Saturday, December 17, 2011

ഇസ്താംബുളിന്റെ ജീവസ്പന്ദനങ്ങൾ






ചെക്കോവിന്റെ കഥകൾ നെഞ്ചിലേറ്റിനടന്ന, തർക്കോവ്സ്കിയുടെ സിനിമകളെ ആരാധിച്ച അന്തർമുഖനായ ആ യുവാവിന്റെ ജീവിതവഴികൾ ഒട്ടും പൂർവനിശ്ചിതങ്ങളായിരുന്നില്ല. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ആരോ സമ്മാനിച്ച ഒരു പുസ്തകം പെട്ടെന്ന് അയാളുടെ ജീവിതം മാറ്റിമറിക്കുന്നു. അഭിലാഷങ്ങൾ നഷ്ടപ്പെട്ട്, വിഷാദജീവിയായി കഴിഞ്ഞിരുന്ന അയാളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തുന്നു. സ്വന്തമായി ഒരു ഡാർക്ക് റൂം നിർമ്മിച്ച് അയാൾ ചിത്രമെടുക്കാൻ പഠിക്കുന്നു. നിശ്ചലഛായാഗ്രഹണം ഒരു കലയാണെന്നു കണ്ടുപിടിക്കുന്നു. എഞ്ചിനീയറിംഗിൽ ബിരുദം നേടിയശേഷം ദിക്കറിയാത്ത തിരച്ചിലുകൾക്കൊടുവിൽ, പട്ടാളത്തിലെത്തിച്ചേരുന്നു. കാലം അവിടെയും അയാൾക്കു വേണ്ടി പലതും കരുതിവെയ്ക്കുന്നു. പുസ്തകങ്ങളുമായുള്ള സൌഹൃദം റോമൻ പൊളാൻസ്കിയുടെ ആത്മകഥ അയാളുടെ കൈകളിലെത്തിക്കുന്നു. അതിലൂടെ, സിനിമ ഒരാവേശമായി അയാളെ വലിച്ചുകൊണ്ടു പോകുന്നു.! പിന്നീടൊരിക്കൽ, ഒരു ഹ്രസ്വചിത്രത്തിലെ കഥാപാത്രമായി അയാൾ വേഷം മാറുന്നു. ചിത്രം പകർത്തിയ ക്യാമറ വിലയ്ക്കു വാങ്ങുന്നു. പിന്നെയും പത്തു വർഷം നീളുന്ന മൌനം. മനനം. 1995-ൽ, Arriflex 2C എന്ന പഴഞ്ചൻ ക്യാമറയിൽ അയാൾ Cocoon എന്ന ആദ്യ ഹ്രസ്വചിത്രം നിർമ്മിക്കുന്നു. ആ സിനിമ അയാളുടെ ജീവിതം തീരുമാനിക്കുന്നുതുർക്കിയിലെ പുതിയ സിനിമയുടെ മാനസപുത്രനായിമാറി, ഇപ്പോൾ പശ്ചിമേഷ്യൻ ചലച്ചിത്രരംഗത്തെ താരമായി തിളങ്ങി നിൽക്കുന്ന ഫിലിം മേക്കർ Nuri Bilge Ceylan ആണ് ഇ‌പ്പറഞ്ഞ അത്ഭുതകഥയിലെ കഥാപാത്രം. 

