Saturday, June 11, 2011

അമ്മുക്കുട്ടി അതു പറയില്ല















ലാബ് അറ്റന്‍ഡര്‍ മേരിയുടെ നാവില്‍ നിന്നാണ് ആദ്യം അതു പൊട്ടിവീണത്. “എന്റീശോയേ, നേരാണോ ഈ കേക്കുന്നേ..? ഈ പെങ്കൊച്ചിനെന്നാ പറ്റി.? അതും പരീക്ഷയടുത്ത ഈ നേരത്ത് , ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്..?” കലാലയത്തിന്റെ രോമാഞ്ചമായ അമ്മുക്കുട്ടിയെന്ന ചിത്രശലഭം പാതിവഴിയില്‍ ബിരുദപഠനം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത എണ്ണമറ്റ അവളുടെ കാമുകന്മാരുള്‍പ്പെടെ കാമ്പസ്സിലെ ഓരോ മണല്‍ത്തരിയും ഞെട്ടലോടെയാണ് സ്വീകരിച്ചത്. നിമിഷങ്ങള്‍ക്കകം, ‍നിഴലുകള്‍ ചിത്രം വരയ്ക്കുന്ന ഇടനാഴികളിലും പുരാതനമായ പിരിയന്‍കോണിച്ചുവട്ടിലും ഒരു ചൂടുള്ള ചര്‍ച്ചയായി അവള്‍ മാറി.!

അമ്മുക്കുട്ടി തീര്‍ത്തും നിസ്സംഗയായിരുന്നു.! ഒട്ടും വായിച്ചെടുക്കാനാവാത്ത ഒരു ചെറുപുഞ്ചിരിയോടെ അവള്‍ എല്ലാവരെയും നേരിട്ടു.! ക്ലാസ്സിലും ഒരു വിളിപ്പാടകലെയുള്ള ഹോസ്റ്റല്‍ മുറിയിലും അവളുടെ സന്തതസഹചാരിയായ മീരാ കൃഷ്ണനു നേരേയാണ് സ്വാഭാവികമായും കൂടുതല്‍ പുരികങ്ങളുയര്‍ന്നത്..! എന്നാല്‍, ‘എനിക്കറിയില്ല’ എന്ന് അവളും ഒഴിഞ്ഞുമാറുകയായിരുന്നു.! ആത്മസുഹൃത്തിന്റെ വേര്‍പാടിലുള്ള വേദന, വിഷാദം തളം കെട്ടിയ അവളുടെ കണ്ണുകള്‍ മറച്ചുവെച്ചതുമില്ല.! ‍

അമ്മുക്കുട്ടിയുടെ അംഗീകൃതകാമുകനും കവിയുമായ ഇംഗ്ലീഷ് എം.എ. ക്ലാസ്സിലെ ബി. ഉണ്ണിക്കൃഷ്ണനും അപ്രതീക്ഷിതമായുണ്ടായ ഈ വിരഹതാപത്തെ തന്റെ മുഖത്തു നിന്ന് മായ്ച്ചുകളയാന്‍ കഴിയുമായിരുന്നില്ല.! എത്ര ചോദിച്ചിട്ടും, ദുരൂഹമായ ഒരു പുഞ്ചിരിയില്‍ എല്ലാമൊതുക്കി അവനെ തോല്പിച്ചുകൊണ്ട് ഒരു ചെറുകാറ്റു പോലെ അവള്‍ കടന്നു പോയി.!

മറ്റു കാമുകന്മാരുടെയും സുഹൃത്തുക്കളുടെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ‘രസതന്ത്ര’ത്തിലെ അദ്ധ്യാപകരാകട്ടെ, തങ്ങളുടെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിനി നഷ്ടപ്പെടുന്നതിന്റെ വിഷമം സഹപ്രവർത്തകരുമായി പങ്കുവെച്ചു.! അമ്മുക്കുട്ടിയുടെ നിരാശാജനകമായ തീരുമാനത്തിന്റെ രസതന്ത്രം അവര്‍ക്കും വഴങ്ങുന്നതായിരുന്നില്ല.! കൂട്ടുകാരുടെ യാത്രയയപ്പിനു പോലും ഇടനല്‍കാതെ ഓഫീസിലെയും ലൈബ്രറിയിലെയും കണക്കുകള്‍ പെട്ടെന്നു തീര്‍ത്ത് ഉച്ചയ്ക്കുമുന്‍പേ, അവള്‍ ഹോസ്റ്റല്‍ മുറിയിലേയ്ക്കു മടങ്ങി.!

മൂന്നു മണിയോടെ, ഒരു ടാക്സിക്കാര്‍ ലേഡീസ് ഹോസ്റ്റലിനു മുന്നിലെത്തി, ശീതളമായ ആ മഹാഗണിത്തണലില്‍ വിശ്രമിച്ചു. ഷൊർണ്ണൂരിലെ വീട്ടില്‍ നിന്ന് അമ്മുക്കുട്ടിയുടെ ജ്യേഷ്ഠസഹോദരന്‍ രമേശനായിരുന്നു അവളെ കൂട്ടാനെത്തിയത്. അമ്മുക്കുട്ടിയുടെ മനോഗതം പിടികിട്ടാത്തതിന്റെ അസ്വസ്ഥത അയാളുടെ മുഖത്തും പ്രകടമായിരുന്നു.! അയാള്‍ തന്നെയാണ് ബാഗുകളും മറ്റും ഡിക്കിയിലെടുത്തുവച്ചതും.‍

