Saturday, June 11, 2011

സര്‍പ്പദംശം








വാടകവീടിന്റെ നിസ്സംഗത ചൂഴുന്ന ഔട്ട്ഹൗസ് പൂട്ടി ഇടവഴിയിലേയ്ക്കിറങ്ങുമ്പോള്‍, മനുഷ്യബന്ധങ്ങളെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. മൃദുലമായ ഹൃദയവികാരമായി രൂപമെടുത്ത്, ചിരപരിചയത്തിന്റെ മുള്‍മുനയിലുരഞ്ഞ്, വരവുചെലവുകണക്കുകളായി പരിണമിച്ച്, അസംബന്ധനാടകങ്ങളായി അവസാനിക്കുന്ന ബന്ധങ്ങള്‍...

രാത്രി. തെരുവുവിളക്കുകള്‍ അണഞ്ഞിരുന്നു. ഗ്രാമത്തെ ചുറ്റിവരിയുന്ന ഒരു പെരുമ്പാമ്പായി വഴി നീണ്ടുകിടന്നു. വിളറിയ ചിരിയുമായി ചന്ദ്രക്കല മാത്രം എനിക്കു കൂട്ടു വന്നു..! ഒന്നരയ്ക്കു പുറപ്പെടുന്ന എന്റെ ബസ്സ്, ഇപ്പോള്‍ സ്റ്റാന്‍ഡിന്റെ തെക്കേ മൂലയില്‍ പാര്‍ക്കു ചെയ്തിട്ടുണ്ടാവും. നേരം പുലരുമ്പോഴേക്കും, വണ്ടി തലസ്ഥാനനഗരിയിലെ എന്റെ ഗവേഷണകേന്ദ്രത്തിലെത്തും. രാവിലെ തന്നെ, ഒരു വനയാത്രയുള്ളതാണ്.!

രണ്ടു പോലീസുകാര്‍ എതിരേ നടന്നു വന്നു. പരിചിതമുഖങ്ങളാണ്. സൗജന്യമായി ഒരു ചിരി സമ്മാനിച്ച് അവര്‍ കടന്നു പോയി. വലിയകവലയിലേക്കുള്ള വളവില്‍, മുറുക്കിച്ചുവന്ന ചുണ്ടുകളും ലഹരി നുരയുന്ന കണ്ണുകളുമായി, ഒരു ഇലക് ട്രിക് പോസ്റ്റില്‍ ചാരി അജയന്‍ നില്പുണ്ടായിരുന്നു. "നീയെന്താ അസമയത്തിവിടെ.?" ഞാന്‍ ചോദിച്ചു. "ഞാന്‍ നിന്നെ കാത്തു നില്ക്കുകയായിരുന്നു.! എന്താ ഇത്ര വൈകിയത്..?" സ്ഥിരം തമാശ സ്വയം ആസ്വദിച്ച്, അവന്‍ പൊട്ടിച്ചിരിച്ചു. ഇരുട്ടില്‍, ഒരു പ്രാവിന്റെ ചിറകടികള്‍ ഉയര്‍ന്നുപൊങ്ങി, പാതിരാവിന്റെ നിശ്ശബ്ദതയില്‍ ലയിച്ചു..! "ഒരാഘോഷം കഴിഞ്ഞ മട്ടുണ്ടല്ലോ..? എവിടായിരുന്നു..? ഞാന്‍ ചോദിച്ചു. "നിനക്കെന്തറിയാം? ഈ ജീവിതത്തിനപ്പുറം എന്താഘോഷം..?" അവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു..

അവന്‍ എന്റെ കൂടെ നടന്നു. ഞങ്ങള്‍ പലതും സംസാരിച്ചു. ലൈബ്രറിയില്‍ പൂര്‍ത്തിയായി വരുന്ന പുസ്തകങ്ങളുടെ ബൈൻഡിംഗിനെപ്പറ്റി, പുതുതായി വരുത്താനുള്ള മാസികകളെപ്പറ്റി, ദില്ലിയില്‍ നിന്ന് നാളെയെത്തുന്ന കാര്‍ഡ് കാറ്റലോഗിനെപ്പറ്റി, പാര്‍ക്കില്‍ ഒരു ടീവി സ്ഥാപിക്കാന്‍ സ്പോണ്‍സറെ കണ്ടെത്തുന്നതിനെപ്പറ്റി, അവിടെ നട്ടുപിടിപ്പിക്കേണ്ട തണല്‍വൃക്ഷങ്ങളെപ്പറ്റി, ഉറവയെടുക്കും മുമ്പ് വറ്റിപ്പോകുന്ന കവിതയെപ്പറ്റി....അജയന്‍ സംസാരിച്ചുകൊണ്ടേയിരുന്നു..

