കല കാലികമായിരിക്കണം. കാലത്തിനപ്പുറത്തേയ്ക്കു കൂടി നോക്കുമ്പോൾ അത് ഉദാത്തമായിത്തീരുന്നു. മേക്കിങ്ങ് അഥവാ ക്രാഫ്റ്റാണു കലയെന്ന് പുതിയ കാലം കരുതുന്നു. കാലികതയിൽ അഭിരമിക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേയ്ക്കുള്ള കാഴ്ചകൾ പൊതുവിൽ സിനിമയ്ക്ക് അന്യമായിരിക്കുന്നു.
ഗൃഹാതുരത്വമെന്ന
ക്ലീഷെയെ ഒരു സിനിമ വീണ്ടും ദൃശ്യവൽക്കരിക്കുമ്പോൾ അതിൽ വലിയൊരു അപകടമുണ്ട്. ഈ
പ്ലോട്ടിന്റെ ഇരുവശത്തുമായി കള്ളും കഞ്ചാവും കൂടിവരുമ്പോൾ അതല്പം കൂടി
ഗുരുതരമാവുന്നു. എന്നാൽ, സംവിധായകന്റെയും തിരക്കഥാകൃത്തുകളുടെയും സമർത്ഥമായ ഇടപെടൽ
സിനിമയെ രക്ഷപ്പെടുത്തുന്നു. ജാടകളില്ലാത്ത ഒരു റിയാലിറ്റിയും
അതിഭാവുകത്വമില്ലാത്ത ഒരു കറുത്ത ഹാസ്യവും സിനിമയ്ക്ക് വ്യത്യസ്തമായ ഒരു ടോൺ
നൽകുന്നുണ്ട്. ‘ഇതൊരു കെട്ടിച്ചമച്ച കഥയാണ്. ലഹരിവസ്തുക്കളെ
പ്രോത്സാഹിപ്പിക്കുന്നില്ല. അവ ഉപയോഗിച്ചാൽ ഷണ്ഡതയുണ്ടാവു‘മെന്ന ആ കടുപ്പമുള്ള
തുടക്കത്തിൽത്തന്നെ പടത്തിന്റെ മൂഡ് കാണാം. ആരോപണം സിനിമക്കാർ നേരത്തെ
കണ്ടിരുന്നുവെന്നു സാരം. ഒരു സിനിമയുടെയും സഹായമില്ലാതെ തന്നെ മലയാളി നന്നായി മദ്യപിക്കുകയും
കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നതായി നമുക്കറിയാമെങ്കിലും കലയിലെ
ലഹരിയെ വിമർശിക്കുകയെന്നത് നമ്മുടെ സദാചാരശീലമാണ്.!
ഒരു ചെറുകഥയെ 2
മണിക്കൂർ സിനിമയാക്കിയതിന്റെ ആശയക്കുഴപ്പങ്ങൾ അവിടവിടെയുണ്ട്. രണ്ടാം പകുതി അത്ര
രസായില്ല. എന്തായാലും, എൺപതുകളിൽ യുവാക്കളായിരുന്ന അഞ്ചു നായകനടന്മാർക്ക് ഈ സിനിമ
ഗൃഹാതുരതയുടെ ആഘോഷം തന്നെയായിരിക്കും. ചരിത്രത്തിലാദ്യമായി സ്വഭാവനടനായി മാറിയ
ബാബു അന്റണിയുടെ ചിരി ഈ സിനിമയുടെ ഭാഗ്യം തന്നെയാണ്. ‘നിന്റെ കുഞ്ഞിന്റെ
പിതാവാരെന്ന് ഞാനിതുവരെ ചോദിച്ചിട്ടില്ലല്ലോ’ എന്ന ഭാര്യയോടുള്ള അയാളുടെ ചോദ്യം
തന്നെയാണ് ഈ സിനിമയെ കാലത്തിൽ തളച്ചുനിർത്തുന്നതും. മധ്യവയസ്സിന്റെ മടുപ്പിക്കുന്ന
ജീവിതസന്ധിയിലെത്തി തിരിഞ്ഞുനോക്കുന്ന അഞ്ചു പുരുഷന്മാർ. ബാല്യത്തെ ഒരിക്കൽക്കൂടി
പുണരാൻ കൊതിക്കുന്ന അവരുടെ ഭാഷയും ഭാവവും സമാനഹൃദയരുടെ മനം കവരും. അല്ലാത്തവർക്ക്
പടം ബോറടിച്ചേക്കാം. അതിന് ആരും ഉത്തരവാദിയല്ല.!
No comments:
Post a Comment