തായ്ലൻഡിൽ നവസിനിമക്കാരനായ ഒരു
സംവിധായകനുണ്ട്. Apichatpong എന്നാണു പേര്. ഈ മനുഷ്യൻ ചിത്രീകരിക്കുന്ന
സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും മീതെ മാജിക്കലായ മറ്റൊരു സിനിമ കൂടി അദൃശ്യമായി
സഞ്ചരിക്കുന്നുണ്ട്. ഒരുപക്ഷേ ആ സിനിമയാണ് യഥാർത്ഥ സിനിമ. കഥയെന്നും
തിരക്കഥയെന്നും സംഭാഷണമെന്നും സിനിമയെ മനസ്സിലാക്കിവെച്ചിരിക്കുന്നവരെ ഇയാൾ
നിരാശപ്പെടുത്തും. എന്നാൽ ദൃശ്യതയുടെ സ്വതന്ത്രാവിഷ്കാരമായി സിനിമയെ
സമീപിക്കുന്നവരെ ആകർഷിക്കും. ‘ഞാൻ എനിക്കു തോന്നുന്നതു പോലെ സിനിമയെടുക്കും
നീയൊക്കെ സൌകര്യമുണ്ടെങ്കിൽ ആസ്വദിച്ചാൽ മതി’ എന്നൊരു ലൈൻ തന്നെ. തുടക്കത്തിൽ
അവഗണിക്കപ്പെട്ടുവെങ്കിലും സ്വന്തം ശൈലിയുടെയും സമീപനത്തിന്റെയും വ്യതിരിക്തത
കൊണ്ടു മാത്രം ലോകസിനിമയിലെ ഒരു താരമായി ഇയാൾ മാറിക്കഴിഞ്ഞു.
ആമുഖമായി ഇത്രയും പറഞ്ഞത്
കുറ്റിപ്പുറംപാലം കണ്ടതിന്റെ ഹാങ്ങോവറിലാണ്. ഒരുപക്ഷേ പോങ്ങിന് മലയാളത്തിൽ നിന്ന്
ഒരു പിൻഗാമിയെ കിട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രതാപ് ജോസഫ് എന്ന
സിനിമറ്റോഗ്രാഫർ ആദ്യമായി ഒരു സ്വതന്ത്രസിനിമയെടുത്തപ്പോൾ അതിന് കുറ്റിപ്പുറം പാലം
എന്നാണ് പേരിട്ടത്. പേരിന്റെ പ്രധാന സാംഗത്യം ഇതേ പേരിലുള്ള ഇടശ്ശേരിയുടെ
കവിതയാണ്. എന്നാൽ കവിതയുടെ ആവിഷ്കാരമല്ല സിനിമയെന്ന് സംവിധായകൻ മുൻകൂർ
ജാമ്യമെടുത്തിട്ടുണ്ട്. എനിവേ കവിതയുടെ ടോട്ടൽ സങ്കല്പത്തെ ഫിലിം മേക്കർ സ്വന്തം
നിലയിൽ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നതായി കാണാം. നഗരവൽക്കരണം (urbanisation)
എന്ന ഒരാശയമാണ് ഞാൻ സിനിമയിൽ നിന്നു പ്രധാനമായും വായിച്ചെടുത്തത്. ഒരുപക്ഷേ
അതെന്റെ മാത്രം വീക്ഷണമാവാം. എങ്ങനെയും സമീപിക്കാനുള്ള ഒരു സാധ്യത ഇയാൾ
തുറന്നിട്ടിട്ടുണ്ട്.
2 comments:
കുറ്റിപ്പുറം പാലം കവിത ഇടയ്ക്കിടെ കേൾക്കും. അത്രയേയുള്ളു പാലവുമായുള്ള ബന്ധം. എന്നാലും എഴുതിയ ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു കേട്ടോ
കുറ്റിപ്പുറം പാലത്തിന്റെ പശ്ചാത്തലത്തിൽ, ഒരുവേള അതിന്റെ സ്മൃതികളിലൂടെ ഒരു മെഡിക്കൽ റെപ്പിന്റെയും ഒരു കുടിവെള്ളവിതരണക്കാരന്റെയും ഒരു ഫോട്ടോഗ്രാഫറുടെയും ഒരു ദിവസത്തെ ജീവിതത്തെ പിൻതുടരുക മാത്രമാണ് സിനിമ ചെയ്യുന്നത്
Post a Comment