലുമൊക്കെ സാംസ്കാരികസമന്വയത്തിന്റെ
ഈ സൌന്ദര്യം അന്തര്‍ലീനമാണ്.

തുര്‍ക്കിലെ ഒരു ചെറുപട്ടണത്തില്‍, പ്രയോജനവാദത്തിന്റെ പ്രതിനിധിയായി വിലസുന്ന കപടരാഷ്ട്രീയ ക്കാരന്‍ സെര്‍വെറ്റിനെയാണ് ചിത്രത്തിന്റെ ശീര്‍ഷക-സീക്വന്‍സില്‍ നാം കണ്ടത്. എന്നാല്‍, അയാളു ടെ സ്വാധീനവലയത്തിലകപ്പെട്ടതിനാല്‍, വിനാശകരമായ രഹസ്യങ്ങളുമായി നരകതുല്യമായ ജീവി തം തളളിനീക്കാന്‍ വിധിക്കപ്പെട്ട മറ്റു മൂന്നുപേരാണ് വിഖ്യാതമായ ‘വാനരത്രയ’’ത്തിന്റെ പുതിയകാല പ്രതിനിധികളായി സിനിമയില്‍ വര്‍ത്തിക്കുന്നത്. അയാളുടെ മധ്യവയസ്കനായ ഡ്രൈവര്‍ എയുപ്പ്, എയു പ്പിന്റെ ഭാര്യ ഹെയ്സര്‍, മകന്‍ ഇസ്മയില്‍ എന്നിവരാണിവര്‍. കാറപകടത്തില്‍ സംഭവിച്ച കൊലപാതക ത്തിന്റെ ഉത്തരവാദിത്ത്വം തന്റെ ഡ്രൈവറായ എയുപ്പിന്റെ ചുമലില്‍ കെട്ടിവെയ്ക്കാന്‍ സെര്‍വെറ്റിന് രണ്ടാമതൊന്നാലോചിക്കേണ്ടി വരുന്നില്ല. മാസശമ്പളത്തിനു പുറമേ വലിയൊരു തുക വാഗ്ദാനം ചെയ്ത് ജയില്‍ശിക്ഷ ഏറ്റുവാങ്ങുവാന്‍ അയാള്‍ എയുപ്പുമായി രഹസ്യധാരണയുണ്ടാക്കുകയും, കുറ്റകൃത്യത്തില്‍ നിന്നു വിദഗ്ദ്ധമായി കൈകഴുകുകയും ചെയ്യുന്നു. ഇതോടെ എയുപ്പിന്റെ ജീവിതത്തിലും ദുരന്തത്തിന്റെ നിഴല്‍ പരക്കുകയാണ്...ഒരു കാര്‍ സ്വന്തമാക്കുക എന്ന മകന്റെ ദീര്‍ഘകാലസ്വപ്നം സാക്ഷാല്‍ക്ക രിക്കുന്നതിനു വേണ്ടി, വാഗ്ദാനം ചെയ്ത തുകയില്‍ ഒരു പങ്ക് മുന്‍കൂറായി ആവശ്യപ്പെടുന്നതിനാണ് ഹെയ്സര്‍ സെര്‍വെറ്റിനെ സന്ദര്‍ശിക്കുന്നത്. ഇവിടെയും സെര്‍വെറ്റിന്റെ രാഷ്ട്രീയ കൌശലം കൃത്യമായി ത്തന്നെ പ്രവര്‍ത്തിക്കുന്നു. എയുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെതന്നെ തുക നല്‍കിയെന്നു മാത്ര ല്ല, ഈ സാഹചര്യം മുതലെടുത്ത് അയാള്‍ അവളുമായി ഒരു അവിശുദ്ധബന്ധം സ്ഥാപിക്കുകയും എയുപ്പിന്റെ അഭാവത്തില്‍, എല്ലാ സീമകളും ലംഘിച്ച്, ഇതു നിര്‍ബാധം തുടരുകയും ചെയ്യുന്നു...!