സ്റ്റാന്‍ഡിലെത്തിയപ്പോഴും അവന്‍ പറഞ്ഞു തീര്‍ന്നിരുന്നില്ല. ബസ്സിന്റെ സൈഡ് സീറ്റില്‍ എന്നോടൊപ്പം അവനുമിരുന്നു. ഇടയ്ക്കിടെ പുറത്തേക്കു മുറുക്കിത്തുപ്പിക്കൊണ്ട് അവന്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. കണ്ടക്ടര്‍ വന്ന് ഡബിള്‍ബെല്ലടിച്ചപ്പോഴാണ് പരിസരബോധം വന്നത്. പെട്ടെന്നിറങ്ങവേ, കാല്‍ വഴുതി അവന്‍ വീഴാന്‍ തുടങ്ങി. ചാടിയെണീറ്റ് ഞാന്‍ അവനെ താങ്ങുവാനും...!

കട്ടിൽപ്പടിയില്‍ തട്ടി തല വേദനിച്ചപ്പോളാണ് കണ്ണുതുറന്നത്.! ഹോ..സ്വപ്നമായിരുന്നോ? എന്താണിങ്ങനെയൊരു....അതും ഈ വെളുപ്പാന്‍‍കാലത്ത്..? പതിയെ എഴുന്നേറ്റു. ചാര്‍ജ് ചെയ്യാനായി മൊബൈല്‍ കയ്യിലെടുത്തപ്പോഴാണ് കണ്ടത് : 'സെവൻ മിസ്സ്ഡ് കോള്‍സ് - പ്രവീണ്‍..എപ്പോഴായിരുന്നു..? തിരിച്ചുവിളിച്ചു. മറുവശത്ത് പ്രവീണിന്റെ ചിലമ്പിച്ച ശബ്ദം..! "നീയിതെവിടായിരുന്നു..? ഞാന്‍ എത്രവട്ടം വിളിച്ചു..? എടാ, നമ്മുടെ അജയന്‍ ഇന്നലെ രാത്രി മരിച്ചുപോയി. രാത്രി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ എന്തോ കടിച്ചതാ. അവന്‍ കാര്യമാക്കിയില്ല. അത്താഴം കഴിച്ചുകിടന്നപ്പഴാ അസ്വസ്ഥത തുടങ്ങിയത്. രാത്രി വൈകിയതിനാല്‍ ടാക്സിയൊന്നും കിട്ടിയില്ല. അനിയന്റെയൊപ്പം സൈക്കിളിലാ‍ ടൗണിലെ ഹോസ്പിറ്റലിലേക്കു പോയത്..അവിടെയെത്തിയില്ല..അതിനു മുന്‍പേ, കുഴഞ്ഞുവീണു..." ഇടയ്ക്കിടെ തൊണ്ടയില്‍ കുടുങ്ങുന്ന ശബ്ദത്തില്‍, അവന്‍ പിന്നെയും പലതും പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഞാന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..!

ഒരിടിമിന്നല്‍ എന്റെ നെഞ്ചിലൂടെ പാഞ്ഞുപോയി. കാലിന്റെ പെരുവിരലിൽ നിന്ന് , ഒരു തരിപ്പ് മുകളിലേക്കു കയറാന്‍ തുടങ്ങി..!!

4 comments:

Unknown said...

Fiction vs. Reality
കുന്തം... മനുഷ്യനെ പേടിപ്പിക്കാന്‍ :)

(ലേബല്‍ വെച്ചത്‌ നന്നായി)

ഇഗ്ഗോയ് /iggooy said...

ഒരു തരിപ്പ് ഇവിടേം കേറുന്നുണ്ട്

Unknown said...

നേരത്തെ വായിച്ച കഥയ്ക്ക് പറഞ്ഞ അഭിപ്രായം തന്നെ,

കഥ പെരുത്തിഷ്ടമായ്..!

ചെറുത്* said...

കൊള്ളാം...... ചെറുതിനും ഇഷ്ടപെട്ടു :)

ദിവസേനെ പോസ്റ്റിട്ടാല്‍ നല്ല കഥകള് പലതും ആരും കാണാതെ മുങ്ങിപോകുംട്ടാ. നാലാള് കേറി കഥവായിച്ച് സായൂജ്യമടയട്ടെ ഭായ്.