ദൃശ്യം എന്ന സിനിമയുടെ അഭൂതപൂർവമായ ജനസമ്മതി വെളിപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. അത്യന്തം വിരസമായ യാഥാർത്ഥ്യങ്ങളേക്കാൾ സംഭവിക്കാനിടയില്ലാത്ത ഫാന്റസികളാണ് നമ്മുടെ പ്രേക്ഷകർക്കിഷ്ടം എന്നതാണത്. സാമാന്യം നല്ലൊരു മെലോഡ്രാമയെ സിനിമയെന്ന നിലയിൽ രണ്ടാഴ്ചകളായി നമ്മൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നതിൽ ആലോചനാമൃതമായ ഒരു രസവും ഒപ്പം ഒരു രസമില്ലായ്മയുമുണ്ട്.
26
വർഷം മുൻപിറങ്ങിയ കെ.ജി.ജോർജ്ജിന്റെ യവനികയുമായി ദൃശ്യത്തെ താരതമ്യപ്പെടുത്തുന്ന
നിരൂപകരുണ്ട്. എന്നാൽ, ഈ താരതമ്യത്തിൽ സാരമായ യുക്തിഭംഗമുണ്ട്. രണ്ടു സിനിമയും
തമ്മിലുള്ള വ്യത്യാസം, പ്രൊഫഷണൽ സിനിമയും അമച്വർ സിനിമയും തമ്മിലുള്ള വ്യത്യാസം
തന്നെയാണ്. ജീവിതത്തിന്റെ നിറവും മണവും നഷ്ടപ്പെട്ട യവനികയിലെ നാടകനടിയ്ക്കും
ദൃശ്യത്തിലെ നാലാംക്ലാസ്സുകാരനായ കേബിൾ ഓപ്പറേറ്റർ ജോർജ്ജുകുട്ടിയ്ക്കുമിടയിലുള്ളത് ഒരു ചെറിയ ദൂരമല്ല. അത് സിനിമയും മെലോഡ്രാമയും തമ്മിലുള്ള ദൂരം
തന്നെയാണ്. കലയും ക്രാഫ്റ്റും തമ്മിലുള്ള ദൂരമാണ്.
ചിരപരിചിതമല്ലാത്ത ഒരു ത്രെഡ് തിരക്കഥയാക്കുന്നതിൽ ജിത്തുവിനുള്ള പ്രതിഭ അഭിനന്ദനാർഹമാണ്. വളരെക്കാലംകൂടി തീയറ്ററുകൾ നിറച്ചതിന്റെ
ക്രെഡിറ്റ് സിനിമയുടെ ശില്പികൾക്ക് അവകാശപ്പെട്ടതുമാണ്. എന്നാൽ, സിനിമയിലെ
വിധിനിർണ്ണായകമായ ആ സംഭവം ഉറപ്പിച്ചിരിക്കുന്നത് എത്രത്തോളം ദുർബ്ബലമായ
അടിത്തറയിലാണെന്നു നോക്കൂ. തന്റെ കേബിൾ ബിസ്സിനസ് തടസ്സമില്ലാതെ നിർവഹിക്കാൻ,
ഭാര്യയെയും രണ്ടു പെണ്മക്കളെയും രാത്രി വീട്ടിൽ ഒറ്റയ്ക്കുറങ്ങാൻ വിട്ട് നമ്മുടെ
നായകൻ പതിവായി വീടുവിട്ടുനിൽക്കുകയാണ്. ക്ഷമിക്കണം; അങ്ങനെയൊരാളെ നാട്ടിലെവിടെയും
കണ്ടുമുട്ടാനിടയില്ലെങ്കിലും ഈ സിനിമയിൽ കാണാം. ജോലിയിൽ, സ്വന്തമായി ഒരു ബാച്ചിലർ
പയ്യന്റെ സേവനം ലഭ്യമായിരിക്കെയാണ് അയാൾ ഈ സാഹസമൊക്കെ ചെയ്യുന്നത് എന്ന വിവരം
നമ്മൾ ദയവായി മറക്കേണ്ടതാണ്. കാരണം, ആ ഓർമ്മ നമ്മുടെ സംവിധായകന് ഒട്ടും
ഇഷ്ടമാകാനിടയില്ല.
ഇനി, നിർണ്ണായകമായ ആ ചരിത്രസന്ദർഭത്തിലെ മെലോഡ്രാമ
എത്ര ഭയങ്കരമാണെന്നു നോക്കൂ. ഒരു പ്ലസ് ടു പയ്യൻ തന്റെ മൊബൈൽ ക്യാമറയിൽ
പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരത മനസ്സിലാക്കാം. അവനൊറ്റയ്ക്ക് പാതിരാത്രിയിൽ,
സ്വന്തം കാറിൽ നമ്മുടെ നായകനും കുടുംബവും താമസിക്കുന്ന വീട്ടിൽ കയറിവന്ന് ബ്ലാക്ക്
മെയിൽ ഭീഷണി മുഴക്കി അവളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതും മനസ്സിലാക്കാം. അവളെ
കിട്ടിയില്ലെങ്കിൽ അമ്മയായാലും മതി എന്ന അവന്റെ ആഗ്രഹം പോലും മനസ്സിലാക്കാം.