ഒരിക്കല്‍, അവരുടെ രഹസ്യസമാഗമത്തിന് മകന്‍ ഇസ്മയില്‍ തന്നെ ദൃക്സാക്ഷിയാവുന്നു. സ്വന്തം വീട്ടില്‍, വാതില്‍പ്പഴുതിലൂടെ അവന്റെ കണ്ണുകള്‍ അരുതാത്തതു കാണുന്നുണ്ടെങ്കിലും ഈ കാഴ്ചയില്‍ വിഹ്വലമായ അവന്റെ മുഖം മാത്രമാണു പ്രേക്ഷകരായ നാം കാണുന്നത്. തന്റെ മുഖത്തു നോക്കി ചോദ്യം ചെയ്ത മകനു മുന്‍പില്‍, ഉത്തരമില്ലാതെ ഹെയ്സര്‍ പതറുന്നു. “എന്നോടു കള്ളം പറയരുത്” എന്നു കരഞ്ഞ് അവന്‍ അമ്മയുടെ മുഖത്തടിക്കുന്നു. അപരിചിത്വത്തിന്റെ രണ്ടു ദ്വീപുകളായി, ആ നിമിഷം തന്നെ അവര്‍ മാറുകയായിരുന്നു.! വീടു വിട്ടിറങ്ങി, കുതിച്ചുപായുന്ന ട്രെയിനില്‍ തല പുറത്തേ യ്ക്കിട്ടു കരയുന്ന ഇസ്മയില്‍ പ്രേക്ഷക മനസ്സില്‍ തീവ്രനൊമ്പരമുണര്‍ത്തുന്നു...ജയിലില്‍, ഇരുമ്പഴിക ള്‍ക്കിരുപുറവും നിന്നു സംസാരിക്കവെ, തന്നെ കാര്‍ന്നുതിന്നുന്ന ഹൃദയരഹസ്യങ്ങളുടെ വാതില്‍ അച്ഛ നു മുന്നില്‍ തുറക്കാന്‍ തുനിയുന്നുണ്ടെങ്കിലും അതുണ്ടാക്കാവുന്ന വന്‍ഭൂകമ്പങ്ങളുടെ പ്രഹരശേഷിയോ ര്‍ത്ത് അവന്‍ പിന്മാറുകയാണ്...!

ഒടുവില്‍, ആ ദിനവും വന്നെത്തുന്നു. ശിക്ഷ തീര്‍ന്നു പുറത്തുവന്ന എയുപ്പിനെ പുതിയ കാറുമായി ഇസ്മയില്‍ സ്വീകരിക്കുന്നു. ഒമ്പതു മാസങ്ങള്‍ നീണ്ട വിരഹത്തിനു ശേഷം തന്റെ ആഗ്രഹപൂര്‍ത്തി യ്ക്കായി ഭാര്യയെ സമീപിക്കുന്ന അയാള്‍ക്ക് അവളുടെ തികഞ്ഞ നിസ്സംഗത താങ്ങാവുന്നതിലുമപ്പുറ മായിരുന്നു.!ശാരീരികാക്രമണങ്ങള്‍ പോലും അവളില്‍ ഒരു ചലനവുമുണ്ടാക്കുന്നില്ല.! എയുപ്പിന്റെ വരവോടെ സെര്‍വെറ്റും അവളെ തള്ളിപ്പറയുകയാണ്.! ഹെയ്സറുടെ മൊബൈലില്‍ റിംഗ് ടോണായി മുഴങ്ങുന്ന ഗാനം അവളുടെ മനസ്സ് അകപ്പെട്ടുപോയ വിനാശകരമായ പ്രണയക്കുരുക്കിന്റെ ധ്വനി സംഗീതമായി മാറുന്നു :
I hope you love and are never loved back,
I hope love hurts you like it hurts me
I hope you earn and are never re-united, like was never re-united
I hope your heart is made to melt, just like a candle
I hope despair is always at your door, waiting just like a slave
I hope your heart is stolen away, just like wares from a market stall..