ചിത്രകലയുടെ extension എന്ന വിശേഷണം പൊതുവിൽ സിനിമയ്ക്കിണങ്ങുന്നതാണ്. എന്നാൽ, സിലാനെ സംബന്ധിച്ച് ഈ വിശേഷണം അദ്ദേഹത്തിന്റെ സിനിമയുടെ നിർവചനമായിത്തന്നെ മാറുന്നതു കാണാം. ഇതു ബോധ്യപ്പെടാൻ, ഒരു ഫൊട്ടോഗ്രാഫറായി ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ നിശ്ചലചിത്രങ്ങളിൽ നിന്ന് (http://www.nuribilgeceylan.com/photography/photography.php?mid=1) ആ ചലനചിത്രങ്ങളിലേയ്ക്കു സഞ്ചരിച്ചാൽ മതിയാവും. ’Three Monkeys’ എന്ന സിനിമയുടെ ആദ്യവിഷ്വലുകളുടെ അടുക്കും ചിട്ടയും കൃത്യതയും നോക്കൂ: “വിജനമായ കാട്ടുപാത...രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കച്ചടവുമായി കാറോടിക്കുന്ന മധ്യവയസ്കന്റെ മയക്കത്തിലേക്കു വഴുതുന്ന കണ്ണുകൾ...വന്യമായ ഇരുട്ടിനെ മുറിച്ചു നീങ്ങുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം ക്രമത്തിൽ ഒരു ബിന്ദുവായി ദൂരെ മറയുന്നു. അടുത്ത രംഗത്തിൽ, നടുറോഡിൽ കിടക്കുന്ന ഒരു മൃതദേഹത്തിനരികിൽ നിന്ന്, ഭയചകിതനായി ഓടിയൊളിക്കുന്ന അയാൾ.. സമീപം അപകടത്തില്‍പ്പെട്ട കാർ...പിന്നാലെയെത്തി സംഭവത്തിനു സാക്ഷ്യം വഹിച്ച് കടന്നു പോകുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ... വിധി നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞു എന്ന അറിവ് ഒരു നടുക്കമായി അയാളുടെ ഹൃദയം പിളര്‍ക്കവെ, അതിന്റെ പ്രതിഫലനമെന്നോണം വലിയൊരിടിമുഴക്കത്തോടെ മഴ പെയ്യാനാരംഭിക്കുന്നു..പിടിക്കപ്പെട്ട കുറ്റവാളിയുടെ കഠിനവ്യഥയുമായി അയാൾ കാറോടിച്ചു പോകുന്നു. അനാഥമായ മൃതശരീരത്തിൽ, പെയ്തു തോരുന്ന മഴയുടെ അടക്കംപറച്ചിലുകൾ...ജീവിതത്തിലും സിനിമയിലും മിതമായി മാത്രം സംസാരിക്കുന്ന സിലാന്റെ വിഷ്വലുകളും വാചാലമാണ്. നമ്മുടെയെല്ലാം ഗഹനമൌനങ്ങളെ ദീപ്തമാക്കിയ അരവിന്ദന്റെ പുനരവതാരമാണോ ഇയാളെന്ന് തോന്നിപ്പിക്കുന്ന ദൃശ്യബിംബങ്ങൾ. ‘നമ്മൾ പൊതുവെ നുണ പറയുന്നവരാണല്ലോ.? പറയാത്തതെന്തോ അതായിരിക്കും പലപ്പോഴും സത്യം.!’ മൌനത്തിന്റെ അന്തസ്സാരം അദ്ദേഹം വെളിപ്പെടുത്തുന്നു. 

സിലാൻ എന്ന ഫിലിം മേക്കറുടെ ദൃശ്യഭാഷയുടെ പ്രത്യേകതകൾ നിരവധിയാണ്. മനോവിശകലത്തിന്റേതായ ഒരു ശൈലിയാണ് ഈ സിനിമകളെ വ്യത്യസ്തമാക്കുന്നത്. വ്യക്തിയുടെ നിലനിൽ‌പ്പിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില സന്ദിഗ്ദ്ധതകൾ സിലാൻ പങ്കുവെയ്ക്കുന്നു. ഋതുക്കളാണ് സിലാൻ സിനിമയിലെ മറ്റൊരു സജീവസാന്നിധ്യം. മനുഷ്യബന്ധങ്ങളിലെ കാലാവസ്ഥാഭേദങ്ങളെ അടയാളപ്പെടുത്താൻ ലാൻഡ് സ് കേപ്പുകളെ അദ്ദേഹം സമർത്ഥമായി ഉപയോഗിക്കുന്നു. ലോങ്ങ് ഷോട്ടുകളും നീണ്ടുനീണ്ടുപോകുന്ന നിശ്ശബ്ദതയും സിലാൻസിനിമയുടെ മുഖമുദ്രകളാണ്. കോസ്സപ്പ് ദൃശ്യങ്ങളിലൂന്നിക്കൊണ്ടുള്ള സിനിമാറ്റോഗ്രഫിയുടെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നു. ആധുനിക ഡിജിറ്റൽ സങ്കേതങ്ങൾ കലാപരമായി പ്രയോജനപ്പെടുത്തുന്ന സിലാന്റെ മറ്റൊരു പ്രത്യേകത യാഥാര്‍ത്ഥ്യപ്രതീതി ജനിപ്പിക്കുന്ന നിറങ്ങളും സ്വാഭാവിക ശബ്ദങ്ങളും മാത്രമുപയോഗിച്ചുള്ള വികാരവിനിമയരീതിയാണ്.