എന്നാൽ, നല്ല ആരോഗ്യമുള്ള രണ്ടു പെണ്ണുങ്ങൾക്ക് കൂളായി രണ്ടെണ്ണം
കൊടുത്ത്, ആ മൊബൈലും മേടിച്ചെടുത്ത് ‘പോ മോനേ ദിനേശാ’ എന്നു പറഞ്ഞുവിടാവുന്ന
കേസിലാണ് ഈ ചരിത്രസംഭവം നടക്കുന്നത്.! നായകൻ അന്നു രാത്രി വീട്ടിലില്ലെന്നും ദൂരെയുള്ള അയാളുടെ മുറിയിലെ ഫോൺ എപ്പോഴും കേടാണെന്നും മൊബൈൽ ഫോൺ അയാൾക്ക്
ഹറാമാണെന്നും കൂടി ഇവിടെ നാമോർക്കണം. പോരാ, ഇക്കാര്യമൊന്നും ഓപ്പറേഷനു വരുന്ന ആ
പാവം പയ്യനറിയില്ല എന്നും നമ്മുടെ നായികയ്ക്കും മക്കൾക്കും മാത്രമേ അതറിയാവൂ
എന്നുകൂടി നാമോർത്തേ പറ്റൂ. കാരണം, ഈ സന്ദിഗ്ദ്ധഘട്ടത്തിലും പ്രേക്ഷകനേക്കാൾ
സംവിധായകന്റെ ഈ ആവശ്യത്തെ നമുക്കു പരിഗണിച്ചേ പറ്റൂ.
സിനിമയിലെ
അടിസ്ഥാനപരമായ ഡ്രാമയ്ക്ക് ഇത്രയും ഉറപ്പേയുള്ളു. ബാക്കിയുള്ള ഡ്രാമയുടെ
കാര്യവും വ്യത്യസ്തമല്ല. കുറ്റം തെളിയിക്കാനുള്ള തീവ്രാഭിലാഷവുമായി ഒരു ഐ.ജി.
ലോക്കൽസ്റ്റേഷനിലെ ആൺപോലീസുകാരെ ഉപയോഗിച്ച് 10 വയസ്സുപോലുമില്ലാത്ത
പെൺകുട്ടിയടക്കമുള്ള മൂന്നു സ്ത്രീകളെ ഭീകരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ
നടപ്പുജീവിതത്തെയും നീതിന്യായത്തെയും പല്ലിളിച്ചുകാട്ടുന്നതാണ്. പോട്ടെ. സംഭവം
നടന്ന ദിവസത്തെ മാനിപ്പുലേറ്റ് ചെയ്ത് മറ്റൊരു ദിവസമാക്കി മാറ്റിയ നായകന്റെ
അതിബുദ്ധി അപാരമെന്ന് നമ്മൾ എന്തായാലും അംഗീകരിച്ചേ പറ്റൂ. മാത്രമല്ല; ആ കാർ
എടുത്തുമാറ്റുന്നതിനു ദൃക്സാക്ഷിയായ പോലീസുകാരനും മറ്റും തീയതി മറന്നുപോകാൻ
മാത്രം സ്ഥലകാലബോധം നഷ്ടപ്പെട്ടവരാണെന്നുകൂടി ദയവായി നമ്മൾ മനസ്സിലാക്കണം. ഒപ്പം,
നാട്ടിലെ സമർത്ഥരായ കുറ്റാന്വേഷണ ഏജൻസികളെക്കുറിച്ച് സൌകര്യപൂർവം മറക്കുക കൂടി
ചെയ്താൽ എല്ലാം ശുഭം. ഇതുപോലൊരു സിനിമയെ മനസ്സുകൊണ്ടും ശരീരം കൊണ്ടും
വിജയിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ മലയാളിയാണെന്നും പറഞ്ഞ് നമ്മളെന്തിനാ ഇങ്ങനെ
നടക്കുന്നത്.!
മോഹൻലാലിനും
മീനയ്ക്കും ഹിറ്റായി ഓടിയ തങ്ങളുടെ മുൻവേഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ
സിനിമയിൽ ഒന്നും ചെയ്യാനില്ല. ആശാ ശരത്ത് എന്ന നടിയ്ക്കും ഷാജോൺ എന്ന നടനും
തങ്ങളുടെ റേഞ്ച് പുറത്തുകൊണ്ടുവരാൻ ഈ സിനിമ അവസരമൊരുക്കിയെന്നത് ഒരു വലിയ
കാര്യമാണ്.