ക്രമേണ, എയുപ്പിനും കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു. സ്വയമുരുകി, പരസ്പരം ഉരിയാടാനാവാതെ ഒരേ കൂരയ്ക്കു കീഴില്‍ കഴിയാന്‍ വിധിയ്ക്കപ്പെട്ട മൂന്നു മനുഷ്യാത്മാക്കള്‍...! ആത്മനിന്ദയാല്‍, സ്വയം മരണത്തെ പുല്‍കാന്‍ ഹെയ്സര്‍ പലതവണ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ക്കതിനും കഴിയുന്നില്ല. ഒടുവില്‍, അനിവാര്യമായതു സംഭവിക്കുന്നു. സെര്‍വെറ്റ് കൊല്ലപ്പെടുന്നു. താനാണാ കൃത്യം ചെയ്തതെന്ന് ഇസ്മയില്‍ അച്ഛനെയും അമ്മയെയും അറിയിക്കുന്നു... കുറ്റകൃത്യത്തിന്റെ ചരിത്രം ആവ ര്‍ത്തിക്കുന്നതോടെ ഒരു കുടുംബത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാവുന്നു. ഇത്തവണ, ശിക്ഷയേറ്റുവാങ്ങാന്‍ മറ്റൊരാളെ കണ്ടെത്തി, മകനെ കുറ്റവിമുക്തനാക്കുവാന്‍ നിസ്സാരനായ അയാള്‍ക്കു കഴിയുമായിരുന്നില്ല..! കാര്‍മേഘാവൃതമായ ആകാശത്തിനു കീഴെ, തിരയടങ്ങാത്ത കടലിനെ നോക്കി ശൂന്യമനസ്കനായി നില്‍ക്കുന്ന എയുപ്പ്.. മേഘങ്ങള്‍ക്കിടയില്‍ നിന്ന് ഒരിടിമിന്നല്‍ കൂടി ഭൂമിയിലേക്കിറങ്ങി വരുന്നു. വീണ്ടും ഒരു മഴ തുടങ്ങുകയാണ്..!.

ഇരുണ്ടതും ചാരനിറത്തിലുമുള്ള ശ്ളഥബിംബങ്ങളില്‍, സംവിധായകന്‍ കൊത്തിയെടുത്ത ഈ വിഷാദ ശില്‍പം എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? പ്രഥമദര്‍ശനത്തില്‍, എല്ലായ്പ്പോഴും ദുര്‍ബലനെ ഇരയാക്കുവാനുള്ള ശക്തന്റെ പ്രലോഭനങ്ങള്‍ ഈ സിനിമയുടെ മുഖ്യപ്രമേയമായി വര്‍ത്തിക്കുന്നതു കാണാം. ആദ്യം, തനിക്കു വിധേയനായ ഡ്രൈവര്‍ എയുപ്പിനെയും പിന്നീട്, അയാളുടെ ഭാര്യയെയും സെര്‍വെറ്റ് തന്റെ അധികാരവും പണവുമുപയോഗിച്ച് കീഴ്പ്പെടുത്തുന്നു. സിനിമയില്‍, രണ്ടുവട്ടം മാത്രം നാം കാണുന്ന അയാളുടെ ഫോണ്‍-സംഭാഷണങ്ങളില്‍പ്പോലും അധികാരപ്രയോഗത്തിന്റെ ഈ മാടമ്പിസമീപനം വ്യക്തമാണ്. ഇതോടൊപ്പം, പല പ്രമേയപരിസരങ്ങളും അടിയൊഴുക്കായി ഈ സിനിമയെ തൊട്ടുകടന്നുപോകുന്നുണ്ട്. അദൃശ്യമായ അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാനൊരുങ്ങുന്ന മനുഷ്യമനസ്സിലെ വിചിത്രകാമനകളെക്കുറിച്ചും അവ സഫലീകരിക്കുന്നതിനു വേണ്ടിയുള്ള വൃഥാശ്രമത്തില്‍ അവന്റെയുള്ളില്‍ തടവിലാകുന്ന ഗുപ്തയാഥാര്‍ഥ്യങ്ങളെക്കുറിച്ചും ഈ നിഗൂഢരഹസ്യ ങ്ങള്‍ മനസ്സുകള്‍ക്കിടയില്‍ തീര്‍ക്കുന്ന ശൂന്യസ്ഥലങ്ങളെക്കുറിച്ചും മാത്രമല്ല, രാഷ്ട്രീയവും പണവും തമ്മി ലുള്ള അവിശുദ്ധവേഴ്ചയെക്കുറിച്ചും നീതിപീഠത്തിനു മുന്നില്‍, ഒരിക്കലും ശിക്ഷിക്കപ്പെടാത്ത രാഷ്ട്രീയ ക്രിമിനലുകളെക്കുറിച്ചുമൊക്കെ ഈ സിനിമ പറയാതെ പറയുന്നുണ്ട്. എങ്കിലും, അന്തിമവിശക ലനത്തില്‍, പലപ്പോഴും നാം കരുതുന്നതിനേക്കാളേറെ സങ്കീര്‍ണ്ണമായ ‘ജീവിതം’ തന്നെയാണ് ചലച്ചിത്രത്തിന്റെ കേന്ദ്രബിന്ദു.