മുഖ്യധാരാ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒറ്റപ്പെട്ട തുരുത്തുകളാണ് പൊതുവിൽ, സിലാന്റെ കഥാപാത്രങ്ങൾ. മിക്ക സിനിമയിലും ഒരു ഒബ്സെഷൻ പോലെ, ക്യാമറ കൈയിലേന്തിയ ഒരാൾ അഥവാ ഒന്നിലധികം പേർ കടന്നുവരുന്നു. പലപ്പോഴും മുഖ്യകഥാപാത്രം ഒരു ഫോട്ടോഗ്രാഫർ/ഫിലിം മേക്കർ തന്നെ. സ്വന്തം ജീവിതത്തിൽ നിന്നു നേരിട്ടു പകർത്തിയതെന്നു തോന്നുംവിധം ആത്മാംശം കലർന്ന കഥാപാത്രങ്ങൾ, അവരുടെ തുടർച്ചകൾ..സ്വന്തം ഭൌതിക/മാനസിക പരിസരങ്ങളിൽ നിന്നു തന്നെയായിരിക്കണം തന്റെ സിനിമ ഉരുത്തിരിയേണ്ടതെന്ന ഉത്തമബോധ്യം സിലാനുള്ളതായി കാണാം.
‘ഒരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോൾ അത് മറ്റാരോ ആണെന്നു കരുതാതെ അയാളിൽ സ്വന്തം പ്രതിബിംബം തന്നെ കാണുക എന്നതാണ് തന്റെ രീതി‘യെന്ന് അദ്ദേഹം പറയുന്നു. ചെക്കോവിന്റെ കഥകൾ തന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ളതായി പറയുന്ന സിലാൻ ചെക്കോവിനെ ആദ്യമായി വായിച്ച നാൾ മുതൽ ചെക്കോവിനെ തന്നിൽത്തന്നെ കണ്ടെത്തുകയായിരുന്നുവെന്നു സമ്മതിക്കുന്നു. 

സംവിധായകനെന്ന നിലയിലും തന്റേതായ ഉറച്ച നിലപാടുകൾ സിലാനുണ്ട്. അദ്ദേഹം ഒരിക്കലും മറ്റു സംവിധായകരോടൊപ്പം ജോലി ചെയ്തില്ല. പുസ്തകങ്ങളിലൂടെ സ്വായത്തമാക്കിയ അറിവുകൾ സ്വയം പരീക്ഷിച്ചു നടപ്പിൽ വരുത്തി. സിനിമയുടെ സങ്കേതങ്ങളെല്ലാം നേരിട്ടു മനസ്സിലാക്കിയതിനാൽ, ടെക്നീഷ്യന്മാരുടെ നിയന്ത്രണത്തിനതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിയുന്നു.