യവനികയുടെ
കറതീർന്ന ക്രാഫ്റ്റ് നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ആരാണ് കൃത്യം ചെയ്തതെന്ന സസ്പെൻസ് സംവിധായകൻ അവസാനനിമിഷം വരെ നിലനിർത്തുകയും ചെയ്യുന്നു. തബല അയ്യപ്പൻ
അവസാനിച്ച രാത്രിയുടെ കൃത്യമായ വിശദാംശങ്ങൾ ആ സിനിമയെ ഒരു യാഥാർത്ഥ്യമായി
നമുക്കൊപ്പം വീട്ടിലേയ്ക്കു കൊണ്ടുപോരുന്നു. എന്നാൽ ദൃശ്യത്തിലാവട്ടെ, സസ്പെൻസ്
കുറ്റം തെളിയിക്കപ്പെടുമോ എന്നതിൽ മാത്രമൊതുങ്ങുന്നു. മറ്റു വിശദാംശങ്ങൾ സംവിധായകൻ
വിഴുങ്ങിക്കളയുന്നു. പോലീസ് സ്റ്റേഷനിലെ ക്ലൈമാക്സ് സീക്വൻസ് ഒന്നുമേ പറയാതെ നമ്മെ
കബളിപ്പിച്ചു കടന്നുകളയുന്നു.!
തെറ്റ്
ശരിയായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സവിശേഷസന്ദർഭത്തെയും ഈയൊരു
സാമൂഹ്യമനശ്ശാസ്ത്രത്തെയും സമർത്ഥമായി ചൂഷണം ചെയ്യുന്നതിൽ ജിത്തുജോസഫ്
വിജയിച്ചതിന്റെ കൃത്യമായ പ്രതിഫലനം തീയറ്ററിൽ കാണാം. കുറ്റം ചെയ്തവർ
ശിക്ഷിക്കപ്പെടുമോ എന്ന പ്രശ്നത്തിൽ നിന്ന് ചെയ്ത കുറ്റം തെളിയിക്കപ്പെടുമോ എന്ന
പ്രശ്നത്തിലേയ്ക്കുള്ള ഈ ഷിഫ്റ്റ് കൃത്യമായ ഒരു ന്യൂ ജനറേഷൻ പാഠമാണ്. ഈ
സമീപനത്തിന്റെ അന്തിമമായ അനന്തരഫലം ഒരുവേള, അരാജകത്വവുമാണ്.
മെമ്മറീസ്
എന്ന മുൻവിധിയുമായി പോയതുകൊണ്ടുകൂടിയാവാം ദൃശ്യത്തെ ഏറെക്കുറെ ലൌഡായ ഒരു മൂന്നു
മണിക്കൂർ നാടകമായി മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളു. സിനിമാറ്റിക്കായ
ഒരു ദൃശ്യം പോലുമില്ലാത്ത, സംഭവങ്ങളും സംഭാഷണങ്ങളും നിറഞ്ഞുകവിയുന്ന ഒരു ചിത്രം.
ഇത് ശരിക്കും സംവിധായകന്റെ സിനിമയല്ല; തിരക്കഥാകൃത്തിന്റെ സിനിമയാണ്. ഇതിലെ
യഥാർത്ഥ മാനിപ്പുലേറ്റർ നമ്മുടെ പ്രിയപ്പെട്ട നായകനുമല്ല; സംവിധായകൻ തന്നെയാണ്.!
4 comments:
ഐ.ജി.യുടെ മകന്റെ സിം കാര്‍ഡ് വേറൊരു ഫോണിലാണ് എന്നു മനസ്സിലാക്കുന്ന പോലീസ് ആ ഫോണ്‍ വിറ്റ സ്ഥലം കണ്ടെത്താനും അത് വാങ്ങിയ ആളെ മനസ്സിലാക്കാത്തത് എന്താണെന്ന് എത്ര ആലോചിച്ചാലും പിടി കിട്ടുന്നില്ല.
അതൊക്കെ പോലീസിന്റെ കഴിവില്ലായ്മയായി കണ്ടാൽ മതി....
:)
യവനികയുമായി ദൃശ്യത്തെ ഏച്ചു കെട്ടാന്‍ നോക്കിയ വിരുതര്‍ ആരാ. അത്തരം ഒരു ഏച്ചു കെട്ടല്‍ അത് സഹിക്കാവുന്നതല്ല തന്നെ.
കണ്റ്റുകൊണ്ടീരിക്കുമ്പോള് പടത്തില്‍ നിന്നും വേറിട്ട് ആലോചിച്ചില്ലെങ്കില്‍ പല ലൂപ്ഹോളുകളൂം പിടികിട്ടില്ല. പടം കഴിഞ്ഞിട്ട് അത് ആലോചിച്ചിട്ട് കാര്യവും ഇല്ല. കണ്ടുപോയില്ലേ..
Post a Comment