തായ് നവസിനിമയുടെ വക്താവായ Apichatpong Weerasethakul-ന്റെ Uncle Boonme who can remember his past lives എന്ന സിനിമ പ്രേക്ഷകന്റെ യാഥാർത്ഥ്യസങ്കൽപ്പങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്ന, ഒരു ധ്യാനാത്മകവും ഒപ്പം ധ്വന്യാത്മകവുമായ ഒരനുഭവമാണ്. യാഥാർത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കുമിടയിലെ വിടവുകളെ ബോധപൂർവം അവഗണിക്കുന്ന സംവിധായകൻ സൌന്ദര്യാസ്വാദനത്തിന് ചില പുതിയ നിർവചനങ്ങൾ ചമയ്ക്കുന്നു. കരൾ രോഗം ബാധിച്ച്, മരണാസന്നനായ അങ്കിൾ ബൂണ്മി തന്റെ പൂർവജീവിതങ്ങളോർക്കുന്നതാണ് പ്രമേയം. ഒപ്പം, മരണത്തിനപ്പുറത്തേയ്ക്കുള്ള ആത്മാവിന്റെ തുടർച്ചകൂടിയാണ് സിനിമ തേടുന്നത്. തന്റെ ഭൂതകാലവും പൂർവ്വജീവിതങ്ങളും ഒരിക്കലും മനുഷ്യനെ വിട്ടുപോകുന്നില്ലെന്ന ആശയം തന്റേതായ ശൈലിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. ജീവിച്ചിക്കുന്നവരും മരിച്ചവരുമായ കഥാപാത്രങ്ങൾ സിനിമയിൽ, ഒരു മേശക്കിരുപുറവുമായിരുന്നു സംസാരിക്കുന്നതു കണ്ട് അതിശയിക്കേണ്ട. സൌന്ദര്യാസ്വാദനത്തിന് എല്ലാമറിയണമെന്നില്ല എന്നും ചിന്താഘടന ക്രമാനുഗതമല്ല, അത് കുരങ്ങനെപ്പോലെ ചാടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
തായ് ലൻഡിലെ കച്ചവടസിനിമയെ പ്രതിരോധിച്ചുകൊണ്ടു കടന്നുവന്ന ‘പോങ്ങി’ന്റെ മുൻ ചിത്രങ്ങൾക്ക് സ്വന്തം നാട്ടിൽത്തന്നെ സെൻസറിങ്ങിനെ നേരിടേണ്ടിവന്നു. എന്നാൽ, ഈ സിനിമ 2010-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം നേടിയതോടെ അദ്ദേഹത്തിന്റെ സിനിമാശൈലിക്ക് അന്തർദ്ദേശീയാംഗീകാരമായി. തായ് സിനിമാചരിത്രത്തിലെ ദൃശ്യശൈലികളുടെ പരിണാമദശകളെ അടയാളപ്പെടുത്തിക്കൊണ്ട്, സിനിമയിലെ നായകകഥാപാത്രത്തെപ്പോലെ, മരണത്തോടടുത്ത സ്വന്തം നാട്ടിലെ കലാസിനിമയുടെ അതിജീവനത്തെക്കുറിച്ചു കൂടിയാണ് ഈ സിനിമ സംസാരിക്കുന്നത്.
ധ്വനിസമൃദ്ധമായ ഇമേജുകളും പ്രകൃതിയും നിശ്ശബ്ദതയും ഉപയോഗിച്ചാണ് ഇദ്ദേഹം തന്റെ ദൃശ്യവ്യാഖ്യാനം നിർവഹിക്കുന്നത്. ഈ ബിംബങ്ങൾ ഹോളിവുഡ്ഡിന്റെ സ്വാധീനത്തിൽ നിന്നു തീത്തും മുക്തമാണെന്നത് സവിശേഷശ്രദ്ധയർഹിക്കുന്ന കാര്യമാണ്. സിനിമയിലൂടെ സ്വന്തം ആത്മീയാനുഭവങ്ങൾ തേടുന്ന ഈ ഫിലിം മേക്കറുടെ പരീക്ഷണങ്ങളിൽ ഒത്തുതീർപ്പില്ല എന്നു സമ്മതിക്കുമ്പോഴും ഈ ചിത്രത്തിന്റെ ഘടനയും ഷോട്ടുകളുടെ ദൈർഘ്യവും കുറെയൊക്കെ സംവേദനത്തെ ബാധിക്കുന്നുണ്ടെന്നു പറയാതെ വയ്യ.
No comments:
Post a Comment