1995-ൽ തുടങ്ങുന്ന സിനിമാജീവിതത്തിൽ ഇതുവരെയായി, 6 സിനിമകൾ മാത്രം.! ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായ ‘The Small Town‘(1997) ആണ് ആദ്യ കഥാചിത്രം. വളർച്ചയുടെ പടവുകൾ കയറുന്ന രണ്ടു കുട്ടികളുടെ വീക്ഷണത്തിൽ അവതരിപ്പിച്ച പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളായിരുന്നു പ്രതിപാദ്യം. ബെർലിൻ ചലച്ചിത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സിനിമ മറ്റു നിരവധി മേളകളിലും പ്രദർശിപ്പിക്കപ്പെട്ടു. ‘Clouds of May‘(2000) എന്ന രണ്ടാം സിനിമയിലെത്തുന്നതോടെ വ്യക്തിയുടെ അസ്തിത്വപരമായ പ്രശ്നങ്ങളിലേയ്ക്ക് സിലാൻ തിരിയുന്നതു കാണാം. സ്വന്തം ഗ്രാമവാസികളെ പങ്കെടുപ്പിച്ച്, ഒരു സിനിമ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജന്മനാട്ടിലേക്കു മടങ്ങിയെത്തുന്ന മുസാഫിർ എന്ന ഫിലിം മേക്കറാണ് കേന്ദ്രകഥാപാത്രം. നഗരവൽക്കരണവും ആഗോളീകരണവും ചേർന്ന് വ്യക്തികൾക്കിടയിൽ സൃഷ്ടിക്കുന്ന വൈകാരികമായ അകലമാണ് Distant (2002) എന്ന സിനിമയുടെ പ്രമേയപരിസരം. മുൻചിത്രത്തിന്റെ തുടർച്ചയെന്നു പറയാവുന്ന ഈ സിനിമ, ആത്മകഥാപരമായി, സിലാനെന്ന വ്യക്തിയുടെ തുടർച്ച തന്നെയാണ്. ഈ ചിത്രത്തോടെ സിലാൻ അന്തർദ്ദേശീയ സിനിമയിലെ താരമായി മാറി. കാനിലെ ജൂറി പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ ഈ സിനിമ വാരിക്കൂട്ടി. ചിരപരിചയത്തിലുരഞ്ഞ് വിരസമായ ഇസയുടെയും ബഹാറിന്റെയും ദാമ്പത്യബന്ധത്തിലെ ഋതുഭേദങ്ങൾ‍ അടയാളപ്പെടുത്തുന്ന Climates (2006) കാനിൽ, ക്രിട്ടിക്സ് പുരസ്കാരവും ഗോൾഡൻ പാം നോമിനേഷനും കരസ്ഥമാക്കി.


സിലാന്റെ ചലച്ചിത്രയാത്രയിലെ ഒരു വ്യതിയാനമാണ് Three Monkeys (2008). പ്രമേയത്തിലും പരിചരണത്തിലുമെല്ലാം മുൻ ചിത്രങ്ങളിൽ നിന്ന് കൃത്യമായ വികാസം കുറിക്കുന്ന ചിത്രം. കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് അവലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങൾ തേടുകയാണ് സംവിധായകൻ. പ്രസാദാത്മകമായ ഒരു ഷോട്ടു പോലുമില്ലാത്തപ്പോഴും ഒരിക്കലും അവഗണിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഈ ചിത്രം നമ്മെ പിടിച്ചിരുത്തുന്നു.! 

തുർക്കിയിലെ ഒരു ചെറുപട്ടണത്തിൽ പ്രയോജനവാദത്തിന്റെ പ്രതിനിധിയായി വിലസുന്ന കപടരാഷ്ട്രീയക്കാരൻ സെർവെറ്റാണ് ചിത്രത്തിലെ പ്രതിനായകൻ. അയാളുടെ സ്വാധീനവലയ ത്തിലകപ്പെട്ടതിനാൽ വിനാശകരമായ രഹസ്യങ്ങളുമായി ജീവിതം തളളിനീക്കാൻ വിധിക്കപ്പെട്ട ഡ്രൈവർ എയുപ്പ്, ഭാര്യ ഹെയ്സർ, മകൻ ഇസ്മയിൽ എന്നീ മൂന്നുപേരാണ് വിഖ്യാതമായ ‘വാനരത്രയ’’ത്തിന്റെ പ്രതിനിധികളായി സിനിമയിൽ വര്‍ത്തിക്കുന്നത്. ദുര്‍ബലനെ ഇരയാക്കുവാനുള്ള ശക്തന്റെ പ്രലോഭനങ്ങൾ ഈ സിനിമയുടെ മുഖ്യപ്രമേയമായി വര്‍ത്തിക്കുന്നതു കാണാം. ഇതോടൊപ്പം, അദൃശ്യമായ അതിരുകൾ ഭേദിച്ച് പുറത്തുകടക്കാനൊരുങ്ങുന്ന മനുഷ്യമനസ്സിലെ വിചിത്രകാമനകളെക്കുറിച്ചും അവ സഫലീകരിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിൽ, അവന്റെയുള്ളിൽ തടവിലാകുന്ന ഗുപ്തയാഥാര്‍ഥ്യങ്ങളെക്കുറിച്ചും സിനിമ സംസാരിക്കുന്നു.‘Three Monkeys‘ മികച്ച സംവിധായകനുള്ള കാൻ പുരസ്കാരം നേടി. ഈ സിനിമയോടെ, സിലാൻ സിനിമാരംഗത്തെ പ്രമുഖ നടീനടന്മാരെ കാസ്റ്റ് ചെയ്യാൻ തുടങ്ങുകയും സിനിമാറ്റോഗ്രഫിയുടെ ചുമതലയിൽ നിന്നു പിന്മാറുകയും ചെയ്തു. ഈ മാറ്റം തന്നെ കൂടുതൽ സ്വതന്ത്രനാക്കിയെന്നു പറയുന്ന സിലാൻ, പക്ഷേ, എഡിറ്റിംഗിൽ സംവിധായകന്റെ മുഴുനീള ഇടപെടൽ സിനിമയുടെ വിജയത്തിന് അനിവാര്യമാണെന്നു പറയുന്നു.