ക്ളോസ്-അപ്പ് ദൃശ്യങ്ങളിലൂന്നിക്കൊണ്ടുള്ള സിനിമാറ്റോഗ്രഫിയുടെ വികാരവിനിമയ സാധ്യതകള്‍ നൂറു ശതമാനവും പ്രയോജനപ്പെടുത്തുമ്പോള്‍പ്പോലും, “ത്രീ മങ്കീസ്” ഒരു സംവിധായകന്റെ ചിത്രം തന്നെയാണ്. ഒപ്പം, ഉയര്‍ന്ന ശ്രേണിയിലുള്ള ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച്, സിനിമയെ കലയുടെ ഉന്നതമാനങ്ങളിലേക്ക് എത്രത്തോളം ഉയര്‍ത്താന്‍ കഴിയുമെന്നതിന്റെ ഉത്തമദൃഷ്ടാന്തവും. പശ്ചാത്തലസംഗീതമെന്ന സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ച്, യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന സ്വാഭാവികശബ്ദങ്ങളും നിറങ്ങളും മാത്രമുപയോഗിച്ചുള്ള പുതിയ സംവേദനസാധ്യതകളും ഈ സിനിമ തുറന്നിടുന്നുണ്ട്..

കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെല്ലാം പൂര്‍ണ്ണതയോടടുത്ത അഭിനയശേഷി പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഹെയ്സറുടെ സങ്കീര്‍ണ്ണമായ മനോഘടനയെ സൂക്ഷ്മ മായി സ്വാംശീകരിച്ച ‘ഹാറ്റിസ് അസ്ല്ലാ’ന്റെ ശരീരഭാഷയും ഭാവപ്രകാശനങ്ങളും ‘ഗ്രേറ്റ്’ എന്നു തന്നെ പറയണം.! ഈ നാലുപേരൊഴികെ, മറ്റാരും സാന്ദര്‍ഭികമായിപ്പോലും കടന്നുവരുന്നില്ലയെന്നത് ഈ സിനിമയുടെ പ്രമേയപരിചരണത്തിന്റെ ഒരു സവിശേഷത തന്നെയാണ്. ഒരു പക്ഷേ, ഇതിനൊരപ വാദമായി പറയാവുന്നത്, തപ്തഹൃദയവുമായി തളര്‍ന്നു കിടക്കവെ, എയുപ്പിന്റെയും മകന്റെയും മുന്നില്‍, ഒരിക്കല്‍ മാത്രം വന്നുപോകുന്ന ബാല്യത്തിലേ മരിച്ചുപോയ ഇസ്മയിലിന്റെ അരുമ സഹോദരന്റെ സ്വപ്നസാന്നിധ്യം മാത്രമാണ്..!

ഏറ്റവുമൊടുവിലായി, സിനിമയില്‍ കാണുന്നിടത്തോളം ഇരുണ്ടതും നിഷേധാത്മകവുമാണോ മനുഷ്യജീവിതമെന്ന പ്രശ്നം വിമര്‍ശകരില്‍ നിന്നു തീര്‍ച്ചയായും ഉയര്‍ന്നു വന്നേക്കാം. ഒന്നുറപ്പാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ കളങ്കിതരായിപ്പോവുന്ന നിസ്സഹായജീവിതങ്ങളില്‍ നിന്ന്, യാഥാര്‍ഥ്യബോധത്തോടെ അടര്‍ത്തിയെടുത്തവ തന്നെയാണ് ഈ ചിത്രത്തിലെ ഓരോ മുഹൂര്‍ത്തവും. പ്രണയവും വെറുപ്പും കാരുണ്യവും ചതിയും ഇടകലരുന്ന, കാലദേശങ്ങള്‍ക്കതീതമായ ജീവിതാനുഭവ ങ്ങള്‍ തന്നെയാണ് സെര്‍വെറ്റും എയുപ്പും ഹെയ്സറും ഇസ്മയിലും പങ്കിടുന്നത്. സിനിമയില്‍ സന്ദേശ ങ്ങള്‍ക്കു വേണ്ടി പരതുന്ന നിഷ്കളങ്കര്‍ക്കും സമാധാനിക്കാന്‍ വകയുണ്ട്.! ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നുള്ള ജീവരൂപങ്ങളുടെ വ്യതിചലനത്തിനെതിരെയുള്ള പ്രപഞ്ചവിധാതാവിന്റെ മുന്നറിയിപ്പുകളായി ഇടയ്ക്കിടെ തിരശ്ശീലയില്‍ മുഴങ്ങിക്കേള്‍ക്കുന്ന മേഘഗര്‍ജ്ജനങ്ങളെ വായിച്ചെടുക്കാന്‍, വിവേകിയായ പ്രേക്ഷകന് പ്രയാസമുണ്ടാവില്ല. ഒരുവേള, ഈ ഇടിമുഴക്കങ്ങള്‍ തന്നെയാണ് സിനിമയില്‍ അടങ്ങിയിട്ടുള്ള ധ്വനി സൌന്ദര്യം തുളുമ്പുന്ന സന്ദേശവും.!.

