ഒരാനന്ദത്തിൽ ചിലപ്പോൾ ഒന്നൊന്നര ആനന്ദമുണ്ടാവാം. ചിലപ്പോൾ പല ആനന്ദങ്ങൾ ഉണ്ടായെന്നും വരാം. താരപരിവേഷമില്ല എന്നത് ഒരു വലിയ ആനന്ദമാണ്. അതു കൊണ്ടുവരുന്ന വേറെയും ആനന്ദങ്ങളുണ്ട്. താരത്തിന് പശ്ചാത്തലസൗന്ദര്യമായി അവശ്യം ഉണ്ടായിരിക്കേണ്ട വാട്ടർബറീസ് അനുചരന്മാരും ഇല്ല. ഹീറോയിസത്തിന് എരിവുംപുളിയും പകരാൻ തൊട്ടാൽകരയുന്ന ഹീറോയിനും ഇടികൊള്ളാൻ സദാ സന്നദ്ധരായി തടിയും തൂക്കവുമുള്ള സിക്സ്പായ്ക്കുകളും ഇല്ല. വലിയ ആനന്ദം തന്നെയാണ്.
ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്ന യുവതയുടെ അനായാസമായ charm ആണ് മറ്റൊന്ന്. അതിൽ ആണും പെണ്ണുമുണ്ട്. അന്തർമുഖരും ബഹിർമുഖരുമുണ്ട്. സാഹസികരും പേടിത്തൂറികളുമുണ്ട്. പ്രണയികളും വിരഹികളുമുണ്ട്. ഇവരുടെ അടിപൊളി ജീവിതത്തിനിടയിൽ അബദ്ധത്തിൽപ്പോലും സ്ത്രീവിരുദ്ധതയുടെ ഒരു സീനില്ല. അടിമുടി സ്ത്രീവിരുദ്ധമായ ഒരു സമൂഹത്തിന്റെ കൂടെയിരുന്ന് പെണ്ണിനെ underestimate ചെയ്യാത്ത ഒരു സിനിമ കാണുന്നത് മറ്റൊരാനന്ദമാണ്.
വിനോദചിത്രമാണ്. എഞ്ചിനീയറിംഗ് പഠനത്തിന്റെ പിരിമുറുക്കത്തിനിടയിൽ ഐവിയെന്ന പേരിൽ അരങ്ങേറുന്ന ഒരു വിനോദയാത്ര. പിണക്കങ്ങൾ, ഇണക്കങ്ങൾ, രസങ്ങൾ, നിറങ്ങൾ, ഗന്ധങ്ങൾ.! സ്വപ്നലോകത്തിലെ മാലാഖമാരെപ്പോലെയുള്ള ഒരു ജീവിതം. എനിവേ വലിയ മെലോഡ്രാമയില്ല. കോസ്റ്റ്യൂമിലും ഭാഷയിലും ഭാവത്തിലും കഴിയുന്നത്ര റിയാലിറ്റിയും മിതത്വവും പുലർത്തിയിരിക്കുന്നു.
തിരക്കും സംഘർഷവും നിറഞ്ഞ ലോകജീവിതത്തിനിടയിൽ പ്രസാദാത്മകമായ രണ്ടുമണിക്കൂർ വീണുകിട്ടുന്നത് ഒരാനന്ദമാണ്. അതിനിണങ്ങിയ ഒരു ദൃശ്യപരിചരണം സിനിമയിലുണ്ട്. കണ്ണിനും മനസ്സിനും കുളിർമ പകരുന്ന ഒരാംബിയൻസ്. തെക്കേ ഇൻഡ്യയിലെ മനോഹരമായ സ്ഥലങ്ങൾ നിങ്ങൾ ഇനിയും കണ്ടിട്ടില്ലെങ്കിൽ അടുത്ത തീയേറ്റർ വരെ പോയാൽ ചുരുങ്ങിയ ചെലവിൽ കാര്യം നടക്കുന്നതാണ്. ചുരുക്കത്തിൽ ഒരു ജാതി പരമാനന്ദം!