ക്ലാസ്സിലെ സഹപാഠികളെല്ലാം കാറിനു സമീപം അവളെക്കാത്തു നിന്നു. മൌനത്തിലമര്‍ന്ന ഒരു യാത്രാമൊഴി എല്ലാവരുടെയുമുള്ളില്‍ മുഴങ്ങിക്കൊണ്ടിരുന്നു.! പിന്നീട്, ചുണ്ടില്‍ പുഞ്ചിരിയുമായി അമ്മുക്കുട്ടി പടവുകളിറങ്ങിവന്നു. മേട്രന്റെ അനുവാദത്തോടെ ഹോസ്റ്റലിനു മുന്നിലെ പൂന്തോട്ടത്തില്‍ നിന്ന് അവള്‍ ഒരു റോസാപ്പൂവിറുത്തു.! പിന്നെ, കൈവീശി, കാറില്‍ക്കയറി യാത്രയായി.!.

അടുത്തദിവസം രാവിലെ, മീരാകൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ തന്റെ ‍മുറിയുടെ വാതില്‍ തുറക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് കുട്ടികള്‍ വിവരം മേട്രനെ അറിയിക്കുകയുണ്ടായി.! പിന്നീട്, വാതില്‍ ബലം പ്രയോഗിച്ച് തുറക്കപ്പെട്ടു. എല്ലാ‍വരെയും ഞെട്ടിച്ചു കൊണ്ട് , ആ പെണ്‍കുട്ടി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു..!

10 comments:

Marykkutty said...

manassilayilla...

Unknown said...

അതുതന്നെ... ഒന്നും മനസ്സിലായില്ല :)

Blog Settings > Comments > Comment Form Placement > Embedded below post
എന്നാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

ponmalakkaran | പൊന്മളക്കാരന്‍ said...

എന്താ.. പിരിയാ.....

ചെറുത്* said...

സുന്ദരമായി പറഞ്ഞുവന്നു കഥ. എല്ലാം ഒകെ.
പക്ഷേ അവസാന ഭാഗത്ത് പ്രതീക്ഷിച്ചിരുന്നൊരു സസ്പെന്‍സ്.......അത് ശരിക്കങ്ങോട്ട് കത്തിയില്ല. ആ ഭാഗം വായനക്കാരന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കഥമൊത്തത്തില്‍ മനസ്സിലായില്ല എന്ന് തന്നെ പറയേണ്ടി വരും.

സത്യത്തില്‍ എന്തിനാ അമ്മുകുട്ടി പഠിത്തം നിര്‍ത്തീത്.
എന്തിനാ മീര ഫാനില്‍ തൂങ്ങിയത്. ഇത് രണ്ടും ഇപ്പഴും അവ്യക്തം.

ഇത് കഥ ആണെങ്കില്‍ മാത്രമേ ഇതിനുള്ള ഉത്തരം ജിഗുവിന്‍‌റെ കയ്യിലുണ്ടാകാന്‍ ഇടയുള്ളൂ. മറിച്ച് അനുഭവം ആണെങ്കില്‍ അത് മനസ്സിലാകുന്ന പോലെ അവസാനിപ്പിക്കേണ്ടിയിരുന്നു :(

JIGISH said...

അമ്മുക്കുട്ടി അതു പറയില്ല.. അതുകൊണ്ട്, എനിക്കും മനസ്സിലായില്ല..! പറഞ്ഞാലോ, കഥയിൽ പിന്നെ കഥയില്ല.! ഹിഹി..

ചെറുത്* said...

ഉവ്വ.
അമ്മുകുട്ടി പോട്ടെന്ന് വക്കും. സൌകര്യണ്ടേല്‍ പാറഞ്ഞാമതി. പക്ഷേ മീര. അവള്‍ക്കെന്തോ ആയിരുന്നു. അതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഐ പി സി അഞ്ഞൂറ്റി ചില്വാനം വകുപ്പ് പ്രകാരം യ്യ് കുടുംങ്ങും കോയ. നോക്കിക്കോ :പ്

Unknown said...

സുന്ദരഭാഷ കയ്യിലുണ്ട്, അതുവഴി അവതരണഭംഗിയും കഥയ്ക്ക് സ്വന്തം.

അമ്മുക്കുട്ടി പറയാതെ പറഞ്ഞത് വായനക്കാര്‍ക്ക് വിട്ട് കൊടുത്തത് നല്ലൊരു ശ്രമമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ആശംസാസ്..

ഇഗ്ഗോയ് /iggooy said...

ആശാനെ അമ്മുക്കുട്ടി പറഞ്ജ്നില്ല.
പക്ഷെ മീര കാണിച്ചു തന്നതുകൊണ്ട് എനിക്ക് മനസ്സിലായി.
(ഹോംസിനോടാ കളി!)
പോകുമ്മുമ്പ് ചിരിച്ചും കൊണ്ട് ആ പൂവിറുത്തത്? ഉം.
മനസ്സിലായി.

സീത* said...

അമ്മുക്കുട്ടി എന്തിനാ പഠിത്തം നിർത്തിയത്? എന്തിനാ പൂവിറുത്തത്? മീരയെന്തിനാ ആത്മഹത്യ ചെയ്തത്..

ഋതുസഞ്ജന said...

ഒന്നും മനസ്സിലായില്ല :) അമ്മുക്കുട്ടി എന്തിനാ പഠിത്തം നിർത്തിയത്? എന്തിനാ പൂവിറുത്തത്? മീരയെന്തിനാ ആത്മഹത്യ ചെയ്തത്.