Monday, November 23, 2009

നിഷാദം














ആനക്കയ‘ത്തില്‍ ജീപ്പിറങ്ങി മലകയറാനൊരുങ്ങുമ്പോള്‍ത്ത‍ന്നെ രാവണന്‍ കുട്ടി ആനക്കഥകളുടെകെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു. ‘രാമന്‍കുട്ടി’യുടെ ഈ ദ്രാവിഡരൂപമാണ് ഓരോ വനയാത്രയിലും എനിക്കു തുണ. കാടിന്റെ ഹൃദയമറിയുന്ന രാവണന്‍ കുട്ടി കൂടെയുള്ളപ്പോള്‍ ഞാനെന്തിനു ഭയപ്പെടണം? എന്നാലും, യാത്രയില്‍ ആനക്കഥകള്‍ പറഞ്ഞ് എന്നെ ഭയപ്പെടുത്തുകയാണ് അവന്റെ ഇഷ്ടവിനോദം. വന്മരങ്ങളില്‍ കയറി ചില്ലകള്‍ ശേഖരിക്കുന്നതിനും, പുഴകടക്കുന്നതിനും, ഭാരം താങ്ങുന്നതിനും എന്നുവേണ്ട എന്റെ ജീവരക്ഷയ്ക്കു പോലും എനിക്കു രാവണന്‍ കുട്ടി വേണം. കുരങ്ങനേക്കാള്‍ ചടുലമായ അവന്റെ മരംകയറ്റം ഒന്നു കാണേണ്ടതു തന്നെയാണ്.  തീര്‍ന്നില്ല; ഒരാള്‍ കൂടിയുണ്ട് ഞങ്ങളുടെ സംഘത്തില്‍. രാവണന്‍ കുട്ടിയുടെ വിശ്വസ്തനായ നായ, ടൈഗര്‍ ആണത്. കാല്‍നടയാത്രയുടെ ഓരോ മാത്രയിലും, ടൈഗര്‍ ഞങ്ങള്‍ക്കു മുന്‍പേ ഓടി, പരിസരം നിരീക്ഷിച്ചു തിരിച്ചെത്തുകയും മാര്‍ഗ്ഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

രാവിലെ, യാത്ര പുറപ്പെടും മുമ്പു നടന്ന കൂടിക്കാഴ്ചയില്‍ എന്റെ ഗവേഷണസഹായി ഡോ. നായരുടെ വക പ്രത്യേക ഉപദേശമുണ്ടായിരുന്നു.“നോക്കൂ, കാടിന്റെ ഇന്റീരിയറിലേക്കു തന്നെ പോകണം. ഇത്തവണ കളക്ഷന്‍ മോശമായാല്‍ എനിക്കു തന്റെ കാര്യം റീതിങ്ക് ചെയ്യേണ്ടി വരും..” ഭീഷണിയുടെ സ്വരം. കട്ടിപ്പുരികത്തിനു താഴെ ജ്വലിക്കുന്ന കഴുകന്‍ കണ്ണുകള്‍. അവയില്‍, ഇരയ്ക്കു വേണ്ടിയുള്ള വന്യമായ ദാഹം. “യെസ് , സര്‍.. ഐ വുഡ് ട്രൈ മൈ ലെവല്‍ ബെസ്റ്റ്..” എന്നു പറഞ്ഞു മുറിക്കു പുറത്തേയ്ക്കോടുകയായിരുന്നു.

കുത്തനെയുള്ള കരിമലയുടെ ഉച്ചിയിലെത്തിയപ്പോള്‍ തന്നെ കൈയിലുള്ള കുടിവെള്ളശേഖരമെല്ലാം കാലിയായിരുന്നു. വേനല്‍, ശരീരത്തെയും മനസ്സിനെയും ഒരുപോലെ പൊള്ളിക്കുന്നു. ഒരു പാറയില്‍ അല്പനേരം വിശ്രമിച്ച്, ഞങ്ങള്‍ യാത്ര തുടര്‍ന്നു. മലമുകളില്‍ നിന്നു പുറപ്പെട്ട് , ഇതുവഴി ആര്‍ത്തുല്ലസിച്ചൊഴുകിയിരുന്ന പുഴ ഇന്ന് ഒരു ജലരേഖ പോലും ബാക്കിവെയ്ക്കാതെ അപ്രത്യക്ഷമായിരിക്കുന്നു. ഒരു വര്‍ഷകാലത്തിന്റെ ശീതളസ്മരണയില്‍ മയങ്ങുന്ന ഉരുളന്‍ കല്ലുകള്‍.

കാട്. പച്ചയുടെ മാസ്മരിക ലോകം.! ഇടയ്ക്കിടെ ദൃശ്യമാകുന്ന ആനത്താരകളുടെ ഓരം ചേര്‍ന്നുഞങ്ങള്‍ നടന്നു. ആവി പറക്കുന്ന ആനപ്പിണ്ടവും, ആനക്കൂട്ടം ചവിട്ടി മെതിച്ച ഈറ്റക്കാടുകളും കണ്ടു ഭയന്നു. ഒട്ടും സമയം കളയാനില്ല. പരിസരം മറന്ന്, ഞങ്ങള്‍ ജോലി ചെയ്തു. സസ്യലതാദികളാല്‍ എന്റെ തോള്‍സഞ്ചി നിറഞ്ഞു കൊണ്ടേയിരുന്നു..
കുറ്റിക്കാടുകള്‍ പിന്നിട്ട്, ഞങ്ങള്‍ അനന്തവിസ് തൃതമായ ഒരു പുല്‍മേട്ടിലെത്തി. അവിടവിടെയായിഎഴുന്നു നില്‍ക്കുന്ന കറുത്ത കൂറ്റന്‍ ശിലകള്‍. എന്തോ, എനിക്കു പെട്ടെന്നു പാണ്ഡവരുടെ വനവാസകാലവും ‘രണ്ടാമൂഴ‘ത്തിലെ ഭീമനെയും ഓര്‍മ്മ വന്നു.

ഇലകളനങ്ങുന്ന ശബ്ദം. ഞങ്ങള്‍ ജാഗരൂകരായി. അത് പതിയെ അടുത്തടുത്തു വരികയാണ്. ഒരു കരടി തന്നെ. ഞങ്ങള്‍ക്കു മുന്നില്‍ ഏതാനും അടി അകലത്തെത്തിക്കഴിഞ്ഞു. നല്ല പ്രായമുണ്ട്. പിന്‍കാലുകളില്‍‍ നിവര്‍ന്നുനിന്ന് അവന്‍ ഞങ്ങളെയൊന്നു വീക്ഷിച്ചു. രാവണന്‍ കുട്ടി, ഉച്ചത്തില്‍ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി. തിരിഞ്ഞുനോക്കിക്കൊണ്ട് അവന്‍ ഭയന്നോടി. പിന്നെ, കാഴ്ചയില്‍ നിന്നു മറഞ്ഞു.

ശരീരത്തിലെ ജലാംശം വറ്റുന്നതായി കാലുകള്‍ മുന്നറിയിപ്പു തന്നു. ചുവടുകളിടറാന്‍ തുടങ്ങി.“നമുക്കു മടങ്ങാം, വെള്ളമില്ലാതെ ഇനി വയ്യ.“ ഞാന്‍ രാവണന്‍ കുട്ടിയോടു പറഞ്ഞു.“കുറച്ചു ദൂരെ ഒരു അരുവിയുണ്ട്. നമുക്കു അങ്ങോട്ടു നടക്കാം.”- അവന്‍ പറഞ്ഞു.. മനസൊന്നു തണുത്തു. ഞാന്‍ കാലുകള്‍ ‍ പെറുക്കിപ്പെറുക്കി രാവണന്‍ കുട്ടിക്കു പിറകെ പിച്ചവെച്ചു. വഴിയില്‍, പുല്ലാനിയുടെ വള്ളികള്‍ വെട്ടിയെടുത്ത് അതില്‍ നിന്നൂറുന്ന വെള്ളം നാവിലിറ്റിച്ചു.

നടന്നു നടന്ന് ഞങ്ങള്‍ ഒരു നിശ്ശബ്ദതയുടെ  കൂടാരത്തിലെത്തി. ഏതോ പുരാതനശിലകളുടെ നഷ്ടാവശിഷ്ടങ്ങള്‍. കത്തിയമര്‍ന്ന ചന്ദനത്തിരികള്‍. പൊട്ടിയ ഒരു കല്‍വിളക്ക്. ഭയവും ക്ഷീണവും എന്നെ ഒരുപോലെ വലയം ചെയ്തു. “നമുക്കു വഴി തെറ്റിയെന്നു തോന്നുന്നു; ഇവിടെയെങ്ങും ആ അരുവി കാണാനില്ല.” രാവണന്‍ കുട്ടിയുടെ ചിതറിയ ശബ്ദം എന്നെ കൂടുതല്‍ നിസ്സഹായനാക്കി. ദിക്കറിയാതെ ഞങ്ങള്‍ തലങ്ങും വിലങ്ങും നടക്കാന്‍ തുടങ്ങി. എങ്ങും പച്ചയുടെ പ്രളയം മാത്രം.! ദൂരെയെവിടെയെങ്കിലും ഒരു പ്രകാശഗോപുരം? ഒരു സഹായഹസ്തം? ഇല്ല. ദിക്കുകള്‍ ഞങ്ങളെ കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. കടപുഴകി വീണ ഒരു വലിയ മരം കുറുകെ കടക്കവെ, എന്റെ ദേഹം എന്റെ നിയന്ത്രണത്തിലല്ല്ല്ലെന്നു ഞാനറിഞ്ഞു.

ഭയമെന്തെന്നറിയാത്ത രാവണന്‍ കുട്ടിയുടെ കണ്ണുകളിലും ഭീതി കൂടുകൂട്ടിയതു ഞാന്‍ കണ്ടു. മടിയില്‍ നിന്നു വെറ്റിലയും പാക്കുമെടുത്ത് അവന്‍ കണ്ണില്‍ ചേര്‍ക്കുന്നുണ്ട്. മലദൈവങ്ങളോടുള്ള പ്രാര്‍ത്ഥനയാണ്. ഞാന്‍ വാച്ചിലേക്കു നോക്കി. സമയം ആറുമണി. ദൈവമേ..! എനിക്കു തല ചുറ്റുന്നതു പോലെ തോന്നി. ഞാന്‍ ഒരു മരത്തില്‍ ചാരി, പതിയെ നിലത്തിരുന്നു. ഡോ. നായരുടെ കഴുകന്‍ കണ്ണുകള്‍ മനസ്സില്‍ വീണ്ടും വീണ്ടും തെളിഞ്ഞുവന്നു. ഒരു തളര്‍ച്ച എന്റെ ശരീരത്തെയാകെ വന്നു പൊതിഞ്ഞു. പെട്ടെന്ന് എവിടെനിന്നോ, ടൈഗര്‍ കുരച്ചുകൊണ്ട് ഓടിവന്നു. അവന്റെ മുഖം മുഴുവന്‍ രക്തം പുരണ്ടിരുന്നു.. ആകെ ഭയന്നതു പോലെ അവന്‍ കുരച്ചു കൊണ്ടേയിരുന്നു. നിലത്തിരുന്ന്, അവനെ കെട്ടിപ്പിടിച്ചു കൊണ്ട് രാവണന്‍ കുട്ടിയും കരയാന്‍ തുടങ്ങി.

പതിയെപ്പതിയെ, എന്റെ കാഴ്ചവട്ടം ചെറുതായി വന്നു. എനിക്കു മുകളില്‍, ആകാശത്തോളം വളര്‍ന്ന വന്മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ മാത്രം എനിക്കിപ്പോഴും കാണാം. ഇലകള്‍ക്കിടയില്‍ നിന്ന്ഇരുട്ട് എന്റെമേല്‍ ചാടിവീഴുന്നതും കാത്ത് ഞാന്‍ കണ്ണടച്ചു കിടന്നു.