മനുഷ്യസ്നേഹപരമായ നിലപാട് സിലാൻ സിനിമകളുടെ അന്തർധാരയാണ്. വലിയ ജീവിതസമസ്യകളെ, അസാമാന്യമായ ഒതുക്കത്തോടെ, അഭിമുഖീകരിക്കുവാൻ അദ്ദേഹത്തിനു കഴിയുന്നു. തത്വചിന്തയുടെ തലനാരിഴ കീറുന്ന ബെർഗ് മാന്റെയും തർക്കോവ്സ്കിയുടെയും ശക്തമായ സ്വാധീനമുള്ളപ്പോഴും ദൃശ്യഭാഷയിലും വീക്ഷണത്തിലും സിലാൻ അവരിൽ നിന്ന് വ്യക്തമായ അകലം പാലിക്കുന്നു. ഏതൊരു കലാകാരനെയും പോലെ, അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകം, നാം നമ്മുടെ ജീവിതത്തെ സമീപിക്കുന്ന രീതികൾ, കൂടുതൽ മികച്ചതു തേടിയുള്ള മനുഷ്യന്റെ പരക്കംപാച്ചിൽ..ഇതൊക്കെ സിലാന്റെയും അന്വേഷണവിഷയങ്ങളാണ്. ലളിതവും വസ്തുനിഷ്ഠവുമായിരിക്കുമ്പോൾത്തന്നെ, ഈ ഫിലിംമേക്കറുടെ ദൃശ്യഭാഷ അത്യന്തം ഗഹനവും കാവ്യാത്മകവുമത്രേ.!

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും തന്റെ സിനിമയുമായി ചേർത്തുനിർത്തുന്നതിൽ സിലാൻ ചെലുത്തുന്ന ശ്രദ്ധ പ്രത്യേക പരാമർശമർഹിക്കുന്നതാണ്. അഭിനേതാക്കൾ ഏറിയകൂറും അച്ഛനുമമ്മയുമുൾപ്പെടെ സ്വന്തം വീട്ടിലുള്ളവർ തന്നെ. ആദ്യസിനിമയായ The Small Town-ൽ അമ്മ, മുത്തച്ഛൻ, മുത്തശ്ശി, ടീച്ചർ എന്നിവരെല്ലാം വേഷമിടുന്നു. Climates-ലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിലാനും ഭാര്യ എബ്രുവുമാണ്. Three Monkeys മുതൽ എബ്രു സിലാനും തിരക്കഥാ രചനയിൽ സജീവപങ്കാളിയാണ്. ഏറ്റവും പുതിയ ചിത്രം Once Upon a Time in Anatolia (2011) ഇക്കഴിഞ്ഞ മേയിലാണ് കാനിൽ ഗ്രാൻഡ്പ്രീ പുരസ്കാരം നേടിയത്. അനറ്റോലിയയിലെ പുൽമേട്ടിൽ മൃതദേഹം തിരഞ്ഞുപോകുന്ന ഒരു കുറ്റാന്വേഷണസംഘത്തിന്റെ സങ്കീർണ്ണാനുഭവങ്ങളാണ് സിനിമയിൽ. സംഭാഷണപ്രധാനമായ ഈ ചിത്രം സിലാന്റെ സവിശേഷമായ ശൈലിയിൽ നിന്നുള്ള വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു.

No comments: