സ്ത്രീകൾ സിനിമയുടെ പശ്ചാത്തലസൌന്ദര്യം മാത്രമായിക്കഴിഞ്ഞ കാലത്ത് പെട്ടെന്നൊരു ദിവസം ഒരു സ്ത്രീ സ്ക്രീനിനു നടുവിലേക്കു കയറിനിൽക്കുമ്പോൾ അതിലൊരു പുതുമയുണ്ട്. രസമുണ്ട്. ആ സ്ത്രീ മഞ്ജുവാര്യർ കൂടിയാവുമ്പോൾ ആ രസം ഇരട്ടിക്കുന്നു. വീണ്ടും ഒരിക്കൽക്കൂടി നടിയെ മനസ്സിൽക്കണ്ട് ഒരു പടമുണ്ടാവുന്നത് തന്റെ മടങ്ങിവരവോടെയാണെന്നത് മഞ്ജുവിനും ഒരുവേള, ഈ സിനിമയ്ക്കും ക്രെഡിറ്റ് തന്നെ. രണ്ടും മോശമായില്ല. സ്ത്രീയും അവളുടെ ആത്മാവിഷ്കാരവുമാണ് കേന്ദ്രപ്രമേയമെങ്കിലും സമകാലികജീവിതത്തിന്റെ സംഘർഷഭരിതമായ നിമിഷങ്ങളിലൂടെയെല്ലാം അത് കടന്നുപോകുന്നുണ്ട്. മഞ്ജുവാണ് താരമെങ്കിലും ചാക്കോച്ചനടക്കം വേഷമിട്ടവരെല്ലാം മനോഹരമായി തൊട്ടുതൊട്ടുനിൽപ്പുണ്ട്. അത് ബോബിയുടെയും സഞ്ജയിന്റെയും രചനാഗുണം.
‘യുവർ ഡ്രീം ഈസ് യുവർ സിഗ്നേച്ചർ’ എന്ന് ഒടുവിൽ എഴുതിക്കാണിക്കുന്ന ഒരു പടം മാത്രമായിരുന്നെങ്കിൽ, ഇതൊരു സിനിമയാകുമായിരുന്നില്ല. ഈ ആശയം കൃത്യമായി, സമർത്ഥമായി വിഷ്വലൈസ് ചെയ്തു എന്നതാണ് റോഷൻ ആൻഡ്രൂസ് ചെയ്ത പുണ്യപ്രവൃത്തി. വിശേഷിച്ച് ചാനലുകൾ സിനിമയെ വിലയ്ക്കുവാങ്ങി അതിന്റെ വില കെടുത്തിയ ഇക്കാലത്ത് അതൊരു വലിയ കാര്യമാണ്. തിരക്കഥയുണ്ട് എന്നതുതന്നെ ഇന്ന് സിനിമയെ സംബന്ധിച്ച് വലിയ സംഭവമാണ്. പരസ്യവാചകമായി കാണുകയില്ലെങ്കിൽ ഒന്നു പറയാം. എല്ലാ മലയാളികളും മനസ്സിലാക്കേണ്ട നിരവധി സന്ദേശങ്ങൾ സിനിമയിൽ അടങ്ങിയിരിക്കുന്നു. വിശദാംശങ്ങൾ ചോദിക്കരുത്. അതറിയാൻ കാശുമുടക്കി സിനിമ കാണുകതന്നെ വേണം.!
1 comment:
കാശ് മുടക്കാന്‍ തയ്യാറെങ്കിലും കാത്തിരിക്കേണ്ടി വരുന്നു ചില നല്ല സിനിമകള്‍ കാണുവാന്‍ ..വരട്ടെ കണ്ടിട്ട് പറയാം
Post a Comment